സുഡാനിലെ കളിമണ്‍പാത്ര ഫാക്ടറിയില്‍ സ്‌ഫോടനം; മരിച്ചവരില്‍ 18 ഇന്ത്യക്കാരും

സുഡാനിലെ കളിമണ്‍പാത്ര ഫാക്ടറിയില്‍ ഉണ്ടായ എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിയില്‍ 18 ഇന്ത്യക്കാരടക്കം 23 പേര്‍ മരിച്ചു. സുഡാനിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ബിഹാര്‍, യു.പി, രാജസ്ഥാന്‍, ഗുജറാത്ത്, തമിഴ്‌നാട് സ്വദേശികളാണ് മരിച്ചവര്‍. അപകടത്തില്‍പ്പെട്ടവരില്‍ മലയാളികള്‍ ആരുമില്ലെന്നാണ് പ്രാഥമിക വിവരം.സ്‌ഫോടനത്തിന് പിന്നാലെ 16 ഇന്ത്യക്കാരെ കാണാതായിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.

സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തോമിലുള്ള സീലാ സെറാമിക് ഫാക്ടറിയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ 130 പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. മരിച്ചവരില്‍ 18 പേര്‍ ഇന്ത്യക്കാരാണെന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് എംബസി അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാല്‍ കഴിയാത്തതിനാല്‍ മരണസംഖ്യ സംബന്ധിച്ച സ്ഥിരീകരണം ഇനിയും വൈകിയേക്കും.

പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെയും കാണാതായവരുടെയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടവരുടെയും പട്ടിക ഇന്ത്യന്‍ എംബസി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. പൊള്ളലേറ്റ് ഏഴ് ഇന്ത്യക്കാരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട 34 ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നും എംബസി വ്യക്തമാക്കി.

SHARE