പെരിന്തല്‍മണ്ണ:നഗരമധ്യത്തില്‍ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടുത്തം. മണ്ണാര്‍ക്കാട് റോഡിലെ ഷാജഹാന് ടി.വി. ആന്റ് ഫ്രിഡ്ജ് ഹൗസ് എന്ന സ്ഥാപനത്തിലാണ് തിങ്കളാഴ്ച വൈകീട്ട് 6.35 ഓടെ തീ പടര്‍ന്നത്. തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. അഞ്ച് നില കെട്ടിടത്തിന്റെ അഞ്ചാം നിലയില്ന്നും കറുത്ത പുക ഉയരുന്നത് കണ്ട് ജീവനക്കാരും മറ്റും പുറത്തേക്ക് ഓടുകയായിരുന്നു. മുകളിലെ നിലയില്‍ കൂട്ടിയിട്ടിരുന്ന കടലാസ് പെട്ടികള്‍ക്കാണ് ആദ്യം തീപിടിച്ചത്. പെരിന്തല്‍മണ്ണ അഗ്നി ശമനാ സേനയുടെ രണ്ട് യൂണിറ്റ് ഉടന്‍ സ്ഥലത്തെത്തി. തീ അണക്കാനുള്ള ശ്രമം ആരംഭിച്ചെങ്കിലും വിഫലമായി. അകത്ത് നിന്നും ഇടക്ക് പൊട്ടി തെറിക്കുന്ന ശബ്ദങ്ങളുണ്ടായത് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു.

കോഴിക്കോട് പാലക്കാട് ദേശീയ പാത രക്ഷാ ദൗത്യത്തിനായി അടച്ചു. ഓടിക്കൂടിയ ജനത്തെ നിയന്ത്രിക്കാന്‍ പെരിന്തല്‍മണ്ണ പൊലീസും ട്രോമാ കെയര്‍ പ്രവര്‍ത്തകരും ഏറെ ബുദ്ധി മുട്ടി. സമീപത്തെ കെട്ടിടങ്ങളിലേക്ക് കൂടി ചെറിയതോതില്‍ തീ പടര്‍ന്നു തുടങ്ങി. 7.20 ഓടെ മലപ്പുറത്ത് നിന്നും അതി ശക്തമായി വെള്ളം പമ്പു ചെയ്യാന്‍ ശേഷിയുള്ള പ്രത്യേക മൊബൈല്‍ ടാങ്കര്‍ യൂണിറ്റ് എത്തിയ ശേഷമാണ് തീ നിയന്ത്രണ വിധേയമായത്. തുടര്‍ന്ന് പ്രത്യേക കവചം ധരിച്ച അഗ്നിശമനാ സേനാംഗങ്ങള്‍ കെട്ടിടത്തിനകത്തു കയറി അകത്തെ തീ അണക്കാനുള്ള ശ്രമം തുടര്‍ന്നു.

അപ്പോഴേക്കും മുകളിലെ രണ്ട് നിലകളില്‍ പൂര്‍ണമായും തീ പടര്‍ന്നിരുന്നു. കെട്ടിടത്തിന്റെ പുറക് വശത്തേക്ക് തീ പടര്‍ന്നത് നിയന്ത്രിക്കാന്‍ കെട്ടിടത്തിന്റെ പുറകിലേക്ക് അഗ്നിശമനാ സേനയുടെ ഒരു യൂണിറ്റിനെ എത്തിച്ചു. പെരിന്തല്‍മണ്ണ, മലപ്പുറം, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിശമനാ സേനയുടെ 9 യൂണിറ്റുകളുടെ കൂട്ടായ പരിശ്രമ ഫലമായി രാത്രി ഒമ്പതരയോടെയാണ് തീ പൂര്‍ണമായും നിയന്ത്രിക്കാനായത്. നാശനഷ്ടം വിലയിരുത്തിയിട്ടില്ല. ചമയം ടെക്സ്റ്റൈല്‍സ് ഉടമ ചമയം ബാപ്പുവിന്റെ ഉടമസ്ഥതയിലാണ് സ്ഥാപനം. തീ പിടുത്തമുണ്ടായ കെട്ടിടത്തിന്റെ സമീപത്തായി സബ് ജയില്‍, ടൂറിസ്റ്റ് ഹോം, പൊലീസ് സ്റ്റേഷന് മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയും സ്ഥിതി ചെയ്യുന്നുണ്ട്. മഞ്ഞളാംകുഴി അലി എം.എല്‍.എ, പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്പെക്ടര്‍ വി ബാബുരാജ്, എസ്.ഐ മഞ്ജിത്ത്ലാല്‍, ഫയര്‍ സ്റ്റേഷന് ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
