എല്ലാം അവസാനിപ്പിച്ചിട്ടും തനിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ അവസാനിക്കുന്നില്ല; ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങുന്നുവെന്ന് ഫിറോസ് കുന്നംപറമ്പില്‍


തിരുവനന്തപുരം: അപവാദപ്രചരണങ്ങളെത്തുടര്‍ന്ന് എല്ലാം അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം കൂടാനാഗ്രഹിച്ചിട്ടും തനിക്കെതിരെയുള്ള സൈബര്‍ ആക്രമണം അവസാനിക്കുന്നില്ലെന്നും അതിനാല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആംരഭിക്കുകയാണെന്ന് ഫിറോസ് കുന്നംപറമ്പില്‍. സോഷ്യല്‍ മീഡിയയിലെ ഇടപെടലിലൂടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന പാലക്കാട് സ്വദേശിയായ ഫിറോസ് കുന്നപറമ്പിലെതിരെ സാമ്പത്തിക തട്ടിപ്പടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ആരോപണങ്ങള്‍ ഉയര്‍ന്നതോടെ 2019 ഡിസംബറിലാണ് ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ഫിറോസ് കുന്നംപമ്പറമ്പില്‍ ഫേസ് ബുക്ക് ലൈവിലൂടെ വ്യക്തമാക്കിയത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ താങ്ങാന്‍ കഴിയാത്ത തരത്തിലുള്ളതാണെന്നായിരുന്നു ഫിറോസ് പറഞ്ഞത്. സമൂഹത്തിന് നല്ലത് ചെയ്യാന്‍ വേണ്ടി മാത്രമാണ് ശ്രമിച്ചത്. എന്നാല്‍ നിരന്തരമായി ഒരു വിഭാഗം അപവാദ പ്രചാരണം നടത്തുകയാണ്. ഇനി ആരും സഹായം അഭ്യര്‍ഥിച്ച് വരരുത് എന്നും മാപ്പ് ചോദിക്കുന്നു എന്നും ഫിറോസ് പറഞ്ഞിരുന്നു.

എന്നാല്‍ എല്ലാം അവസാനിപ്പിച്ചിട്ടും തനിക്കെതിരെയുള്ള സൈബര്‍ ആക്രമണം തുടരുകയാണ്. ഇത്തരക്കാര്‍ക്ക് മുന്നില്‍ ഇനി മാറിനില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. അവസാനിപ്പിടത്ത് നിന്നും തുടരുകയാണെന്ന് ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഫിറോസ് വീണ്ടും ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി എത്തുകയാണെന്ന് വ്യക്തമാക്കിയത്.

SHARE