ഖത്തറില്‍ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു

ഖത്തറില്‍ ആദ്യത്തെ കൊറോണ വൈറസ്(കോവിഡ്19) മരണം സ്ഥിരീകരിച്ചു. പൊതുജനാരോഗ്യ മന്ത്രാലയമാണ് ആദ്യത്തെ മരണം സ്ഥിരീകരിച്ചത്. വിട്ടുമാറാത്ത രോഗങ്ങളാല്‍ പ്രയാസം നേരിട്ടിരുന്ന 57 വയസുകാരനായ ബംഗ്ലാദേശ് സ്വദേശിയാണ് കോവിഡ് ബാധിച്ച് മരിച്ചത്. മാര്‍ച്ച് പതിനാറിനാണ് ഇദ്ദേഹത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്.

ഉടന്‍തന്നെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചശേഷം ആവശ്യമായ വൈദ്യചികിത്സയും പരിചരണവും ലഭ്യമാക്കിയിരുന്നു. മരണപ്പെട്ടയാളുടെ കുടുംബത്തിന് പൊതുജനാരോഗ്യ മന്ത്രാലയം അനുശോചനം അറിയിച്ചു. ഇന്നലെ 28 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 590 ആയി. ഇന്നലെ രണ്ടു പേര്‍ കൂടി കോവിഡ് മുക്തരായി. ഇതുവരെ 45 പേരാണ് കോവിഡ് മുക്തരായത്. രാജ്യത്ത് ഇതുവരെ 16,582 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. രോഗം പുതിയതായി സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കംപുലര്‍ത്തിയിരുന്നവരെ പരിശോധിക്കുന്നതിനും ക്വാറന്റൈനിലേക്കു മാറ്റുന്നതിനുമുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നുണ്ട്.

SHARE