അബദ്ധത്തില്‍ കടലില്‍ വീണു: മത്സ്യത്തൊഴിലാളി നീന്തിയത് 17 മണിക്കൂര്‍

ആലപ്പാട്: അബദ്ധത്തില്‍ കാലുതെന്നി കടലില്‍ വീണ മത്സ്യത്തൊഴിലാളി നീന്തിയത് 17 മണിക്കൂര്‍. ആലപ്പാട്ടെ മത്സ്യത്തൊഴിലാളി സാമുവലാണ് കടല്‍ നീന്തി രക്ഷപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.

വെള്ളിയാഴ്ച രാത്രി പന്ത്രണ്ടോടെയാണ് പത്ത് തൊഴിലാളികളുമായി ബോട്ടില്‍ സാമുവല്‍ മത്സ്യബന്ധനത്തിനായി നീണ്ടകരയില്‍നിന്ന് കടലിലേക്കു പോയത്. ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെ കായംകുളം ഹാര്‍ബറിന് പടിഞ്ഞാറ് ഉള്‍ക്കടലില്‍ പ്രാഥമിക കൃത്യത്തിനിടെയാണ് ബോട്ടില്‍നിന്നു തെന്നി കടലില്‍ വീണത്. ബോട്ട് ഓടുകയായതിനാല്‍ കൂടെയുണ്ടായിരുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടതുമില്ല. മറ്റ് ബോട്ടുകാരുടെ കണ്ണില്‍പ്പെടാനായി ഒരു മണിക്കൂറോളം സാമുവല്‍ വീണിടത്തുതന്നെ നീന്തിക്കിടന്നുവെങ്കിലും രക്ഷയുണ്ടായില്ല.

പകലായതോടെ കര ലക്ഷ്യമാക്കി നീന്തി. 16 നോട്ടിക്കല്‍ മൈല്‍ ദൂരത്തുനിന്ന് എട്ട് നോട്ടിക്കല്‍ മൈല്‍ ദൂരത്തോളം കുറേശ്ശെയായി നീന്തി. സന്ധ്യ കഴിഞ്ഞിട്ടും ക്ഷീണിതനായിട്ടും മനസാന്നിദ്ധ്യം കൈവിട്ടില്ല. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ‘യേശു ആരാധ്യന്‍’ എന്ന ബോട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. അവര്‍ എറിഞ്ഞുകൊടുത്ത കയറില്‍ പിടിച്ച് സാമുവല്‍ രക്ഷാബോട്ടില്‍ കയറി. രാത്രി ഒരു മണിയോടെ ബോട്ട് നീണ്ടകരയിലെത്തി. പ്രാഥമികശുശ്രൂഷകള്‍ക്കായി സാമുവലിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഭാര്യ റീജ, മക്കളായ അഖില്‍, അവന്തിക എന്നിവരോടൊപ്പം ആദിനാട് ആറ്റുപറമ്പില്‍ സ്‌നേഹതീരം സുനാമി കോളനിയിലാണ് സാമുവലിന്റെ താമസം.

SHARE