പ്രകൃതിയെ സംരക്ഷിച്ചുനിര്‍ത്താന്‍

അഡ്വ. കെ. രാജു

വനങ്ങള്‍ പ്രകൃതിയുടെ നിലനില്‍പ്പിന്റെ അനുപേക്ഷണീയ ഘടകങ്ങളാണെന്ന തിരിച്ചറിവ് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സാര്‍വദേശീയ സാഹചര്യത്തിലാണ് ഇന്ന് വനദിനം കടന്നുവരുന്നത്. ഇത്തവണത്തെ സന്ദേശം ‘വനങ്ങളും ജൈവ വൈവിധ്യവും’ എന്നതാണ്. നമ്മുടെ വനസമ്പത്തും തണ്ണീര്‍തടങ്ങളും സമുദ്രവുമെല്ലാം ജൈവ വൈവിധ്യങ്ങളുടെ വിശാലമായ കലവറകളാണ്. ഒരു പ്രത്യേക ചുറ്റളവിലുള്ള ആവാസ വ്യവസ്ഥയില്‍ എത്രതരം ജീവരൂപങ്ങള്‍ കാണപ്പെടുന്നു എന്നതാണ് ജൈവവൈവിധ്യമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഭൂമണ്ഡലത്തിലെ സകല ജീവജാലങ്ങളെയും അവയുടെ ആവാസ വ്യവസ്ഥയെയും പൊതുവായി സൂചിപ്പിക്കാനും ഈ പദം ഉപയോഗിക്കാറുണ്ട്. മനുഷ്യനും സസ്യ-ജന്തുജാലങ്ങളും മുതല്‍ സൂക്ഷ്മ ജീവികളും വായുവും മരങ്ങളും ജലാശയങ്ങളുമെല്ലാം ഉള്‍ക്കൊള്ളുന്ന ജീവലോകത്തിന്റെ സമഗ്രതയാണ് ജൈവവൈവിധ്യമെന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഭക്ഷണവുമെല്ലാം ജൈവവൈവിധ്യവുമായി ബന്ധപ്പെട്ടതാണ്. മാനവരാശിയുടെ സുഗമമായ നിലനില്‍പ്പിന്റെ അടിസ്ഥാനങ്ങളിലൊന്ന് ജൈവ വൈവിധ്യങ്ങളുടെ നിലനില്‍പ്പാണെന്ന് പറയാം. കോടാനുകോടി വര്‍ഷങ്ങളിലെ പ്രകൃതി പ്രതിഭാസങ്ങളുടെയും ജൈവപരിണാമങ്ങളിലൂടെയും രൂപപ്പെട്ടതാണ് ജൈവസമ്പത്ത്. അവ ഇന്ന് പലതരത്തിലുള്ള ഭീഷണികളും നേരിടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

ജൈവവൈവിധ്യം സംരക്ഷിച്ചുനിര്‍ത്തുന്നതില്‍ വനങ്ങള്‍ വഹിക്കുന്ന പങ്ക് അമൂല്യമാണ്. വനസമ്പത്തിനുനേരെ ഉയരുന്ന ഏതൊരു ഭീഷണിയും ജൈവവൈവിധ്യങ്ങളുടെ കലവറക്കുനേരെ ഉയരുന്ന ഭീഷണികൂടിയാണ്. വനനശീകരണം, കാട്ടുതീ, വന്യമൃഗവേട്ട തുടങ്ങിയവയാണ് വനസമ്പത്തിന്‌നേരെ ഉയരുന്ന ഭീഷണികള്‍. കാട്ടുതീയില്‍പെട്ട് ഏക്കര്‍ കണക്കിന് വനഭൂമികള്‍ കത്തിയമരുമ്പോള്‍ നശിച്ചുപോകുന്നത് വിവരിക്കാനാവാത്ത ജീവജാതികളും ജൈവകലവറകളുമാണ്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ആമസോണ്‍ കാടുകളില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ അന്താരാഷ്ട്ര തലത്തില്‍തന്നെ വലിയ ചര്‍ച്ചയായിരുന്നു. ഇത്തരം ദുരന്തങ്ങള്‍കൊണ്ട് ചില ജീവിവര്‍ഗങ്ങള്‍ തന്നെ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാവുന്ന സാഹചര്യം ഉണ്ടാവാറുണ്ട്. വനങ്ങള്‍ ജലസുരക്ഷയുടെ കാവല്‍ക്കാര്‍കൂടിയാണ്. ആധുനിക സമൂഹത്തില്‍ നേരിടുന്ന വലിയ ഭീഷണികളിലൊന്ന് ശുദ്ധ ജല ലഭ്യതക്കുറവാണ്. വേനല്‍ ആരംഭിക്കുമ്പോഴേ ജലാശയങ്ങള്‍ വറ്റിവരണ്ടുപോകുന്നത് പതിവ് കാഴ്ചയാണ്. ഭൂഗര്‍ഭ ജലവിതാനം ക്രമാതീതമായി താണുകൊണ്ടിരിക്കുന്നതായി വിദഗ്ധര്‍ പറയുന്നു.

മണ്ണിന്റെ ജലാര്‍ദ്രതയെ നിലനിര്‍ത്തുന്നതില്‍ മരങ്ങള്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. അതിവര്‍ഷമായി ഭൂമിയിലേക്ക് പതിക്കുന്ന ജലകണങ്ങളെ ഏറ്റുവാങ്ങി പതിയെ മണ്ണിലേക്കിറക്കുന്നത് വനാവരണമാണ്. അവ നശിച്ചുപോയാല്‍ ജലസമ്പത്തിനെ നിലനിര്‍ത്താന്‍പോലും കഴിയാതെ വരും. വില കണക്കാക്കിയാല്‍ ലോകത്തെ ഏതു വിലപിടിച്ച വസ്തുവിനേക്കാളും വിലവരുന്ന ഒന്നാണ് കാടും മരങ്ങളും നല്‍കുന്ന ശുദ്ധവായു. അതിന്റെ മൂല്യം പലരും തിരിച്ചറിയുന്നില്ല. അതിന് പകരംവെക്കാന്‍ മറ്റൊന്നില്ലതാനും.

ജൈവ വൈവിധ്യത്തിന്റെ അതിവിശാലമായ മറ്റൊരു സ്രോതസാണ് കണ്ടല്‍ കാടുകള്‍. വിവിധ പാരിസ്ഥിതിക ധര്‍മ്മങ്ങളാണ് കണ്ടല്‍ വനങ്ങള്‍ നിര്‍വഹിക്കുന്നത്. കടല്‍ തീരങ്ങളുടെ സംരക്ഷണം, ജീവികളുടെ പ്രജനന സ്ഥാനം, ചെറുജീവികളുടെ സുരക്ഷിതമായ ആവാസവ്യവസ്ഥ പ്രദാനം ചെയ്യല്‍, ദേശാടന പക്ഷികളുടെ താല്‍ക്കാലിക വാസസ്ഥാനം, ഓക്‌സിജന്‍ ഉത്പാദനം അങ്ങനെ നീണ്ടുപോകുന്നു കണ്ടല്‍ കാടുകളുടെ ധര്‍മ്മങ്ങള്‍. ഇവയെല്ലാം സംരക്ഷിക്കാനും കൂടുതല്‍ വിപുലീകരിക്കുന്നതിനുമുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍തന്നെ നടന്നുവരുന്നുണ്ട്. ഐക്യരാഷ്ട്രസഭ 2010-2020 വരെ ജൈവവൈവിധ്യ ദശകമായി ആചരിച്ചുവരികയാണ്.

വനം – വന്യജീവി സമ്പത്തിന്റെ സംരക്ഷണം അനിവാര്യതയായി സ്വീകരിക്കുന്നതില്‍ കേരളീയ സമൂഹം ഏറെ മുമ്പോട്ട്‌പോയിട്ടുണ്ട്. വനവത്കരണ പ്രവര്‍ത്തനങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കാന്‍ കഴിയുന്നുണ്ട്. അതിന്റെ ഭാഗമായി ദേശീയ തലത്തില്‍തന്നെ വനാവരണത്തില്‍ വര്‍ധനവുണ്ടായ സംസ്ഥാനമായി കേരളം മാറി. ഡെറാഡൂണിലെ ഫോറസ്റ്റ് സര്‍വെ ഓഫ് ഇന്ത്യ രാജ്യത്തെ വനങ്ങളെക്കുറിച്ച് സര്‍വെ നടത്തി രണ്ട് വര്‍ഷം കൂടുമ്പോള്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാറുണ്ട്. 2017 ലെ ഇന്ത്യാ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോര്‍ട്ട്പ്രകാരം കേരളത്തിലെ വനാവരണം 1043 ച.കി.മീറ്റര്‍ കൂടിയതായി കണ്ടെത്തി. 2019 ലെ റിപ്പോര്‍ട്ട് പുറത്ത്‌വന്നപ്പോള്‍ കേരളത്തില്‍ 2017 ലേക്കാള്‍ 823 ഹെക്ടര്‍ വര്‍ധനവുണ്ടായതായി രേഖപ്പെടുത്തുന്നു. പരിമിതമായ ഭൂപ്രദേശം മാത്രമായിട്ടുകൂടി തുടര്‍ച്ചയായി നാലാംവര്‍ഷവും വനാവരണത്തില്‍ വര്‍ധനയുണ്ടാക്കി ദേശീയതലത്തില്‍ മൂന്നാം സ്ഥാനത്തെത്താന്‍ കഴിഞ്ഞു. വനങ്ങള്‍ക്ക് അവയുടെ പാരിസ്ഥിതിക ധര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ മുപ്പത് ശതമാനം മാത്രമേ കഴിയുന്നുള്ളൂ എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് ഒട്ടേറെ കാരണങ്ങളുണ്ട്.

അത്തരം തടസ്സങ്ങള്‍ നീക്കി വനങ്ങളുടെ ശേഷി വര്‍ധിപ്പിക്കുന്നതിനായി വനംവകുപ്പ് പരിശ്രമിച്ചുവരികയാണ്. വനത്തിനകത്ത് ഒരുകാലത്ത് നാംതന്നെ വച്ചുപിടിപ്പിച്ച അക്കേഷ്യ, യൂക്കാലിപ്റ്റസ് പോലുള്ള ഏകവിള തോട്ടങ്ങള്‍ സ്വാഭാവിക വനങ്ങളുടെ വളര്‍ച്ചക്കും ജലസംരണത്തിനും വലിയ തടസ്സങ്ങളായിരുന്നു. ഇനിമുതല്‍ ഇത്തരം തോട്ടങ്ങള്‍ വേണ്ടതില്ലെന്ന തീരുമാനം വനം വകുപ്പ് ഏറ്റെടുത്തിരിക്കുകയാണ്. കാലക്രമേണ ഈ പ്രദേശങ്ങളെ സ്വാഭാവിക വനങ്ങളാക്കി മാറ്റും. വനത്തിനകത്ത് നിര്‍മ്മിച്ച തേക്കിന്‍ തോട്ടങ്ങളുണ്ട്. അവയുടെയെല്ലാം ഉത്പാദനക്ഷമതകൂടി പരിശോധിച്ച് ക്രമേണ ഒഴിവാക്കി, സ്വാഭാവിക വനങ്ങളാക്കിമാറ്റുന്നതിനായി പദ്ധതി രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആറ് വനം ഡിവിഷനുകളിലായി പതിമൂന്ന് സ്വകാര്യ എസ്റ്റേറ്റുകള്‍ വനത്തിനകത്ത് സ്ഥിതി ചെയ്യുന്നുണ്ട്. ഇവ സര്‍ക്കാര്‍ ഏറ്റെടുത്ത് വനവിസ്തൃതി വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുകയാണ്. വനത്തിനകത്ത് ഒറ്റപ്പെട്ട തുറസ്സായ സ്ഥലങ്ങളും ജനവാസകേന്ദ്രങ്ങളുമുണ്ട്. അത്തരം പ്രദേശങ്ങളിലെ താമസക്കാരെ വനത്തിന് പുറത്തേക്ക് കൊണ്ടുവരുന്നതിനും പദ്ധതി തയ്യാറാക്കുകയാണ്.

കാട്ടുതീ കേരളത്തിലും ചിലപ്പോഴെങ്കിലും വലിയ പ്രശ്‌നമായി മാറുന്നുണ്ട്. പക്ഷേ അത്തരം സന്ദര്‍ഭങ്ങളിലെല്ലാം ഹെലിക്കോപ്റ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനത്തോടെ പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ ആദ്യമായി 2017 ല്‍ കാട്ടുതീ പ്രതിരോധത്തിനായി പറമ്പിക്കുളത്ത് ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചു. 2019 ല്‍ അട്ടപ്പാടി റെയിഞ്ചില്‍ മുക്കാലി – മല്ലീശ്വരമുടി മേഖലയില്‍ കാട്ടുതീ ഉണ്ടായപ്പോഴും ഹെലിക്കോപ്റ്റര്‍ സഹായത്തോടെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ കാട്ടുതീ പടരുന്നത് മുന്‍കൂട്ടി മനസ്സിലാക്കാന്‍ ഫയര്‍വാണിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

വന്യജീവികളുടെ സംരക്ഷിത മേഖലകളായി അഞ്ച് ദേശീയോദ്യാനങ്ങളും പതിനേഴ് വന്യജീവി സങ്കേതങ്ങളും ഒരു കമ്യൂണിറ്റി റിസര്‍വും സംസ്ഥാനത്തുണ്ട്. അവയില്‍തന്നെ പെരിയാര്‍ കടുവാസങ്കേതം അന്തര്‍ദേശീയ നിലവാരത്തില്‍ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഏറ്റവും നന്നായി പരിപാലിക്കപ്പെടുന്ന കടുവാസങ്കേതത്തിനുള്ള ദേശീയ പുരസ്‌കാരം 2018 ല്‍ പെരിയാര്‍ കടുവാ സങ്കേതത്തിനു ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച സാമൂഹ്യാധിഷ്ഠിത ഇക്കോ ടൂറിസം പദ്ധതിക്കായി ഏര്‍പ്പെടുത്തിയ സ്‌കാല്‍ അന്തര്‍ദേശീയ പുരസ്‌കാരവും പെരിയാര്‍ കടുവാ സങ്കേതത്തിനായിരുന്നു.

ജൈവവൈവിധ്യത്തിന്റെ ശൃംഖലയില്‍ അവഗണിക്കാനാവാത്ത സ്ഥാനമുണ്ട് ചിത്രശലഭങ്ങള്‍ക്ക്. ബുദ്ധമയൂരി എന്ന പശ്ചിമഘട്ടത്തിന്റെ തനത് ശലഭത്തെ സംസ്ഥാന ചിത്രശലഭമായി പ്രഖ്യാപിച്ചു. വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഈ ചിത്രശലഭത്തിന്റെ സംരക്ഷണം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. വനസമ്പത്തിനെയും വനാശ്രിത വിഭവങ്ങളെയും പരിപാലിച്ചു കൊണ്ടേ മനുഷ്യസമൂഹത്തിന് നിലനില്‍പ്പുള്ളൂ എന്ന വസ്തുത അനുദിനം ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവുമെല്ലാം യാഥാര്‍ത്ഥ്യങ്ങളായി മാറിക്കഴിഞ്ഞു. അതിന്റെ ദുരിതങ്ങളാണ് ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ജനകീയ ബോധവത്കരണത്തിലൂടെ മാത്രമേ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ കഴിയൂ. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകാന്‍ വനദിന ചിന്തകള്‍ വഴികാട്ടിയാവും.
(സംസ്ഥാന വനം വകുപ്പുമന്ത്രിയാണ്
ലേഖകന്‍)

SHARE