ടീമില്‍ ഇടംകിട്ടിയില്ല; മുന്‍ ക്രിക്കറ്റ് താരത്തിന്റെ മകന്‍ ആത്മഹത്യ ചെയ്തു

കറാച്ചി: ടീമില്‍ ഇടംകിട്ടാത്തതില്‍ മനംനൊന്ത് മുന്‍ ക്രിക്കറ്റ് താരത്തിന്റെ മകന്‍ ആത്മഹത്യ ചെയ്തു. മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം അമീര്‍ ഹാനിഫിന്റെ മകന്‍ മുഹമ്മദ് സര്യാബ് ആണ് ആത്മഹത്യ ചെയ്തത്. കറാച്ചി അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് വിവരം. തൊണ്ണൂറുകളില്‍ അഞ്ച് ഏകദിന മത്സരങ്ങളില്‍ പാക്കിസ്ഥാന്‍ ജേഴ്‌സി അണിഞ്ഞ അമീര്‍ ഹാനിഫിന്റെ മൂത്ത മകനാണ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ മുഹമ്മദ് സര്യാബ്.

ഈ വര്‍ഷം ജനുവരിയില്‍ ലാഹോറില്‍ നടന്ന അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ കറാച്ചി ടീമിനായി കളിക്കാന്‍ സരിയാബ് എത്തിയിരുന്നു. എന്നാല്‍ ഇതിനിടയില്‍ പരിക്കേറ്റ താരത്തോട് തിരിച്ച് വീട്ടിലേക്ക് മടങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു.

എന്നാല്‍ പരിക്ക് നിസാരമായതിനാല്‍ സരിയാബ് മടങ്ങാന്‍ തയ്യാറായില്ല. കളിക്കാന്‍ സാധിക്കുമെന്ന് ആത്മവിശ്വാസവും പ്രകടിപ്പിച്ചു. എന്നാല്‍ പ്രായം 19 വയസ്സിന് മുകളിലായെന്ന കാരണം ചൂണ്ടിക്കാട്ടി സരിയാബിനെ കളിക്കാന്‍ അനുവദിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്ന് താരം ഏറെ അസ്വസ്ഥനായിരുന്നു. അതേസമയം തന്റെ മകനെ ടീം കോച്ചും മറ്റുള്ളവരും ചേര്‍ന്ന് ആത്മഹത്യയിലേക്ക് തള്ളിവിട്ടതാണെന്ന് അമീര്‍ ഹാനിഫ് ആരോപിച്ചു.

SHARE