ടിക്‌ടോക് നിരോധനം; പ്രതികരണവുമായി ടിക്് ടോക് താരം ഫുക്രു

കൊല്ലം: ടിക് ടോക് നിരോധിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രശസ്ത ടിക് ടോക് താരം ഫുക്രു. നിരോധിച്ചതില്‍ ചെറിയ വിഷമമുണ്ടെന്ന് ഫുക്രു പറഞ്ഞു. കൊല്ലം സ്വദേശിയാണ് ഫുക്രു എന്ന പേരില്‍ അറിയപ്പെടുന്ന ജീവന്‍ദേവ്.

ടിക് ടോക് നിരോധിച്ചതില്‍ ചെറിയ വിഷമമുണ്ട്. എന്നാല്‍ രാജ്യസുരക്ഷക്കാണ് സര്‍ക്കാര്‍ നടപടി. അതുകൊണ്ട് കൂടെ നില്‍ക്കുമെന്ന് ഫുക്രു പറഞ്ഞു. ഇപ്പോള്‍ മറ്റു മേഖലയിലേക്ക് പോകുന്നില്ലെന്നും താരം പറഞ്ഞു.

ഐടി ആക്ടിന്റെ 69 എഎ വകുപ്പ് പ്രകാരമാണ് ടിക് ടോക് അടക്കമുള്ള ആപ്ലിക്കേഷനുകള്‍ നിരോധിച്ചത്. രാജ്യസുരക്ഷക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകള്‍ എന്നാണ് കേന്ദ്ര ഐടി വകുപ്പിന്റെ വിശദീകരണം. രാജ്യത്തിന്റെ പ്രതിരോധസംവിധാനത്തെയും, സുരക്ഷയെയും ക്രമസമാധാന സംവിധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകള്‍ എന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വിവരങ്ങള്‍ ചൈനയടക്കം ഒരു വിദേശരാജ്യത്തിനും കൈമാറുന്നില്ലെന്ന് ടിക്‌ടോക് വിശദീകരിച്ചു. നിരോധനത്തിന് ശേഷമുള്ള ടിക് ടോക്കിന്റെ ആദ്യ പ്രതികരണമാണിത്. കേന്ദ്രസര്‍ക്കാരിന് ഉടന്‍ വിശദീകരണം നല്‍കുമെന്നും ടിക്‌ടോക് അറിയിച്ചു.

ഡിജിറ്റല്‍ മാര്‍ക്കറ്റില്‍ മുന്നേറ്റനിരയിലുള്ള ഇന്ത്യയില്‍ പക്ഷേ, ആപ്ലിക്കേഷനുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന 130 കോടി ഇന്ത്യന്‍ പൗരന്‍മാരുടെ സുരക്ഷയെ കണക്കിലെടുക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

SHARE