പൗരത്വ നിയമ ഭേദഗതി: വീട്ടിലെത്തിയ കേന്ദ്രമന്ത്രിയോട് വിയോജിപ്പ് തുറന്ന് പറഞ്ഞ് ജോര്‍ജ്ജ് ഓണക്കൂര്‍

തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാനത്തെ ഗൃഹസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി വീട്ടില്‍ എത്തിയ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനോട് പൗരത്വ നിയമഭേദഗതിയോടുള്ള വിയോജിപ്പ് അറിയിച്ച് സാഹിത്യകാരന്‍ ജോര്‍ജ്ജ് ഓണക്കൂര്‍. ഒരു മതവിഭാഗത്തെ ഒഴിവാക്കി ആറ് മതങ്ങളെ മാത്രം ഉള്‍പ്പെടുത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഓണക്കൂര്‍ കേന്ദ്രമന്ത്രിയെ അറിയിച്ചു.

ജോര്‍ജ് ഓണക്കൂരിന്റെ വീട്ടിലായിരുന്നു കിരണ്‍ റിജിജുവിന്റെ ആദ്യ ജനസമ്പര്‍ക്ക പരിപാടിയുടെ തുടക്കം. ആദ്യ സന്ദര്‍ശനത്തില്‍ തന്നെ എതിര്‍പ്പ് നേരിടേണ്ടി വന്നത് തുടക്കം പാളി എന്ന് വിലയിരുത്തേണ്ടി വരും. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് കേന്ദ്രമന്ത്രി വിശദീകരിച്ചപ്പോള്‍ തന്റെ എതിര്‍പ്പ് ജോര്‍ജ് ഓണക്കൂര്‍ അറിയിക്കുകയായിരുന്നു. കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷം തന്റെ നിലപാട് മാധ്യമങ്ങളെ ജോര്‍ജ് ഓണക്കൂര്‍ അറിയിക്കുകയും ചെയ്തു. തനിക്ക് ഇന്ത്യകാരന്‍ എന്നതാണ് മതമെന്നും ജോര്‍ജ് ഓണക്കൂര്‍ മാധ്യങ്ങളോട് പറഞ്ഞു.

അതേസമയം, കേരളം പാസാക്കിയ സംയുക്ത പ്രമേയം രാഷ്ട്രീയ ഗിമ്മിക്കെന്ന് കിരണ്‍ റിജിജു വിമര്‍ശിച്ചു. പൗരത്വം കേന്ദ്രത്തിന്റെ അധികാര പരിധിയിലുള്ള വിഷയമാണെന്നും സംസ്ഥാനങ്ങള്‍ക്ക് റോളില്ലെന്നും റിജിജു കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമ ഭേദഗതി മുസ്ലീംങ്ങള്‍ക്ക് എതിരല്ലെന്നും കേന്ദ്ര സഹമന്ത്രി കിരണ്‍ റിജിജു തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. മുമ്പ് പാകിസ്ഥാനി ഗായകന്‍ അദ്‌നാന്‍ സമിക്ക് പൗരത്വം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം നല്ല മുസ്ലീം ആയിരുന്നു എന്നും കിരണ്‍ റിജിജു പറഞ്ഞു.

SHARE