കോവിഡ് മരണം ഒരു ലക്ഷം കടന്നു; 3,69,938 പേര്‍ക്ക് രോഗമുക്തി

ന്യൂഡല്‍ഹി: നോവല്‍ കൊറോണ വൈറസ് ബാധയില്‍ ലോകത്താകെ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. വേള്‍ഡോമീറ്റര്‍ കണക്കുകള്‍ പ്രകാരം ഇതുവരെ 100,371 പേരാണ് ലോകത്താകെ കോവിഡ് 19 ബാധിച്ച് മരിച്ചത്. ലോകത്ത് 16 ലക്ഷത്തിലധികം പേരിലാണ് ഇതേവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 369938 പേര്‍ രോഗമുക്തി നേടി.

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ ബാധിച്ച അമേരിക്കയിലും ഇറ്റലിയിലും സ്‌പെയിനിലുമാണ് മരണം ദുരന്തം വിതച്ചത്.

അഞ്ച് ലക്ഷത്തോളം കോവിഡ് ബാധിച്ച അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ മാത്രം കോവിഡ് 19 ബാധിച്ചവരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞിരിക്കുന്നു. 18000 ത്തോളമാണ് അമേരിക്കയില്‍ ഇതേവരെ മരിച്ചത്. 7000ത്തോളം ന്യൂയോര്‍ക്കില്‍ മരിച്ചത്. പുറത്തു വരുന്ന കണക്കുകള്‍ പ്രകാരം ഒരു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ അധികം കേസുകളാണ് ന്യൂയോര്‍ക്കില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, 1,59,937 കേസുകള്‍. കോവിഡ് 19 ദുരന്തം വിതച്ച സ്പെയിനിലും(1,57,000) ഇറ്റലിയിലും(1,47,000) വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലും(82,000) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനേക്കാള്‍ അധികം.

യുഎസില്‍ മരണസംഖ്യ ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനും ഇടയിലാകാന്‍ സാധ്യതയുണ്ടെന്നാണ് കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ ടാസ്‌ക്ഫോഴ്സ് അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ നിലവില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായതോടെ മരണസംഖ്യ 60,000 കടക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോവിഡ് 19 ടാസ്‌ക് ഫോഴ്സില്‍ അംഗമായ ഡോ. ആന്റണി ഫൗസി പറഞ്ഞു.

അതേസമയം മരണസംഖ്യ ഉയര്‍ന്നതോടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി ഒരു വലിയ കുഴിമാടമൊരുക്കിയിരിക്കുകയാണ് ന്യൂയോര്‍ക്ക്. ന്യൂയോര്‍ക്കിലെ ഹാര്‍ട്ട് ഐലന്‍ഡിലാണ് വലിയ കുഴിമാടം തീര്‍ത്തിരിക്കുന്നത്. ശവസംസ്‌കാരത്തിനുള്ള ചെലവുവഹിക്കാന്‍ സാധിക്കാത്തവരോ ശവസംസ്‌കാരം നടത്താന്‍ അടുത്ത ബന്ധുക്കളില്ലാത്തവരോ ആയ ന്യൂയോര്‍ക്കുകാരുടെ ശവസംസ്‌കാരം നടത്താറുള്ള ഇടമാണ് ഹാര്‍ട്ഐലന്‍ഡ്.

സുരക്ഷാ കവചമണിഞ്ഞ തൊഴിലാളികള്‍ വലിയ കുഴിയില്‍ കൂട്ടമായി ശവപ്പെട്ടികള്‍ അടക്കം ചെയ്യുന്നതിന്റെ ഡ്രോണ്‍ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശവപ്പെട്ടികള്‍ അടുക്കി വെച്ചിരിക്കുന്ന കുഴിമാടത്തിലേക്ക് ജോലിക്കാര്‍ ഇറങ്ങുന്നത് ഒരു ഗോവണിയുടെ സഹായത്താലാണ്. കുഴിമാടത്തില്‍ അടുക്കി വെച്ചിരിക്കുന്ന ശവപ്പെട്ടികള്‍ എല്ലാം തന്നെ കോവിഡ് 19 ബാധിച്ച് മരണപ്പെട്ടവരാണോ എന്ന കാര്യം വ്യക്തമല്ല.

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 37 പേര്‍ രാജ്യത്ത് വൈറസ് ബാധ മൂലം മരിച്ചു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് തൊള്ളായിരത്തിനടുത്ത് പുതിയ കേസുകള്‍. കോവിഡ് 19 സ്ഥിരീകരിച്ചതിന് ശേഷം ആദ്യമായാണ് 24 മണിക്കൂറിനിടയില്‍ രാജ്യത്ത് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

896 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ 25 പേരാണ് മരിച്ചത്. ഡല്‍ഹിയില്‍ മൂന്നും ഗുജറാത്തില്‍ ഒരാളും മരിച്ചു.

രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 6761 ആയി ഉയര്‍ന്നു. നിലവില്‍ 6039 പേരാണ് ചികിത്സയിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 576 പേര്‍ രോഗമുക്തരായെന്നും 206 പേര്‍ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി.