പൗരത്വ ഭേദഗതി നിയമം; പ്രതിഷേധിക്കുന്നവരോട് പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട് യു.പി പൊലീസ്

പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധം നടത്തുന്നവരോട് പാകിസ്താനിലേക്ക് പോകണമെന്ന് ആവശ്യപ്പെടുന്ന യു.പി പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ പുറത്ത്. മീററ്റ് എസ്.പി. അഖിലേഷ് എന്‍.സിങ്ങിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ പ്രതിഷേധക്കാരും പോലീസ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് വര്‍ഗീയ പരാമര്‍ശം നടത്തിയത്.

പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇടവഴിയിലൂടെ നടന്നു നീനിങ്ങുന്നതിനിടെ പ്രദേശവാസികളോട് സംസാരിക്കുന്ന അഖിലേഷിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. നിങ്ങള്‍ക്ക് എവിടെ പോകാനാണ്? ഞാന്‍ ഈ വഴി ഇപ്പോള്‍ തന്നെ ശരിപ്പെടുത്തുന്നുണ്ട്’ എന്നുപറഞ്ഞ് സംഭാഷണം തുടങ്ങിയ അഖിലേഷിനോട് തങ്ങള്‍ നമസ്‌കാരം നടത്തുകയായിരുന്നു എന്ന് പ്രദേശവാസികള്‍ മറുപടി പറയുന്നു.

‘പ്രതിഷേധിക്കുന്നവരോട് പാകിസ്താനിലേക്ക് പോകാന്‍ പറയൂ , ഇവിടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഇവിടെനിന്ന് പോകൂ. നിങ്ങള്‍ ഇവിടത്തെ ഭക്ഷണം കഴിച്ചിട്ട് മറ്റേതെങ്കിലും സ്ഥലത്തെ പ്രകീര്‍ത്തിക്കുന്നോ? ഈ വഴി ഇപ്പോള്‍ എനിക്ക് പരിചിതമായിക്കഴിഞ്ഞു. ഇവിടെയുള്ള ഓരോ വീട്ടിലേയും ഓരോരുത്തരെയും ഞാന്‍ ജയിലിലാക്കും.’ അഖിലേഷ് പറയുന്നു. താന്‍ എല്ലാം തകര്‍ക്കും എന്നുപറഞ്ഞാണ് അഖിലേഷ് സംഭാഷണം അവസാനിപ്പിക്കുന്നത്.

SHARE