ഈ പോക്ക് എങ്ങോട്ടെന്റെ പൊന്നേ… ഹസ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ഹസ്വര്‍ണം പവന് 29,120 രൂപ


സ്വര്‍ണ്ണ വില വീണ്ടും കുത്തനെ ഉയര്‍ന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയായ 29,120 രൂപയാണ് പവന് ഇന്നലെ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 40 രൂപയും, പവന് 320 രൂപയാണ് ഇന്നലെ മാത്രം വര്‍ധിച്ചത്. ഒരു ഗ്രാമിന് 3,640 രൂപയാണ് ഇന്നലത്തെ നിരക്ക്.
ചരിത്രത്തില്‍ ആദ്യമായാണ് ഒരു പവന്‍ സ്വര്‍ണത്തിന് 29,000 രൂപ കടക്കുന്നത്.അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും, ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ്ണവില ഉയരാന്‍ പ്രധാന കാരണം. ആഗോള വ്യാപകമായി മാന്ദ്യ സൂചനകള്‍ നിലനില്‍ക്കുന്നതിനാല്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ നിക്ഷേപകര്‍ സ്വീകരിക്കുന്നതും ഡിമാന്റ് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. കേരളത്തില്‍ ഓണവും, വിവാഹ സീസണും എത്തിയതോടെ റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണവില വീണ്ടും കുതിക്കുകയാണ്.
ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 1,543.40 ഡോളറാണ് ഇന്നലത്തെ അന്താരാഷ്ട്ര നിരക്ക്. ജൂണ്‍ അവസാനത്തോടെയാണ് രാജ്യത്ത് സ്വര്‍ണ വില കുത്തനെ ഉയരാന്‍ തുടങ്ങിയത്. ജൂണ്‍ മൂന്നിന് 24,080 രൂപയില്‍ നിന്നും മാസാവസാനത്തോടെ 1600 രൂപ വര്‍ധനവുണ്ടായി. ജൂണ്‍ 25 ന് ഒരു പവന്‍ സ്വര്‍ണത്തിന് 25,680 രൂപ ആയിരുന്നു. എന്നാല്‍ ജൂലൈയില്‍ വില അല്‍പം കുറഞ്ഞെങ്കിലും 19 ആയപ്പോഴേക്കും ഒരു പവന് 26,000 രൂപ കടന്നു. ആഗസ്ത് 29 ന് വില വീണ്ടും കുതിച്ചു കയറി 28,880 രൂപയിലെത്തി. ഈ മാസത്തിന്റെ തുടക്കം മുതല്‍ വിലക്കയറ്റം പ്രകടമായിരുന്നു. തിങ്കളാഴ്ച മാര്‍ക്കറ്റ് തുറന്നപ്പോള്‍ സ്വര്‍ണ വില 28,640 ആയിരുന്നു.
എന്നാല്‍ വൈകുന്നേരത്തോടെ വില വീണ്ടും ഉയര്‍ന്ന് 28,880 രൂപയിലായിരുന്നു വ്യാപാരം നടത്തിയത്. ഇന്നലെ മാത്രം ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ വര്‍ധിച്ചതോടെയാണ് വില 29,120 രൂപയിലേക്കെത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്ത് രൂപയുടെ മൂല്യം കൂടുതല്‍ ഇടിയാനാണ് സാധ്യത.
ഈ സാഹചര്യത്തില്‍ താമസിയാതെ സ്വര്‍ണ വില 30,000 കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. നാലു വര്‍ഷം കൊണ്ട് സ്വര്‍ണ വിലയില്‍ പവന് 10,400 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2015 ആഗസ്റ്റില്‍ 18,720 രൂപയായിരുന്നു പവന്റെ വില.

SHARE