സ്വര്‍ണ്ണക്കടത്ത്; സ്വപ്‌ന ഐ.ടി വകുപ്പിലെ ജോലിക്കാരി, മുഖ്യമന്ത്രിയുടെ ഓഫീസ് സംശയ നിഴലില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള ഐ.ടി വകുപ്പില്‍ ജോലി ചെയ്യുന്ന സ്വപ്ന സുരേഷാണെന്നു വെളിപ്പെട്ടതോടെ സംഭവത്തെക്കുറിച്ച് ദുരൂഹത വര്‍ധിക്കുന്നു. ഭരണത്തിലെ ഉന്നതരെ രക്ഷിക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നുണ്ടെന്നാണ് വിവരം. യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്ന സ്വപ്ന സുരേഷാണ് കള്ളക്കടത്തിന് പിന്നിലെന്നാണ് കസ്റ്റംസ് പുറത്തുവിട്ട വിവരം. കള്ളക്കടത്തില്‍ യു.എ.ഇ കോണ്‍സുലേറ്റ് മുന്‍ പി.ആര്‍.ഒ സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ രണ്ടുപേരെയും പ്രതികളാക്കി രക്ഷപ്പെടാനുള്ള ശ്രമമാണ് സി.പി.എം ഉന്നതര്‍ നടത്തുന്നതെന്നാണ് ആക്ഷേപം.

ഒളിവില്‍ പോയ സ്വപ്ന സുരേഷ് ഐ.ടി വകുപ്പിന് കീഴിലുള്ള കേരള സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് ഇന്‍ഫ്രാസ്ട്രക്ചറില്‍ ഓപ്പറേഷന്‍സ് മാനേജരാണ്. സംഭവത്തിനു ശേഷം ഇവരെ ജോലിയില്‍നിന്ന് പിരിച്ചു വിട്ടിട്ടുണ്ട്. ഇവര്‍ ജോലിയില്‍ കയറിയത് എങ്ങനെ എന്ന കാര്യത്തിലും ദുരൂഹത നിലനില്‍ക്കുകയാണ്. സ്വപ്നയ്ക്കായി തെരച്ചില്‍ തുടരുകയാണ്. കോണ്‍സുലേറ്റ് പി.ആര്‍.ഒയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സരിത് തട്ടിപ്പിനായി ഉപയോഗിച്ചെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. 15 കോടിയുടെ സ്വര്‍ണ്ണക്കടത്ത് കേസാണിത്. സരിത്തിനെ കൂടാതെ സ്വപ്ന ഉള്‍പ്പടെയുള്ള അഞ്ച് പ്രതികളെക്കുറിച്ച് കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള ഐ.ടി സെക്രട്ടറിയായ കെ. ശിവശങ്കറിനൊപ്പം സ്വപ്നയും സരിത്തും നില്‍ക്കുന്ന ഫോട്ടോ പുറത്തായിട്ടുണ്ട്. സി.പി.എം നേതാക്കളുമായും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുമായും ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍ ഈ കേസുമായി ബന്ധപ്പെട്ട് ഇടപെട്ടിരുന്നു എന്ന വിവരവും മാധ്യമങ്ങള്‍ പുറത്തുവിടുന്നുണ്ട്. കഴിഞ്ഞ മാസം 30ന് തലസ്ഥാനത്തെത്തിയ കാര്‍ഗോയിലാണ് 15 കോടിയുടെ സ്വര്‍ണം കണ്ടെത്തിയത്.

SHARE