ഉണരാന്‍ കരുത്തേകിയ രക്തസാക്ഷിത്വം

Gauri Lankesh. Source Twitter

എം. ജോണ്‍സണ്‍ റോച്ച്

മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയും സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷ് കൊലചെയ്യപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. പാവപ്പെട്ടവരുടെയും ദലിതരുടെയും ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും പ്രശ്‌നങ്ങളെക്കുറിച്ച് എഴുതിയതിനും ഹിന്ദുത്വം എന്നാല്‍ എന്തെന്ന് വിശദീകരിക്കുകയും ഹിന്ദുവര്‍ഗീയ ഭീകരതയെ വിമര്‍ശിച്ചതിനുമാണ് ഗൗരി കൊല്ലപ്പെട്ടത്. അവരെ കൊല്ലാന്‍ നിയോഗിച്ചവര്‍ തിരശീലക്ക് പിറകിലാണെങ്കിലും ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയുടെ പ്രവര്‍ത്തകരായ പ്രവീണ്‍ ലിംകറും പരശുറാം വാക്‌മോറിയും കെ.ടി നവീന്‍കുമാറും പിടിയിലായിട്ടുണ്ട്. സനാതന്‍ സന്‍സ്തയുടെ പ്രവര്‍ത്തകര്‍ ഭ്രാന്തമായ മതാന്ധത ബാധിച്ചവരും ജനാധിപത്യത്തെക്കുറിച്ചും മനുഷ്യാവകാശത്തെ പറ്റിയും മനസ്സിലാക്കാത്തവരുമാണ്.
തീവ്രഹിന്ദുത്വ ഫാസിസത്തിനെതിരെ ‘ഗൗരി ലങ്കേഷ്’ പത്രികയില്‍ ശക്തമായ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചതാണ് അവരെ കൊല്ലാന്‍ പ്രധാന കാരണം. തീവ്ര ഹിന്ദുത്വത്തിനെതിരെ മനുഷ്യരുടെ ഉള്ളില്‍ തട്ടുന്ന യാഥാര്‍ത്ഥ്യങ്ങള്‍ വിവരിച്ചിരുന്നു. ഇപ്പോഴും ഇന്ത്യയില്‍ ജാതി വ്യവസ്ഥ നിലനില്‍ക്കുന്നുവെന്നും അത് കൂടുതല്‍ ഉറപ്പിക്കാനാണ് തീവ്രഹിന്ദുവര്‍ഗീയത ശ്രമിക്കുന്നതെന്നും ‘ഗൗരി ലങ്കേഷ്’ പത്രികയിലൂടെ അവര്‍ തുറന്നെഴുതി. തെറ്റായ രീതിയില്‍ ഹിന്ദുധര്‍മ്മത്തെ വ്യാഖ്യാനിക്കപ്പെടുന്നതായി ഗൗരി ചൂണ്ടിക്കാണിച്ചു. മൂര്‍ച്ചയുള്ള ചോദ്യശരങ്ങളുമായി വാര്‍ത്താസമ്മേളനങ്ങളിലും ചാനലുകളിലും ഹിന്ദുവര്‍ഗീയവാദികളെ നേരിട്ടു. ഇത് തീവ്ര ഹിന്ദുത്വ ഭീകരവാദികള്‍ക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. ഹിന്ദു വര്‍ഗീയവാദത്തെ അവര്‍ വിമര്‍ശിച്ചിട്ടില്ലായിരുന്നെങ്കില്‍ ഗൗരി ഇപ്പോഴും ജീവിക്കുമായിരുന്നു. യുക്തിബോധവും മതനിരപേക്ഷതയും പുലര്‍ത്തുന്നവരെ ജീവനൊടുക്കി നടത്തുന്ന കൊലവിളികള്‍ ഹിന്ദുത്വ തീവ്രവാദികളെ ഒറ്റപ്പെടുത്തുമെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. ഇത്തരം കൊലവിളികള്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും വെറുക്കുന്ന കാര്യമാണെന്നത് ഇവര്‍ വിസ്മരിക്കുന്നു.
ഇന്ത്യ മതങ്ങളുടെയും മതനിരപേക്ഷതയുടെയും ബഹുസ്വരതയുടെയും യുക്തിചിന്തയുടെയും നാടാണ്. അതിലൂന്നി നിന്നാണ് ഗൗരി എന്നും മുന്നോട്ട്‌പോയിരുന്നത്. ഇന്ത്യന്‍ ഭരണ ഘടനയുടെയും നീതിന്യായ വ്യവസ്ഥയുടെയും ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടാണ് മനുവാദത്തിനെതിരെ അവര്‍ പോരാടിയത്. മതേതരത്വത്തോടും ജനാധിപത്യത്തോടും ഭരണഘടനയോടും എന്നും അവര്‍ ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. എന്നാല്‍ ഇന്ത്യ ഹിന്ദുക്കളുടെ മാത്രമാണെന്ന വാദത്തിനെതിരെ അവര്‍ നിരന്തരം ശബ്ദം ഉയര്‍ത്തിക്കൊണ്ടിരുന്നതിനാലാണ് അവരെ ഹിന്ദുത്വ തീവ്രവാദി സംഘടനയില്‍പെട്ട സനാതന്‍ സന്‍സ്ത പ്രവര്‍ത്തകര്‍ വെടിവച്ചുകൊന്നത്. ആശയങ്ങളെ ആശയങ്ങള്‍കൊണ്ട് നേരിടാനാവാതെ ഒരു സ്ത്രീയെ കൊല്ലാന്‍ വെടിയുണ്ടകളെ ആശ്രയിച്ചത് ഭീരുത്വമാണ്.
ഗൗരി ചാനല്‍ ചര്‍ച്ചകളിലൂടെ ജാതി ഉന്മൂലനത്തിനും സമത്വാധിഷ്ഠിത സമൂഹത്തിനും ലിംഗസമത്വത്തിനും വേണ്ടി വാദിച്ചു. ചാതുര്‍വര്‍ണ്യവ്യവസ്ഥയെ ചൂണ്ടിക്കാണിച്ച് ലേഖനങ്ങളെഴുതുകയും പ്രസംഗിക്കുകയും ചെയ്തു. സാമൂഹിക തിന്മകളെയും അതിക്രമങ്ങളെയും തന്റെ ശബ്ദത്തിലൂടെയും തൂലിക പടവാളാക്കിയും അവര്‍ തുറന്നുകാട്ടി. ഇതിനായി മുഴുവന്‍ കരുത്തും സര്‍ഗാത്മകതയും സമര്‍പ്പിച്ചു. ദുരിതമനുഭവിക്കുന്നവരുടെ പക്ഷത്തുനിന്നുകൊണ്ട് ജാതി-മതം എന്നതിനപ്പുറമുള്ള സമൂഹത്തെക്കുറിച്ച് എഴുതുകയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതിനാലാണ് സനാതന്‍ സന്‍സ്തയുടെ കൊലക്കത്തിക്ക് അവര്‍ ഇരയായത്.
സര്‍ഗാത്മകത പ്രകടിപ്പിക്കുന്നവരുടെ നേരെ കടന്നാക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. കേരളത്തിലെ സമുന്നത എഴുത്തുകാരന്‍ എം.ടിക്കു നേരെയും മികച്ച ചലച്ചിത്ര സംവിധായകന്‍ കമലിനു നേരെയും ആക്രോശം നടത്തി. പെരുമാള്‍ മുരുകനെ വധിച്ചു. എം.എഫ് ഹുസൈന് സ്വന്തം നാട് വിടേണ്ടി വന്നു. ഗുലാം മാലിക്കിന് ഇന്ത്യയില്‍ ഗസല്‍ അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സങ്കുചിതത്വം പറഞ്ഞു. ധബോല്‍ക്കറെയും ഗോവിന്ദപന്‍സാരെയും കല്‍ബുഗിയെയും കൊലപ്പെടുത്താനുപയോഗിച്ച അതേ രീതിയും കാരണവുമാണ് ഗൗരി ലങ്കേഷിന്റെ ജീവനെടുക്കാനും സ്വീകരിച്ചത്. ഇവരെല്ലാം ഹിന്ദുത്വ ഫാസിസത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ എഴുതുകയും ചിന്തിക്കുകയും ചെയ്തിരുന്നവരായിരുന്നു. ഹിന്ദുവര്‍ഗീയ ഭീകരതയെ വിമര്‍ശിച്ച് എഴുതുന്നവര്‍ക്ക് ജീവഹാനി സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നത് ഒരു വസ്തുതയായി മാറിയിരിക്കുന്നു. ആശയങ്ങളെ ആശയങ്ങള്‍കൊണ്ട് നേരിടാനായില്ലെങ്കില്‍ അവരെ കൊല്ലുക എന്ന രീതിയാണ് മത തീവ്രവാദികള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ആശയങ്ങളെ തോക്കുകൊണ്ട് ഇല്ലാതാക്കാമെന്ന അവരുടെചിന്ത വ്യാമോഹം മാത്രമാണ്. എഴുത്തിലൂടെയും വാക്കുകളിലൂടെയും ഹിന്ദു ഫാസിസ്റ്റുകളുമായി നിരന്തരം കലഹിച്ച ഗൗരിലങ്കേഷിന്റെ അഭിപ്രായപോരാട്ടത്തിന് കൊലപാതകമാണ് ശിക്ഷയെന്ന് വിധിച്ചത് മനുഷ്യകുലത്തിന്റെ പ്രാകൃത കാലഘട്ടത്തെ പോലും ലജ്ജിപ്പിക്കുന്നതാണ്.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തോടെ ആ ശബ്ദം എന്നെന്നേക്കുമായി അമര്‍ത്തിക്കളയാമെന്ന് കണക്കുകൂട്ടിയവര്‍ക്ക് ആ രക്തസാക്ഷിത്വം തിരിച്ചടിയായി മാറിക്കൊണ്ടിരിക്കുന്നു. ജീവിച്ചിരിക്കുന്ന ഗൗരിയേക്കാള്‍ വധിക്കപ്പെട്ട ഗൗരിയാണ് ഹിന്ദു തീവ്രവാദികളുടെ മുന്നില്‍ അപകടകാരിയായി മാറിയിരിക്കുന്നത്. ഗൗരി പുരോഗമന ചിന്തകളെ മുന്നോട്ടു നയിക്കാനുള്ള കരുത്തായി മാറിക്കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന് ആവേശവും പ്രചോദനവുമായി അവര്‍ മാറുന്നു. ഗൗരിയുടെ രക്തസാക്ഷിത്വത്തിനു ഒരു വര്‍ഷം പിന്നിടുമ്പോള്‍ അതില്‍നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് സമൂഹം ഉണരുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ബഹുസ്വരതയും ജനാധിപത്യവും അടിസ്ഥാനപ്പെടുത്തിയുള്ള സമൂഹ പുനഃസൃഷ്ടിക്കായി ഗൗരിയുടെ രക്തസാക്ഷിത്വം കരുത്തേകുന്നു.
സര്‍ഗാത്മക മനസ്സുകളെയും യുക്തിചിന്തയെയും ഭയപ്പെടുത്തിയും ആക്രമിച്ചും നിശ്ബദമാക്കാനാവില്ല. ഗൗരി ലങ്കേഷിന്റെ ശബ്ദം അവര്‍ ജീവിച്ചിരുന്ന കാലത്തേക്കാള്‍ ഇപ്പോള്‍ മുഴങ്ങിക്കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. തീവ്ര ഹിന്ദു മത മൗലികവാദികള്‍ പ്രതീക്ഷിച്ചതില്‍ നിന്ന് കടകവിരുദ്ധമായ ഫലമാണ് കൊല്ലപ്പെട്ട ഗൗരിലങ്കേഷില്‍ നിന്നും ഇവര്‍ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ കൊടും കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചനക്കാരെയും പുറത്തുകൊണ്ടുവരികയും അവരെയും നിയമത്തിനുമുന്നില്‍ നിര്‍ത്തുകയും വേണം. അതിലൂടെ സത്യത്തെ നിശബ്ദമാക്കാന്‍ കഴിയില്ലെന്ന് നിയമവ്യവസ്ഥ തെളിയിക്കുകയാണ് വേണ്ടത്.

SHARE