ഗവര്‍ണറുടെ പ്രസ്താവന; നാണംകെട്ട് സര്‍ക്കാരും ഉന്നത വിദ്യാഭ്യാസ മന്ത്രിയും


തിരുവനന്തപുരം: കേരളത്തിന് മഹത്തായ വിദ്യാഭ്യാസ പാരമ്പര്യമാണുള്ളതെന്നും അത് നശിപ്പിക്കുന്ന നടപടികള്‍ ആരില്‍നിന്നും ഉണ്ടാവരുതെന്നും ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയതോടെ മാര്‍ക്ക് ദാന വിവാദത്തില്‍ നാണംകെട്ട് സംസ്ഥാന സര്‍ക്കാരും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലും. എം.ജി. സര്‍വകലാശാലക്ക് കീഴിലുള്ള കേന്ദ്ര സാങ്കേതിക സര്‍വകലാശാലയില്‍ മന്ത്രി കെ.ടി.ജലീലിനെതിരായ മാര്‍ക്ക് ദാന വിവാദം ഗവര്‍ണറുടെ ഓഫീസ് സ്ഥിരീകരിച്ചതിന് പിന്നാലെ ഗവര്‍ണ്ണറുടെ പ്രതികരണം കൂടി വന്നതോടെ സര്‍ക്കാര്‍ കൂടുതല്‍ പരുങ്ങലിലായി.
കൊല്ലം ടി.കെ.എം എഞ്ചിനിയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗിന് തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ മന്ത്രി കൂട്ടുനില്‍ക്കുകയായിരുന്നുവെന്നായിരുന്നു ആരോപണം. അഞ്ചാം സെമസ്റ്ററില്‍ ഒരുവിഷയത്തിന് തോറ്റ വിദ്യാര്‍ത്ഥിക്ക് പുനമൂല്യനിര്‍ണ്ണയം നടത്തിയതിനുശേഷവും ജയിക്കാനുള്ള മാര്‍ക്ക് ലഭിച്ചില്ല. വീണ്ടും മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിച്ചെങ്കിലും ചട്ടവിരുദ്ധമായതിനാല്‍ സങ്കേതിക സര്‍വകലാശാല അപേക്ഷ തളളി. തുടര്‍ന്ന് വിദ്യാര്‍ത്ഥി മന്ത്രിയെ സമീപിച്ചു. 2018 ഫെബ്രുവരി 28ന് കെ.ടി.ജലില്‍ പങ്കെടുത്ത സാങ്കേതിക സര്‍വകലാശാലയുടെ അദാലത്തില്‍ ഈ വിഷയം പ്രത്യേക കേസായി എടുത്തു. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വീണ്ടും മൂല്യനിര്‍ണ്ണയം നടത്താന്‍ മന്ത്രി അദാലത്തില്‍ നിര്‍ദ്ദേശിച്ചു. പുനര്‍ മൂല്യനിര്‍ണ്ണയത്തില്‍ വിദ്യാര്‍ത്ഥി ബി.ടെക് പാസായി. മാനുഷിക പരിഗണനയിലാണ് വിഷയത്തില്‍ മന്ത്രി ഇടപെട്ടതെന്നായിരുന്നു സര്‍വകലാശാല വിശദീകരിച്ചത്. ഇതാണ് ഗവര്‍ണ്ണയുടെ സെക്രട്ടറി തള്ളിയത്. മന്ത്രി ഈ വിഷയത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ ചാന്‍സിലറെ അറിയിക്കാതെ അദാലത്തില്‍ പങ്കെടുത്തതിനും വിമര്‍ശനമുണ്ട്. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കും ഇക്കാര്യത്തില്‍ ഗുരുതര വീഴ്ച പറ്റി. മന്ത്രിയുടെ ഉത്തരവില്‍ വിജയിച്ച വിദ്യാര്‍ത്ഥിയുടെ ബിരുദം വി.സി.അംഗീകരിച്ചത് തെറ്റാണ്.
അതേ സമയം എം.ജി സര്‍വകലാശാലയിലെ വിവാദ മാര്‍ക്ക് ദാനം പിന്‍വലിച്ചിരുന്നു. തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെതുടര്‍ന്നാണ് തീരുമാനം പിന്‍വലിച്ച് എം.ജി. സര്‍വകലാശാല തലയൂരാന്‍ ശ്രമിച്ചത്. മാര്‍ക്ക് ദാനം വഴി വിജയിച്ച വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് ലിസ്റ്റ് തിരികെ വാങ്ങുന്നതിനും പ്രൊ വൈസ് ചാന്‍സിലര്‍ അരവിന്ദ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നു.
ബി.ടെക് അവസാന സെമസ്റ്ററിലെ ഒരുപേപ്പറിന് അഞ്ച് മാര്‍ക്ക് സ്‌പെഷ്യല്‍ മോഡറേഷന്‍ നാല്‍കാനായിരുന്നു വിവാദ തീരുമാനം.
സര്‍വകലാശാലയില്‍ നടത്തിയ അദാലത്തില്‍ മന്ത്രി കെ.ടി.ജലീല്‍ ഇടപെട്ട് വന്‍മാര്‍ക്ക് ദാനം നടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിരുന്നു. കോതമംഗലം കോളേജിലെ ബി.ടെക് വിദ്യാര്‍ത്ഥിക്ക് വഴിവിട്ട സഹായം നല്‍കിയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. കോതമംഗലത്തെ ബിടെക് വിദ്യാര്‍ത്ഥി ആറാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷയില്‍ എന്‍.എസ്.എസ് സ്‌കീമിന്റെ അധികമാര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരിക്കല്‍ എന്‍.എസ്.എസിന്റെ മാര്‍ക്ക് നല്‍കിയതിനാല്‍ ഇത് അനുവദിക്കാനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. മന്ത്രി കെ.ടി.ജലീല്‍ നടത്തിയ അദാലത്തില്‍ പ്രൈവറ്റ് സെക്രട്ടറി പങ്കെടുക്കുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം കുട്ടിക്ക് മാര്‍ക്ക് കൂട്ടികൊടുക്കാന്‍ തീരുമാനിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തു എന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.