ശ്രീറാമിനെ സസ്‌പെന്‍ഡ് ചെയ്യണം ; ചെന്നിത്തല

മാധ്യമപ്രവര്‍ത്തകനായ കെ.എം. ബഷീറിന മദ്യലഹരിയില്‍ കാറിടിച്ചുകൊന്ന കേസില്‍ അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.സര്‍വീസ് നിയമമനുസരിച്ച് ജാമ്യം ലഭിച്ചില്ലെങ്കില്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്യേണ്ട സമയപരിധി പിന്നിടുകയാണ്. ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് വളഞ്ഞ മാര്‍ഗത്തിലൂടെ രക്ഷപെടാനുള്ള ഇയാളുടെ നീക്കങ്ങള്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ടു പരിശോധിക്കണമെന്ന് ചെന്നിത്തല പറഞ്ഞു.

സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ശ്രീറാമിന്റെ പരുക്ക് സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ ഉടന്‍ പുറത്തുവിടണം. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘത്തെ ഇയാളുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ ഉടന്‍ നിയോഗിക്കണം. അതിന്റെ അടിസ്ഥാനത്തില്‍ ശ്രീറാമിനെ ആവശ്യമെങ്കില്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റണം.

സമൂഹത്തോട് ഉത്തരവാദിത്വമുളള ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണ് സ്വബോധം നഷ്ടപ്പെട്ട് ഒരു മാധ്യമപ്രവര്‍ത്തകന്റെ ജീവനെടുത്തത്. ആ ഗൗരവം ഉള്‍ക്കൊണ്ടുള്ള നടപടികള്‍ സര്‍ക്കാരില്‍ നിന്നുണ്ടാവണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.