തിരുവനന്തപുരം: ടി.പി വധക്കേസിലെ പ്രതിയും സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായി പി.കെ കുഞ്ഞനന്തനെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. 70 വയസ് തികഞ്ഞെന്ന കാരണം കാണിച്ചാണ് കുഞ്ഞനന്തനെ മോചിപ്പിക്കാന്‍ നീക്കം നടത്തുന്നത്.

ടി.പി വധക്കേസിലെ പതിമൂന്നാം പ്രതിയായ പി.കെ കുഞ്ഞനന്തന്‍ നിലവില്‍ സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമാണ്. ഇളവ് നല്‍കണമെങ്കില്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജയില്‍വകുപ്പ് പ്രതിയെ മോചിപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ജയില്‍ അഡൈ്വസറി ബോര്‍ഡിന് നിര്‍ദേശം നല്‍കുന്നത്.

ഇതിന്റെ ഭാഗമായി കൊളവല്ലൂര്‍ സ്‌റ്റേഷനിലെ എസ്.ഐ ടി.പിയുടെ ഭാര്യ കെ.കെ രമയുടെ മൊഴി രേഖപ്പെടുത്തി. കണ്ണൂര്‍ എസ്.പിയായിരിക്കും ഇത് സംബന്ധിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുക. ഒരു നിലക്കും കുഞ്ഞനന്തന് ശിക്ഷാ ഇളവ് നല്‍കാന്‍ അനുവദിക്കില്ലെന്ന് കെ.കെ രമ വ്യക്തമാക്കി.

കുഞ്ഞനന്തന് നേരത്തെയും സര്‍ക്കാര്‍ വഴിവിട്ട് പരോള്‍ അനുവദിച്ചിരുന്നു. പാനൂര്‍ ഏരിയാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ കുഞ്ഞനന്തന് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചിരുന്നു.