ശുഹൈബ് വധക്കേസ് സിബിഐക്ക് വിടാനുള്ള തീരുമാനത്തെ എതിര്‍ത്ത് വീണ്ടും സര്‍ക്കാര്‍; അപ്പീല്‍ നല്‍കും

കൊച്ചി: ശുഹൈബ് വധക്കേസ് സിബിഐക്ക് വിടാനുള്ള തീരുമാനത്തെ എതിര്‍ത്ത് വീണ്ടും സര്‍ക്കാര്‍. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് സര്‍ക്കാര്‍ നീക്കം.

സിംഗിള്‍ ബെഞ്ച് വിധി അപക്വമാണെന്നാണ് സര്‍ക്കാര്‍ വാദം. സിബിഐ വിടുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നതിന് കേസ് സംബന്ധിച്ച വിശദമായ വിവരങ്ങള്‍ കോടതിയുടെ പരിഗണനയില്‍ എത്തിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ഡിവിഷണല്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സ്‌റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹന്‍ ആയിരിക്കും കേസിന്റെ നടപടിക്രമങ്ങള്‍ നടത്തുക. കേസ് ഡയറി അടക്കം നിര്‍ണായക രേഖകള്‍ ഒന്നും പരിശോധിക്കാതെയാണ് കോടതി ഇത്തരമൊരു നിഗമനത്തിലെത്തിയതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

നിലവില്‍ കുറ്റപത്രം തയാറാക്കുന്ന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. കേസ് അന്വേഷണത്തിന് പൊലീസ് തന്നെ പ്രാപ്തമാണെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടുമെന്നാണ് വിവരം.

SHARE