കരട് പ്രവാസി ക്വാട്ട ബില്ലിന് കുവൈത് പാര്‍ലമെന്റ് സമിതി അംഗീകാരം


കുവൈത്ത് സിറ്റി: കരട് പ്രവാസി ക്വാട്ട ബില്ലിന് കുവൈത്ത് പാര്‍ലമെന്റ് സമിതി അംഗീകാരം നല്‍കി. ഇത് പ്രകാരം വിദേശി ജനസംഖ്യ സ്വദേശി ജനസംഖ്യക്ക് ആനുപാതികമായി പരിമിതപ്പെടുത്തും. ബില്ല് പ്രാബല്യത്തില്‍ വന്നാല്‍ ഇന്ത്യക്കാരെയാണ് ദോഷകരമായി ബാധിക്കുക.

കുവൈത്തില്‍ വിദേശികളുടെ എണ്ണം കുറയ്ക്കണമെന്ന് നിരവധി കോണുകളില്‍ നിന്നു ഉയരുന്ന ദീര്‍ഘകാലമായുള്ള ആവശ്യമാണ്. ഇത് പാര്‍ലമെന്റിന്റെ നിയമ നിര്‍മ്മാണ സമിതിക്ക് വിടുകയും ചെയ്തിരുന്നു. സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വിദേശി പൗരന്മാരുടെ എണ്ണം സ്വദേശികളുടെ എണ്ണത്തിനു ആനുപാതികമാക്കണമെന്ന നിര്‍ദേശമുള്ളത്. നിലവില്‍ 10 ലക്ഷത്തിലധികമുള്ള ഇന്ത്യക്കാരെയാണ് ഇത് ദോഷകരമായി ബാധിക്കുക.

നിര്‍ദ്ദേശം നടപ്പിലായാല്‍ കുവൈത്തില്‍ ഇന്ത്യക്കാരുടെ എണ്ണം പതിനഞ്ച് ശതമാനമായി കുറയും. ഇതുവഴി ഏഴ് ലക്ഷത്തോളം ഇന്ത്യക്കാര്‍ തിരിച്ച് പോകേണ്ടതായി വരും. പാര്‍ലമെന്റ് സമിതി അംഗീകരിച്ച ബില്‍ ഇനി പാര്‍ലമെന്റും, മന്ത്രിസഭയും അംഗീകരിക്കണം. എങ്കില്‍ മാത്രമെ ബില്‍ പ്രാബല്യത്തില്‍ വരു.

കുവൈത്തിലെ ആകെ ജനസംഖ്യയുടെ 65 ശതമാനത്തിലധികം വിദേശികളാണ്. കൊവിഡ് പടര്‍ന്ന് പിടിച്ചതോടെ കുവൈത്തിലെ നിയമവിദഗ്ദ്ധരും, ഉന്നത ഉദ്യോഗസ്ഥരും കുവൈത്തിലെ വര്‍ദ്ധിച്ച് വരുന്ന വിദേശീ സമൂഹത്തിനെതിരെ രംഗത്ത് വന്നിരുന്നു.

SHARE