Connect with us

Sports

ഹാപ്പി മലയാളം

Published

on

 

കൊല്‍ക്കത്ത: വെയിലും ശൂന്യമായ ഗ്യാലറിയും കേരളത്തിന്റെ കുട്ടികള്‍ കാര്യമാക്കിയില്ല. അഞ്ച് വട്ടം അവര്‍ ചണ്ഡിഗറിന്റെ വല കുലുക്കി. ഒരു തവണ സ്വന്തം വല കുലുങ്ങുന്നതും കണ്ടു. സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് മല്‍സരങ്ങള്‍ സാള്‍ട്ട്‌ലെക്കില്‍ ആരംഭിച്ചപ്പോള്‍ കിരീടത്തിലേക്കുളള യാത്രക്ക് സതീവന്‍ ബാലന്റെ കുട്ടികള്‍ നല്ല തുടക്കമിട്ടു. ശക്തരുടെ ഗ്രൂപ്പില്‍ കളിക്കുന്നതിനാല്‍ ആദ്യ മല്‍സരത്തിലെ ഫലം കേരളത്തിന് നിര്‍ണായകമായിരുന്നു. നല്ല തുടക്കമാണ് മോഹിച്ചതെന്നും അത് ലഭിച്ചത് വഴി ആത്മവിശ്വാസം വര്‍ധിച്ചതായും സതീവന്‍ ബാലന്‍ പറഞ്ഞതില്‍ നിന്നും വ്യക്തമാണ് ടീമിന്റെ ആത്മവിശ്വാസം.
എം.എസ് ജിതിനാണ് കേരളത്തിന്റെ ഇന്നലത്തെ താരം. രണ്ട് വട്ടം വല ചലിപ്പിച്ചു ഈ മധ്യനിരക്കാരന്‍. രണ്ട് വട്ടം വല ചലിപ്പിക്കാന്‍ സഹായിച്ചു. ചണ്ഡിഗറിന് വലിയ ഫുട്‌ബോള്‍ വിലാസമില്ലെങ്കിലും ഇത്തവണ ഐ ലീഗ് കിരീടം സ്വന്തമാക്കിയത് പഞ്ചാബില്‍ നിന്നുള്ള മിനര്‍വ പഞ്ചാബായതിനാല്‍ നല്ല യുവതാരങ്ങളുടെ സാന്നിദ്ദ്യം ചണ്ഡിഗര്‍ സംഘത്തിലുണ്ടായിരുന്നു. പക്ഷേ പതിനൊന്നാം മിനുട്ടില്‍ കേരളത്തിന്റെ മുന്നേറ്റം ഗോളായി മാറിയതോടെ ആതിഥേയര്‍ തളര്‍ന്നു. പത്തൊമ്പതാം മിനുട്ടില്‍ സജിത് പൗലോസ് രണ്ടാം ഗോള്‍ നേടി. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ രണ്ട് ഗോള്‍ ലീഡ് സ്വന്തമാക്കിയ സന്ദര്‍ശകര്‍ രണ്ടാം പകുതിയില്‍ നിലപാട് വിളിച്ചോതി അഫ്ദാല്‍ മൂന്നാം ഗോള്‍ നേടി. അമ്പത്തിയൊന്നാം മിനുട്ടില്‍ ജിതിന്റെ രണ്ടാമത് ഗോളുമെത്തിയപ്പോള്‍ ലീഡ് 4-0 മായി. ഇതോടെ പന്ത് ചണ്ഡിഗറിന്റെ ഹാഫില്‍ തന്നെയായി. കേരളത്തിന്റെ ഗോള്‍ക്കീപ്പര്‍ക്കും പിന്‍നിരക്കാര്‍ക്കും കാര്യമായ ജോലി ഇല്ലാതെയുമായി. സബ്‌സ്റ്റിറ്റിയൂട്ട് ബെഞ്ചില്‍ നിന്നുമെത്തിയ വി.എസ് ശ്രീക്കുട്ടന്‍ കേരളത്തിന്റെ നാലാമത് ഗോള്‍ സ്‌ക്കോര്‍ ചെയ്തപ്പോള്‍ ലോംഗ് വിസിലിന് തൊട്ട് മുമ്പ് ചണ്ഡിഗര്‍ ഒരു ഗോള്‍ മടക്കി. വിശാല്‍ ശര്‍മ്മയായിരുന്നു സ്‌ക്കോറര്‍.
4-4-2 ഫോര്‍മാറ്റിലായിരുന്നു രണ്ട് ടീമുകളും കളിക്കാനിറങ്ങിയത്. പക്ഷേ വേഗതയില്‍ കേരളം പ്രതിയോഗികളെ പിറകിലാക്കിയപ്പോള്‍ പതിനൊന്നാം മിനുട്ടില്‍ സീസന്റെ ഉഗ്രന്‍ പാസ്. വലത് വിംഗിലൂടെ കുതിച്ചുകയറിയ ജിതിന്‍ ഫസ്റ്റ് ടൈം ഷോട്ടിലുടെ ഗോള്‍ക്കീപ്പറെ നിസ്സഹയനാക്കി. ജിതിന്‍ നല്‍കിയ ക്രോസില്‍ നിന്നായിരുന്നു പൗലോസിന്റെ ഗോള്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജിതിന്റെ പാസിലായിരുന്നു അഫ്ദാലിന്റെ ഗോള്‍. മല്‍സരത്തിന്റെ അറുപത്തിയഞ്ചാം മിനുട്ടില്‍ കോച്ച് സതീവന്‍ ബാലന്‍ നടത്തിയ ഡബിള്‍ സബ്‌സ്റ്റിറ്റിയൂഷന്‍ കേരളത്തിന്റെ കുതിപ്പ് കൂടുതല്‍ സജീവമാക്കി. ജിതിന് പകരം ശ്രീക്കുട്ടനും അഫ്ദാലിന് പകരം പി.സി അനുരാഗുമിറങ്ങി. ചണ്ഡിഗര്‍ കോച്ച് സന്ദീപ് സിംഗും രണ്ട് മാറ്റങ്ങള്‍ വരുത്തി. അത് പക്ഷേ ഫലം ചെയ്തില്ല.
മണിപ്പൂര്‍, ആതിഥേയരായ ബംഗാള്‍ തുടങ്ങിയവരാണ് കേരളത്തിന്റെ ഗ്രൂപ്പിലുള്ളത്. ആറ് ടീമുകള്‍ കളിക്കുന്ന ക്വാര്‍ട്ടര്‍ ലീഗ് ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമി ഫൈനലിന് യോഗ്യത നേടുക. 23ന് മണിപ്പൂരുമായാണ് കേരളത്തിന്റെ അടുത്ത മല്‍സരം.

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടം;മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെ നേരിടും, ആഴ്‌സനലും ബയേണും നേര്‍ക്കുനേര്‍

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വമ്പന്‍ ക്ലബ്ബുകള്‍ ഏറ്റുമുട്ടുന്ന തീപാറും പോരാട്ടങ്ങളാണ് ഇന്ന് നടക്കുക. മാഡ്രിഡില്‍ നടക്കുന്ന മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ലണ്ടനില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് കരുത്തരായ ആഴ്സനല്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. നാളെ പുലര്‍ച്ചെ 12.30നാണ് ഇരുമത്സരങ്ങളും.

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം. മികച്ച ഫോമില്‍ മുന്നേറുന്ന പെപ് ഗ്വാര്‍ഡിയോളയുടെ ശിഷ്യസംഘം കിരീടം നിലനിര്‍ത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ സീസണില്‍ വഴങ്ങേണ്ടിവന്ന കനത്ത പരാജയത്തിന് മറുപടി നല്‍കാനായിരിക്കും റയല്‍ ശ്രമിക്കുക. കഴിഞ്ഞ സീസണിലെ സെമിഫൈനലില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയലിനെ സിറ്റി നാണം കെടുത്തിയത്. അന്നത്തെ തോല്‍വിക്ക് പകരംവീട്ടാനാവും കാര്‍ലോ ആഞ്ചലോട്ടിയുടെ സംഘം ഇന്നിറങ്ങുക.

അതേസമയം ഗംഭീര ഫോമിലുള്ള ആഴ്സണല്‍ ഹോം അഡ്വാന്റേജ് മുതലാക്കി ആദ്യ പാദം വിജയിക്കാനായിരിക്കും ശ്രമിക്കുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഗണ്ണേഴ്സ്. മൈക്കല്‍ അര്‍ട്ടേറ്റയുടെ പിള്ളേര്‍ സീസണില്‍ 31 മത്സരങ്ങളില്‍ 22 വിജയവും അഞ്ച് സമനിലയുമായാണ് മുന്നേറുന്നത്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പോര്‍ട്ടോയെ തോല്‍പ്പിച്ചാണ് ആഴ്സണല്‍ ക്വാര്‍ട്ടറിലെത്തിയത്. ഇറ്റാലിയന്‍ ടീമായ ലാസിയോയെ തോല്‍പ്പിച്ചാണ് ബയേണ്‍ അവസാന എട്ടിലെത്തിയത്.

 

Continue Reading

Cricket

സൂര്യകുമാര്‍ യാദവ് തിരിച്ചെത്തി; മുംബൈ ഇന്ത്യന്‍സിനൊപ്പം പരിശീലനം ആരംഭിച്ചു

ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

Published

on

മുംബൈ ഇന്ത്യന്‍സിന്റെ വെടികെട്ട് ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ് ടീമിനൊപ്പം ചേര്‍ന്നു. പരിക്ക് മാറിയെത്തിയ താരം വെള്ളിയാഴ്ച ടീമിലെത്തിയതായി മുംബൈ ഇന്ത്യന്‍സ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മുംബൈ ക്യാമ്പിലെത്തിയ താരം ടീമിനൊപ്പം പരിശീലനം ആരംഭിക്കുകയും ചെയ്തു. ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

പരിക്കേറ്റ വിശ്രമത്തിലായിരുന്ന സൂര്യകുമാര്‍ യാദവ് ശാരീരികക്ഷമത പൂര്‍ണമായി വീണ്ടെടുത്തതായി നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചത്. ഇതോടെയാണ് ഏപ്രില്‍ 7 ഞായറാഴ്ച വാങ്കഡെയില്‍ നടക്കാനിരിക്കുന്ന മുംബൈ- ഡല്‍ഹി മത്സരത്തില്‍ താരം കളത്തിലിറങ്ങുന്നതിനുള്ള സാധ്യത തെളിഞ്ഞത്.

ട്വന്റി -20 ബാറ്റിങ്ങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാര്‍ യാദവ് കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി കളിച്ചത്. കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കും താരം വിധേയനായിരുന്നു. തുടര്‍ന്ന് ബാംഗ്ലൂരിലെ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു സൂര്യകുമാര്‍.

ഹാര്‍ദ്ദിക് പാണ്ഡ്യ ക്യാപ്റ്റനായെത്തിയ ശേഷം സീസണില്‍ ഒരു വിജയം പോലും മുംബൈയ്ക്ക് നേടാനായിട്ടില്ല. ഇതുവരെ നടന്ന 3് മാച്ചുകളിലും മുംബൈ തോല്‍വി വഴങ്ങി. ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് എന്നിവരോടാണ് മുംബൈ പരാജയം ഏറ്റുവാങ്ങിയത്. സൂര്യകുമാര്‍ എത്തുന്നതോടെ മുംബൈ വിജയവഴിയില്‍ തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകര്‍.

 

Continue Reading

Trending