വീണ്ടുമൊരു പാക് ക്രിക്കറ്റ് താരം കൂടി ഇന്ത്യക്കാരിയെ കല്യാണം കഴിക്കുന്നു!


ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റര്‍ ശുഹൈബ് മാലികും രണ്ട് ദേശീയതകളുടെ അതിര്‍ത്തിയെ ഭേദിച്ച് ഒന്നിച്ച വാര്‍ത്ത വലിയ കോളിളക്കത്തിന് കാരണമായിരുന്നു. ഇരുവരുടെയും മിന്നുകെട്ടിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ അന്ന് രംഗത്തെത്തിയിരുന്നു. ഇന്നും കെട്ടടങ്ങാത്ത കലിയാണ് ചിലര്‍ക്ക് ആ വിവാഹം. ചിലരെ സംബന്ധിച്ച്, പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യ-പാക് കലിപ്പിന്റെ നടുവിലൂടെ വരച്ച സമാധാനത്തിന്റെ നേര്‍ത്ത ഒരു വരയാണ് ആ കെട്ടുബന്ധം.

വീണ്ടുമൊരു പാകിസ്ഥാന്‍ ക്രിക്കറ്റ് താരം കൂടി ഇന്ത്യക്കാരിയെ കല്യാണം കഴിക്കാനുള്ള ഊഴം കാത്തിരിക്കുകയാണ്. പാകിസ്ഥാന്‍ ബൗളിങ് താരം ഹസന്‍ അലിയാണ് ഇന്ത്യയില്‍ നിന്ന് വധുവിനെ തേടുന്നത്. ഹരിയാനയിലെ മെവാത് ജില്ലയിലെ ഷാമിയ അര്‍സ്സുവിനെയാണ് താരം വിവാഹം കഴിക്കാന്‍ തയ്യാറെടുക്കുന്നതിന്റെ വാര്‍ത്ത പുറത്തു വരുന്നത്. ട്വിറ്ററില്‍ ഹസന്‍ അലി തന്നെയാണ് ഇതേ സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. ആഗസ്റ്റ് ഇരുപതിന് ഇരുവരുടെയും കുടുംബങ്ങള്‍ ചേര്‍ന്ന് ഇതേ സംബന്ധിച്ച ഉറപ്പിക്കലുകള്‍ നടത്തും.

മാനവ് രചന യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക് ബിരുദം നേടിയിട്ടുണ്ട് ഷാമിയ. നിലവില്‍ ദുബൈയില്‍ എമിറേറ്റ് എയര്‍ലൈന്‍സില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറാണ്. പാകിസ്ഥാനു വേണ്ടി 53 ഏകദിനങ്ങളില്‍ നിന്നായി 82 വിക്കറ്റുകളും ഒമ്പത് ടെസ്റ്റുകളില്‍ നിന്നായി 31 വിക്കറ്റുകളും ഹസന്‍ അലി നേടിയിട്ടുണ്ട്.

ശുഹൈബ് മാലികിനു പുറമെ മുന്‍ ക്രിക്കറ്റ് താരങ്ങളായ സഹീര്‍ അബ്ബാസും മുഹ്‌സിന്‍ ഹസന്‍ ഖാനും ഇന്ത്യയില്‍ നിന്ന് കല്യാണം കഴിച്ചിട്ടുണ്ട്.

SHARE