ആരോഗ്യ ജീവിതം ഇസ്‌ലാമില്‍

ഡോ. ലുഖ്മാന്‍ വാഫി ഫൈസി

ടെക്‌നോളജിയിലുണ്ടായ അത്ഭുത വികാസം ജീവിതരീതികളെ മാറ്റിമറിച്ചിട്ടുണ്ട്. സൗകര്യങ്ങള്‍ അധികരിച്ചപ്പോള്‍ തിരക്കുകൂടിയ നാം സമയ ലാഭത്തിന് അശാസ്ത്രീയ ഭക്ഷണ രീതിയാണ് ശാസ്ത്ര യുഗത്തില്‍ സ്വീകരിച്ചു വരുന്നത്. ഹൃദ്രോഗം, പ്രമേഹം, രക്ത സമ്മര്‍ദം തുടങ്ങിയവ സര്‍വവ്യാപകമായി. കായികാഭ്യാസങ്ങളും ഭക്ഷണ ക്രമീകരണവുമാണ് ആരോഗ്യ സംരക്ഷണത്തിനുള്ള പ്രധാന മാര്‍ഗങ്ങളെന്നത് സുസമ്മതമാണ്. ഇസ്‌ലാമിന്റെ സമ്പൂര്‍ണ്ണത തിരിച്ചറിഞ്ഞ ഏതൊരാളും മറ്റു വിഷയങ്ങളെപോലെ ഈ വിഷയത്തിലും ഇസ്‌ലാമിന് കൃത്യമായ നിര്‍ദ്ദേശങ്ങളുണ്ട് എന്ന് വിശ്വസിക്കാതിരിക്കില്ല. ഖുര്‍ആനും ഹദീസും കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളും ഈ വിഷയത്തെ പ്രതിപാദിച്ചിട്ടുണ്ട്. പക്ഷേ പലപ്പോഴും ആരോഗ്യ സംരക്ഷണത്തിന് ഇസ്‌ലാം നല്‍കുന്ന പ്രാധാന്യം ചര്‍ച്ച ചെയ്യപ്പെടാറില്ല. പ്രത്യേകിച്ച് കായികാഭ്യാസങ്ങളേയും കായിക മത്സരങ്ങളേയും ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു എന്ന സത്യം വിസ്മരിക്കപ്പെടുന്നു. ഇസ്‌ലാം ഈ കാര്യങ്ങള്‍ക്ക് എതിരാണ് എന്നുപോലും ഇതര മതസ്തരും മുസ്‌ലിം പൊതുജനവും തെറ്റിദ്ധരിച്ചിട്ടുണ്ട്.

നമുക്ക് ലഭിച്ചിട്ടുള്ള പ്രധാന അനുഗ്രഹങ്ങളില്‍ ഒന്നാണ് ആരോഗ്യം. അത് സംരക്ഷിക്കല്‍ ഓരോ വ്യക്തിയുടെയും ബാധ്യതയാണ്. നിന്റെ സ്വശരീരത്തോട് നിനക്ക് ബാധ്യതയുണ്ട് (ബുഖാരി 1975) എന്ന പ്രവാചക വചനം ആരോഗ്യ സംരക്ഷണത്തിനാവശ്യമായ കാര്യങ്ങള്‍ ചെയ്യല്‍ വിശ്വാസിയുടെ ബാധ്യതയാണെന്ന് വ്യക്തമാക്കുന്നു. ഇസ്‌ലാമിന്റെ ആരാധനകള്‍ പഠനവിധേയമാക്കുന്ന ഗവേഷകന്‍ അവയിലടങ്ങിയ ആരോഗ്യ സംരക്ഷണത്തിന്റെ രഹസ്യങ്ങളാണ് ശ്രദ്ധിക്കുക. ഇസ്‌ലാമിന്റെ പുറത്തുള്ള ഏതൊരു ഗവേഷകനെയും ഈവിധം ആലോചിപ്പിക്കുന്നതാണ് ഇസ്‌ലാമിലെ ആരാധനകള്‍. ഒരു ദിവസം അഞ്ചു സമയങ്ങളിലെ നമസ്‌കാരത്തിനായി നിര്‍ബന്ധ അംഗശുദ്ധി വരുത്തുമ്പോള്‍ മുഖവും കൈ കാലുകളും കഴുകി തലമുടി വെള്ളമുപയോഗിച്ച് തടവിയാണ് ഒരുങ്ങുന്നത്. രോഗ പ്രതിരോധത്തിന്റെ വലിയ ആയുധമാണ് ഇതെന്ന് ഏതൊരു ഗവേഷകനും നിരീക്ഷിക്കും. നമസ്‌കാരത്തെ വലിയ കായികാഭ്യാസമായി വിലയിരുത്താനാകും. ഹജ്ജിലെ ത്വവാഫും സഅ്‌യും ജംറകളെ എറിയലും തഥൈവ. വ്രതാനുഷ്ഠാനം ആരോഗ്യ സംരക്ഷണത്തിന്റെ അധ്യായമായി മനസ്സിലാക്കും. ആരാധനാകര്‍മ്മങ്ങള്‍ അല്ലാഹു കല്‍പിച്ചതുകൊണ്ട് മാത്രമാണ് ഓരോ വിശ്വാസിയും ചെയ്യുന്നത് എന്നതിനാല്‍ അതിലൂടെ ലഭിക്കുന്ന ആരോഗ്യ സംബന്ധമായ നേട്ടങ്ങള്‍ അര്‍ഹിക്കാതിരിക്കില്ലല്ലോ.

ക്രമരഹിതമായ ഭക്ഷണരീതിയെ ശക്തമായ ശൈലിയിലാണ് പ്രവാചകര്‍ പരാമര്‍ശിച്ചിട്ടുള്ളത്. മനുഷ്യന്‍ നിറച്ചിട്ടുള്ള മോശമായ ഭാജനം വയറാണ് (തിര്‍മുദി 2380, മുസ്‌നദ് അഹ്മദ് 17225) എന്നത് എത്ര ഗൗരവമുള്ള പരാമര്‍ശമാണ്. ‘വിശ്വാസി ഒരു ദഹന നാളികയില്‍ മാത്രം ഭക്ഷിക്കും, അവിശ്വാസികള്‍ ഏഴു ദഹന നാളികളിലും’ (ബുഖാരി 5393) എന്ന പ്രവാചക വചനത്തിനത്തിന്റെ ഗൗരവവും സ്മരണീയമാണ്. വെള്ളം കുടിക്കുമ്പോള്‍ പാത്രത്തിലേക്ക് നിശ്വസിക്കരുത് (ബുഖാരി 5630) എന്ന നബി വചനം ആരോഗ്യ സംരക്ഷണ വിഷയത്തില്‍ ഏറെ പ്രസക്തമാണ്. പ്രബലമല്ലാത്ത ഒരു ഹദീസില്‍ ഇങ്ങനെയും വന്നിട്ടുണ്ട്. ‘ഭക്ഷണ ശേഷം നമസ്‌കാരവും അല്ലാഹുവിനെ ഓര്‍ക്കുന്ന മറ്റു കാര്യങ്ങളും ചെയ്ത് നിങ്ങള്‍ ഭക്ഷണത്തിന്റെ ദഹനം സാധ്യമാക്കണം. അതിനു മുമ്പ് നിങ്ങള്‍ ഉറങ്ങരുത്. നിങ്ങളുടെ ഹൃദയം പാരുഷ്യമുള്ളതാകും’ (ത്വബ്‌റാനി 4952).

മനുഷ്യന് നല്‍കപ്പെട്ട ആരോഗ്യത്തെ ഇസ്‌ലാം വിലമതിക്കുകയും അത് സുകൃതങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ കല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് അനുഗ്രഹങ്ങളുടെ കാര്യത്തില്‍ അധിക ആളുകളും വഞ്ചിതരാണ്. അത് ആരോഗ്യവും ഒഴിവുസമയവുമാണ് (ബുഖാരി 6412). അഞ്ച് അവസ്ഥകള്‍ക്കുമുമ്പുള്ള അഞ്ച് അനുഗ്രഹങ്ങള്‍ ഉപയോഗപ്പെടുത്തുക. വാര്‍ധക്യത്തിനുമുമ്പ് യവ്വനത്തെ, രോഗാവസ്ഥക്കുമുമ്പ് ആരോഗ്യത്തെ, ദാരിദ്രത്തിനുമുമ്പ് ഐശ്വര്യത്തെ, തിരക്കിനുമുമ്പ് ഒഴിവുസമയത്തെ, മരണത്തിനുമുമ്പ് ജീവിതത്തെ (നസാഇ 11832). ആരോഗ്യത്തെ സംരക്ഷിക്കാനും ഉപയോഗപ്പെടുത്താനും മുസ്‌ലിം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. മരുന്നില്ലാത്ത ഒരു രോഗവും അല്ലാഹു ഇറക്കിയിട്ടില്ല (ബുഖാരി 5678) എന്ന പ്രവാചക വചനം രോഗം വന്നാല്‍ ചികിത്സിക്കാനുള്ള വലിയ പ്രചോദനവും നിര്‍ദ്ദേശവുമാണ്. ഏതെങ്കിലും പ്രദേശത്ത് പ്ലേഗുണ്ടായാല്‍ അവിടെനിന്ന് ആരും പുറത്തേക്കുപോകുകയോ പുറത്തുനിന്ന് ആരും അവിടേക്ക് പോകുകയോ ചെയ്യരുത് (ബുഖാരി 5729) എന്ന തിരുവചനത്തില്‍ എല്ലാ പകര്‍ച്ചവ്യാധികള്‍ക്കും ബാധകമാകുന്ന ശക്തമായ നിര്‍ദ്ദേശമാണുള്ളത്.

ശക്തനായ വിശ്വാസി ദുര്‍ബലനായ വിശ്വാസിയേക്കാള്‍ ഉത്തമനും അല്ലാഹുവിന് ഇഷ്ടപ്പെട്ടവനുമാണ് (മുസ്‌ലിം 6945) എന്ന നബി വചനം കായികാഭ്യാസങ്ങള്‍ക്കും കായിക മത്സരങ്ങള്‍ക്കും വലിയ പ്രചോദനമാണ്. ഇതൊരു ദൈവദൂതന്റെ വചനമാകുമ്പോള്‍ സ്വാഭാവികമായും ആ ദൂതന്‍ മറ്റു കാര്യങ്ങളില്‍ എന്നപോലെ ഇതിലും മാതൃകയായിരിക്കും. പ്രവാചകരുടെ ശാരീരിക വടിവും മറ്റു വിശേഷങ്ങളും വിവരിച്ച സ്വഹാബിമാരുടെ വാക്കുകളില്‍നിന്ന് ഈ കാര്യം വ്യക്തമാണ്. വടിവൊത്ത ശരീരം, വിശാലമായ നെഞ്ചകവും ചുമലും തുടങ്ങിയ ഗുണങ്ങള്‍ സ്വഹാബത്ത് പറഞ്ഞത് കൃത്യമായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അബൂഹുറൈറ (റ) പറഞ്ഞു: പ്രവാചകരിലേറെ സൗന്ദര്യമുള്ള ഒന്നിനേയും ഞാന്‍ കണ്ടിട്ടില്ല. സൂര്യന്‍ പ്രവാചകരുടെ മുഖത്തിലൂടെ സഞ്ചരിക്കുന്ന പോലെ, പ്രവാചകരിലേറെ വേഗത്തില്‍ നടക്കുന്ന ഒരാളേയും ഞാന്‍ കണ്ടിട്ടില്ല. ഭൂമി പ്രവാചകര്‍ക്ക് ചുരുട്ടിവെക്കപ്പെട്ട പോലെ, ഞങ്ങള്‍ കൂടെയെത്താന്‍ പ്രയാസപ്പെടും. പ്രവാചകര്‍ പ്രയാസം അനുഭവിക്കുന്നില്ല. പ്രവാചകരുടേത് സാധാരണ നടത്തമാണ് (മുസ്‌നദ് അഹ്മദ് 8930).

ബനൂ ഇസ്രാഈലിന് ത്വാലൂത്തിനെ രാജാവായി നിയോഗിച്ച സംഭവം പറയുന്നിടത്ത് യോഗ്യതയായി പറഞ്ഞത് അറിവിലും ശരീരത്തിലും അദ്ദേഹത്തിന് വിശാലത കൂടുതലുണ്ട് (ഖുര്‍ആന്‍ അല്‍ബഖറ 247) എന്നാണ്. കായിക ശക്തിയെ കാര്യമായി തന്നെ ഇസ്‌ലാം പരിഗണിക്കുന്നു. പ്രവാചകര്‍തന്നെ കായിക മത്സരങ്ങള്‍ നടത്തിയിരുന്നു. കര്‍ശിത കുതിരകളെ ഉപയോഗിച്ചും അകര്‍ശിത കുതിരകളെ ഉപയോഗിച്ചും പ്രവാചകര്‍ പന്തയം സംഘടിപ്പിച്ചിരുന്നു (ബുഖാരി 420). രണ്ടു വിഭാഗം കുതിരകളെ ഉപയോഗിച്ച് വെവ്വേറെയാണ് മത്സരം നടത്തിയിരുന്നത് എന്ന് ഹദീസിന്റെ ബാക്കി ഭാഗത്തുണ്ട്. ഈ ഹദീസില്‍നിന്ന്് മത്സരത്തെ ഇസ്‌ലാം അംഗീകരിക്കുന്നുവെന്നും അത് സ്തുത്യര്‍ഹമാണെന്നും മനസ്സിലാക്കാമെന്ന് ഇബ്‌നു ഹജര്‍ (റ) (ഫത്ഹുല്‍ ബാരി) പറഞ്ഞിട്ടുണ്ട്. പ്രവാചകര്‍ ഒരിക്കല്‍ അമ്പെയ്തുമത്സരിച്ചു കൊണ്ടിരിക്കുന്ന അസ്‌ലം ഗോത്രത്തിലെ ഒരു സംഘത്തോട് പറഞ്ഞു: ഇസ്മാഈല്‍ നബിയുടെ മക്കളേ.. നിങ്ങള്‍ അമ്പെയ്യുക. നിങ്ങളുടെ പിതാവ് അമ്പെയ്ത്തുകാരനായിരുന്നു. ഞാനൊരു വിഭാഗത്തിന്റെ കൂടെ പങ്കെടുക്കാം. അപ്പോള്‍ മറുവിഭാഗം മത്സരത്തില്‍ പങ്കെടുക്കാതെ മാറിനിന്നപ്പോള്‍ പ്രവാചകര്‍ പറഞ്ഞു: നിങ്ങള്‍ അമ്പെയ്യുക. ഞാന്‍ ഇരു വിഭാഗത്തിന്റേയും കൂടെയുണ്ട് (ബുഖാരി 2899).

പ്രവാചക പത്‌നി ആഇശാ ബീവി (റ) പറഞ്ഞു: പ്രവാചകരുടെ യാത്രയില്‍ ഞാന്‍ കൂടെ പോയിരുന്ന ഒരു ദിവസം കൂടെയുള്ള അനുചരരോട് പ്രവാചകര്‍ മുന്നില്‍ പോകാന്‍ ആവശ്യപ്പെട്ടു. അവര്‍ പോയശേഷം പ്രവാചകര്‍ എന്നോട് പറഞ്ഞു: വരൂ നമുക്കൊന്ന് മത്സരിക്കാം. ഓട്ട മത്സരമായിരുന്നു അത്. ആഇശാ ബീവി (റ) പറഞ്ഞു: മത്സരത്തില്‍ ഞാന്‍ വിജയിച്ചു. മറ്റൊരു സന്ദര്‍ഭത്തില്‍ ഞാന്‍ പ്രവാചകരുടെ യാത്രയില്‍ കൂടെ ഉണ്ടായപ്പോള്‍ പ്രവാചകര്‍ മറ്റുള്ളവരോട് മുമ്പില്‍ നടക്കാന്‍ പറഞ്ഞു: അവര്‍ പോയശേഷം എന്നോട് പറഞ്ഞു: വരൂ നമുക്ക് പന്തയമാകാം. മുമ്പ് നടന്ന മത്സരവും ഞാന്‍ വിജയിച്ചതും ഞാന്‍ മറന്നിരുന്നു. ഞാനപ്പോഴേക്കും കൂടുതല്‍ തടിച്ചിരുന്നു. ഈ അവസ്ഥയില്‍ നിങ്ങളോട് ഞാനെങ്ങനെ മത്സരിക്കുമെന്ന് ഞാന്‍ ചോദിച്ചു. നിനക്ക് സാധിക്കുമെന്ന് പ്രവാചകര്‍ പറഞ്ഞു. ഞങ്ങള്‍ മത്സരിച്ചു, ഞാന്‍ പരാജയപ്പെട്ടു, അപ്പോള്‍ പ്രവാചകര്‍ പറഞ്ഞു: ഇത് അതിന് പകരമാണ്. അഥവാ നേരത്തേ നീ എന്നെ പരാജയപ്പെടുത്തിയതിന് പകരം ഇപ്പോള്‍ നിന്നെ പരാജയപ്പെടുത്തിയിരിക്കുന്നു (നസാഇ 8896).

പ്രവാചകര്‍ ജീവിതത്തിലെ എല്ലാ കാര്യത്തിലും മാതൃകയാണ്. നിങ്ങള്‍ക്ക് പ്രവാചകരില്‍ നല്ല മാതൃകയുണ്ട് (വി.ഖു അഹ്‌സാബ് 21). ഇസ്‌ലാം കായിക മത്സരങ്ങള്‍ക്ക് പരിഗണനയും അര്‍ഹമായ പ്രാധാന്യവും നല്‍കുന്നുണ്ട്. പ്രവാചകരുടെ സ്വഹാബിമാര്‍ പ്രതിഭകളായിരുന്നു. ഉമര്‍ (റ), അലി (റ), ഖാലിദ് (റ) തുടങ്ങിയവര്‍ അവരുടെ കാലത്തെ പ്രവാചകരൊഴികെയുള്ളവരില്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്ന പ്രതിഭകളാണ്. അതിന് ചരിത്രം സാക്ഷിയാണ്. പേര്‍ഷ്യയും റോമും അവര്‍ കീഴടക്കിയല്ലോ? സുഹ്‌രി ഇമാം (റ) പറഞ്ഞു: അവര്‍ കുതിരയെയും ഒട്ടകത്തെയും ഉപയോഗിച്ചും കാല്‍നടയായും ഓട്ട മത്സരം നടത്തിയിരുന്നു. (മുസന്നഫ് ഇബ്‌നു അബീ ശൈബ 34242).

SHARE