മൂന്ന് പതിറ്റാണ്ടിനിടെ ദൈര്‍ഘ്യമേറിയ ഉഷ്ണതാപം വെന്തുരുകി ഉത്തരേന്ത്യ

ന്യൂഡല്‍ഹി: വെന്തുരുകുന്ന ചൂടില്‍ ഉത്തരേന്ത്യയില്‍ ജനജീവിതം ദുസ്സഹമായി. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും കൂടുതല്‍ ദിനങ്ങള്‍ നീണ്ടുനിന്ന ഉഷ്ണതാപമാണിത്. 1988-ലെ 33 ദിവസം നീണ്ടു നിന്ന കടുത്ത ചൂടുദിനങ്ങളെക്കാള്‍ ഈ വര്‍ഷം ഉഷ്ണതാപം നിലനില്‍ക്കുമെന്നാണ് വിലയിരുത്തല്‍.
ഏപ്രില്‍ 15-മുതല്‍ മെയ് നാല് വരെയും മെയ് 18 മുതല്‍ 22 വരെയും ജൂണ്‍ 7 മുതല്‍ 13 വരെയുമാണ് അത്യുഷ്ണം അനുഭവപ്പെട്ടത്. താപനില 45 ഡിഗ്രി സെല്‍ഷ്യസും പിന്നിട്ട് രണ്ട് ദിവസത്തിലധികം നീണ്ടുനില്‍ക്കുന്ന അവസ്ഥയെയാണ് ഉഷ്ണതാപമായി കണക്കാക്കുന്നത്. താപനില 47 ഡിഗ്രി സെല്‍ഷ്യസ് പിന്നിട്ടാല്‍ ഉഷ്ണതാപം അതീവ തീവ്രമെന്നാണ് രേഖപ്പെടുത്തുക. രാജ്യത്തെ നാല് പ്രധാന നഗരങ്ങളില്‍ കഴിഞ്ഞയാഴ്ച പലതവണയായി 48 ഡിഗ്രിയും പിന്നിട്ട് താപനില ഉയര്‍ന്നിരുന്നു. രാജസ്ഥാനിലെ ചുരുവില്‍ 50 ഡിഗ്രി സെല്‍ഷ്യസില്‍ അധികം രണ്ട് തവണ താപനില രേഖപ്പെടുത്തി. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ അവസ്ഥയും വ്യത്യസ്ഥമല്ല. 48 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. യു.പിയിലെ അലഹബാദ്, രാജസ്ഥാനിലെ ബാണ്ട തുടങ്ങിയ സ്ഥലങ്ങളിലും താപനില 48 ഡിഗ്രി പിന്നിട്ടു.
ദക്ഷിണേന്ത്യയില്‍ മണ്‍സൂണ്‍ മഴ ആരംഭിച്ചങ്കിലും ഉത്തരേന്ത്യയില്‍ കുടുത്ത ചൂട് തുടരുകയാണ്. രാജ്യത്ത് ഉഷ്ണതാപം ക്രമാതീതമായി കൂടിവരുന്നതായി പൂണെ ആസ്ഥാനമായുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപിക്കല്‍ മെറ്റിയിറോളജി (ഐഐടിഎം) കഴിഞ്ഞ വര്‍ഷം പുറത്ത് വിട്ട പഠനം കണ്ടത്തിയിരുന്നു.

SHARE