സംസ്ഥാനത്തെ ജയിലുകളില്‍ വിചാരണത്തടവുകാരായി കഴിയുന്നവര്‍ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

കൊച്ചി: കൊവിഡ്19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജയിലുകളില്‍ വിചാരണത്തടവുകാരായി കഴിയുന്നവര്‍ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഏപ്രില്‍ 30 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പരമാവധി ഏഴുവര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റാരോപിതര്‍ക്കാണ് ജാമ്യം ലഭിക്കുക.ജാമ്യം ലഭിക്കുന്നതിന് ഹൈക്കോടതി ഉപാധികളും വെച്ചിട്ടുണ്ട്. ജയില്‍ സൂപ്രണ്ടിനാണ് ജാമ്യം അനുവദിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്.

ജാമ്യം അനുവദിക്കാവുന്നതായി ജയില്‍ സൂപ്രണ്ട് കണ്ടെത്തുന്ന ജയിലില്‍ കഴിയുന്ന പ്രതികള്‍ അവരുടെ കൃത്യമായ വിലാസം,ഫോണ്‍ നമ്പര്‍, തൊട്ടടുത്ത ബന്ധുവിന്റെയും വിലാസവും ഫോണ്‍നമ്പറും അടക്കം സത്യവാങ്മൂലമായി സൂപ്രണ്ടിന് നല്‍കണം.സൂപ്രണ്ട് നിര്‍ദേശിക്കുന്ന സമയത്ത് ഹാജരാകാമെന്നും ജാമ്യം ലഭിക്കുന്ന പ്രതി സത്യാവാങ്മൂലത്തില്‍ വ്യക്തമാക്കണം.പ്രതിക്ക് ജാമ്യം നല്‍കുന്ന വിവരം സമീപത്തെ പോലിസ് സ്‌റ്റേഷിലും അറിയിക്കണം.ജാമ്യവ്യസ്ഥകള്‍ ലംഘിച്ചാല്‍ പ്രതികളെ അറസറ്റു ചെയ്ത് കേസ് നിലവിലുള്ള പരിധിയിലെ കോടതിയില്‍ ഹാജരാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നവര്‍ ലോക്ഡൗണിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.അവര്‍ക്ക് പുറത്തിറങ്ങുന്നതിനോ ആളുകളുമായി ബന്ധപ്പെടുന്നതിനോ കഴിയില്ല. ജാമ്യം കിട്ടി പുറത്തിറങ്ങിയതിനു ശേഷം ആദ്യം സമീപത്തെ പോലിസ് സ്‌റ്റേഷനില്‍ റിപോര്‍ട് ചെയ്യണം.അതിനുശേഷം മാത്രമെ വീടുകളിലേക്ക് പോകാന്‍ കഴിയു. ഏപ്രില്‍ 30 നുശേഷം ലോക്ഡൗണ്‍ തുടര്‍ന്നില്ലെങ്കില്‍ ഇവര്‍ വിചാരണ കോടതിയില്‍ ഹാജരാകണം. കോടതികള്‍ക്ക് ഇവര്‍ക്ക് ജാമ്യം തുടര്‍ന്ന് നല്‍കണോ അതോ ജയിലിലേക്ക് അയക്കണോ എന്ന്്് തീരുമാനിക്കാവുന്നതാണ്.ഏഴു വര്‍ഷത്തില്‍ താഴെ കുറ്റം ചെയ്തിട്ടുള്ളവരാണെങ്കിലും സ്ഥിരം കുറ്റവാളികള്‍, മുന്‍പ് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍,നിലവിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് സമാനമായ രീതിയില്‍ മറ്റു കേസുകളുള്ളവര്‍ എന്നിവര്‍ക്ക് ഇടക്കാല ജാമ്യം ലഭിക്കില്ല. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കേണ്ടത്. ജയില്‍ സൂപ്രണ്ടാണ്.ഹൈക്കോടതിയില്‍ പരിഗണനയില്‍ ഇരിക്കുന്നതും ഇനി ഫയല്‍ ചെയ്യുന്നതുമായ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നതിനും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് രൂപീകരിച്ചു.വീഡിയോ കോണ്‍ഫ്രന്‍സ് വഴിയാണ് അടിയന്തര പ്രധാന്യമുള്ള കേസുകള്‍ പരിഗണിക്കുക.ഇഫയിലിംഗ് സംവിധാനം വഴിയായിരിക്കണം പുതിയതായി കേസുകള്‍ ഫയല്‍ ചെയ്യേണ്ടത്.ഇടക്കാല ജാമ്യം ലഭിക്കാത്ത പ്രതികളുടെ ജാമ്യാപേക്ഷകള്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി പരിഗണിക്കുന്നതിന് സെഷന്‍സ് കോടതികള്‍ക്കും നിര്‍ദേശം നല്‍കി.വീഡിയോ കോണ്‍ഫ്രന്‍സ് വഴി അഭിഭാഷകരുടെയും പബ്ലിക് പ്രോസിക്യൂട്ടറിന്റെയും വാദങ്ങള്‍ കേള്‍ക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.സെഷന്‍സ് കോടതികളിലേക്ക് സമര്‍പ്പിക്കുന്ന ജാമ്യാപേക്ഷകള്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്‌ജോ അഡീഷണല്‍ സെഷന്‍സ് ജഡ്‌ജോ പരിഗണിക്കും. ജസ്റ്റിസ് സി കെ അബ്ദുള്‍ റഹിം,ജസ്റ്റിസ് സി ടി രവികുമാര്‍,ജസ്റ്റിസ് രാജാ വിജയ രാഘവന്‍ എന്നിവരങ്ങിയ ഫുള്‍ ബെഞ്ചാണ് സിറ്റിഗ് നടത്തി ഉത്തരവ് പുറപ്പെടുവിച്ചത്.

SHARE