ബലാത്സംഗ കേസ്; ഫ്രാങ്കോ മുളക്കല്‍ വിചാരണ നേരിടണം; വിടുതല്‍ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി തള്ളി. തനിക്കെതിരെ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കേസില്‍ വിചാരണ കൂടാതെ വെറുതെ വിടണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത് .

സമാന ആവശ്യമുന്നയിച്ച് നല്‍കിയ ഹര്‍ജി മാര്‍ച്ച് 16 ന് കോട്ടയം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് പുനപരിശോധന ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സാക്ഷിമൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും കേസില്‍ നടപടി തുടരാനുള്ള വസ്തുതകളില്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. പ്രഥമദൃഷ്ട്യാ പീഡന കേസ് നിലനില്‍ക്കുന്നുണ്ടെന്നും നടപടികള്‍ വൈകിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നുമായിരുന്നു പ്രോസിക്യുഷന്‍ വാദം.

അതേസമയം, കത്തോലിക്കാ സഭാ നേതൃത്വത്തിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും രംഗത്തെത്തി. വൈദിക വേഷം ധരിച്ച കൊടുംക്രിമിനലുകളെ സഭാനേതൃത്വം സംരക്ഷിക്കുന്നുവെന്ന് സിസ്റ്റര്‍ ലൂസി ആരോപിച്ചു. കുറ്റവാളികളോട് സഭ കാരുണ്യം കാണിക്കുന്നു.തെറ്റുകള്‍ ചൂണ്ടികാണിക്കുന്നവരെ ഇല്ലാതാക്കുന്നു. പരാതികള്‍ പൊലീസ് അന്വേഷിക്കുന്നില്ലെന്നും അന്വേഷണം നടത്താന്‍ കോടതിയുടെ മേല്‍നോട്ടം ആവശ്യപെട്ട് ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ സമര്‍പ്പിക്കുമെന്നും ലൂസി കളപ്പുര പറഞ്ഞു.

SHARE