എം.എം അക്ബറിനെതിരായ കേസുകളില്‍ തുടര്‍നടപടികള്‍ക്ക് ഹൈക്കോടതി സ്‌റ്റേ

കൊച്ചി: എറണാകുളം പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എം.ഡി എം.എം അക്ബറിനെതിരായ കേസുകളില്‍ തുടര്‍നടപടികള്‍ക്ക് ഹൈക്കോടതി സ്‌റ്റേ. സ്‌കൂളിനെതിരായ രണ്ടു ഹര്‍ജികളാണ് ഒരാഴ്ചത്തേക്ക് കോടതി സ്‌റ്റേ ചെയ്തത്.

കൊട്ടിയം, കാട്ടൂര്‍ പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം കൊച്ചി പാലാരിവട്ടം കോടതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് തുടരാമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

കേസ് 15ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. തനിക്കെതിരായ മൂന്ന് കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എം.എം അക്ബര്‍ ഹൈക്കോടതിയെ സമീപിച്ചത്.
മതവിദ്വേഷം വളര്‍ത്തുന്ന സിലബസ് പഠിപ്പിക്കുന്നു എന്നാരോപിച്ചാണ് പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എം.ഡി എം.എം അക്ബറിനെതിരെ പൊലീസ് കേസെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് എം.എം.അക്ബറിനെ ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്ന് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനു പിന്നാലെ സ്‌കൂള്‍ അടച്ചു പൂട്ടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടിരുന്നു.