കഠ്‌വ പ്രതികള്‍ക്ക് നിയമസഹായം നല്‍കാന്‍ ഹിന്ദുത്വ സംഘടനയുടെ നേതൃത്വത്തില്‍ പണപ്പിരിവ്

കശ്മീര്‍: കഠ്‌വയില്‍ എട്ട് വയസുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികള്‍ക്ക് നിയമസഹായം നല്‍കാന്‍ ഹിന്ദുത്വ സംഘടനയുടെ നേതൃത്വത്തില്‍ പണപ്പിരിവ്. ഹിന്ദു ഏകതാ മഞ്ച് ആണ് പ്രതികള്‍ക്കായി പിരിവ് നടത്തുന്നത്. കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള ചിലവുകള്‍ക്കായാണ് പിരിവ് നടത്തുന്നതെന്ന് ഹിന്ദു ഏകതാ മഞ്ച് പ്രസിഡണ്ട് വിജയ് ശര്‍മ്മ പറഞ്ഞു.

എന്നാല്‍ പൊതുജനങ്ങള്‍ പണപ്പിരിവിനോട് വലിയ താല്‍പര്യം കാണിക്കാതായതോടെ പ്രതികളുടെ സുഹൃത്തുക്കളേയും സംഘപരിവാര്‍ സംഘടനാ അനുഭാവികളേയും നേരില്‍ കണ്ടും ഫോണില്‍ വിളിച്ചുമാണ് ഫണ്ട് ശേഖരിക്കുന്നത്. ‘സുപ്രീം കോടതിയില്‍ കേസ് വിജയകരമായി നടത്താന്‍ മികച്ച ലീഗല്‍ ടീമിനെ കൊണ്ടുവരാനാവശ്യമായതെല്ലാം ചെയ്യണം. ഇതിനായുള്ള ചിലവുകള്‍ക്ക് അകമഴിഞ്ഞ് സഹായിക്കാന്‍ ഞങ്ങള്‍ എല്ലാവരോടും ആവശ്യപ്പെടുന്നു’-എന്ന സന്ദേശമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്.

കഠ്‌വ സംഭവം പുറത്ത് വന്നത് മുതല്‍ പ്രതികള്‍ക്കായി ഹിന്ദു ഏകതാ മഞ്ച് എന്ന സംഘടന രൂപീകരിച്ച് സംഘപരിവാര്‍ ശക്തമായി രംഗത്ത് വന്നിരുന്നു. പ്രതികള്‍ക്കനുകൂലമായി ശ്രീനഗറില്‍ ഹിന്ദുത്വ സംഘടനകള്‍ റാലി നടത്തിയിരുന്നു. ഇതില്‍ രണ്ട് ബി.ജെ.പി മന്ത്രിമാര്‍ പങ്കെടുത്തത് വിവാദമായതിനെ തുടര്‍ന്ന് ഇവര്‍ പിന്നീട് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചിരുന്നു. ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷനും പ്രതികള്‍ക്കായി രംഗത്ത് വന്നിരുന്നു.

SHARE