രാജസ്ഥാനില്‍ സിഖ് യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി മുടി മുറിച്ചു

ജയ്പൂര്‍: രാജസ്ഥാനില്‍ സിഖ് യുവാവിന്റെ മുടി മുറിച്ച് ആള്‍ക്കൂട്ടത്തിന്റെ അതിക്രമം. രജ്‌വീര്‍ സിങ് എന്ന യുവാവിന്റെ മുടിയാണ് ഒരു കൂട്ടമാളുകള്‍ ബലം പ്രയോഗിച്ച് മുറിച്ചത്. രാജസ്ഥാനിലെ ഹനുമാന്‍ ഗഢ് ജില്ലയിലാണ് സംഭവം.

ഹനുമാന്‍ ഗഢ് ജില്ലയിലെ ഖര്‍ലിയാന്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിന് വേണ്ടി രജ്‌വീര്‍ സിങിനെ മര്‍ദ്ദിച്ച് അവശനാക്കി മുടിവെട്ടിമാറ്റുകയായിരുന്നു അക്രമികള്‍. സംഭവത്തില്‍ പ്രതികളെ പെട്ടെന്ന് പിടികൂടണമെന്ന ആവശ്യം ജില്ലാ ഭരണകൂടത്തിനോട് ഉന്നയിച്ചിട്ടുണ്ടെന്ന് സിഖ് അഡൈ്വസറി കമ്മിറ്റി കണ്‍വീനര്‍ തേജേന്ദര്‍പാല്‍ സിങ് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ പ്രതിഷേധം ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിലെ മുഖ്യ കുറ്റവാളിയെ പോലീസ് പിടികൂടിയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ പ്രതികള്‍ ഇനിയും പിടിയിലാവാനുണ്ട്.

സംസ്ഥാനത്ത് സിഖുകാര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ആള്‍ക്കൂട്ടത്തിന്റെ മറ്റൊരു അതിക്രമം കൂടി ഉണ്ടാവുന്നത്. കഴിഞ്ഞ മാസം പരീക്ഷാ ഹാളിലേക്ക് സിഖുകാര്‍ പ്രവേശിക്കുന്നത് ഒരുകൂട്ടമാളുകള്‍ തടഞ്ഞിരുന്നു. ഇതിനു ശേഷമാണ് മറ്റൊരു അതിക്രമം ഉണ്ടാവുന്നത്.

SHARE