ഓടുപൊളിച്ച് കയറി ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്തു കൊന്നു

പുന്നയൂര്‍ക്കുളം: വീടിന്റെ ഓടുപൊളിച്ച് അകത്തുകയറിയ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചെറായി കെട്ടുങ്ങല്‍ പാലത്തിനു സമീപം ചീനിക്കല്‍ യൂസഫിന്റെ ഭാര്യ സുലൈഖ (49) ആണ് കൊല്ലപ്പെട്ടത്. യൂസഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം. നേരത്തെ രണ്ടുവട്ടം യൂസഫിനെതിരെ സുലൈഖ പൊലീസിനു പരാതി നല്‍കിയിരുന്നു.

ഇന്നലെ രാവിലെ ഏഴിനും എട്ടിനുമിടയിലാണ് സംഭവം. വീട്ടില്‍ സുലൈഖയും ഉമ്മ ഖദീജയും മാത്രമാണ് താമസം. ഏഴുമണിയോടെ ഖദീജ മുറ്റമടിക്കാന്‍ വീടിനു പുറത്തിറങ്ങി. യൂസഫ് അപായപ്പെടുത്തുമെന്ന ഭീഷണിയുള്ളതിനാല്‍ മുന്‍വശത്തെ വാതില്‍ തുറന്നു പുറത്തിറങ്ങിയ ശേഷം ഖദീജ വരാന്തയിലെ ഗ്രില്‍ പുറത്തു നിന്നു പൂട്ടിയിരുന്നു. ഈ സമയം വീടിന്റെ പരിസരത്തു യൂസഫ് വെട്ടുകത്തിയുമായി പതുങ്ങിയിരിക്കുകയായിരുന്നെന്നു പൊലീസ് പറയുന്നു.

മുറ്റമടിച്ചുകൊണ്ടു ഖദീജ വീടിനു പിന്നിലേക്കു മാറിയ തക്കത്തിന് യൂസഫ് ഓടുപൊളിച്ചു വരാന്തയ്ക്കുള്ളില്‍ ഇറങ്ങി. മുന്‍വശത്തെ വാതില്‍ തള്ളിത്തുറന്നു മുറിക്കുള്ളില്‍ പ്രവേശിച്ച ശേഷം സുലൈഖയുടെ കഴുത്തറുത്തു കൊലപ്പെടുത്തിയെന്നാണ് നിഗമനം. മക്കള്‍: മന്‍സൂര്‍, മിര്‍ഷാദ്, മിന്നത്ത്. മരുമക്കള്‍ : റുബീന, ഖദീജ, ഫൈസല്‍.

SHARE