മലപ്പുറം: ദശാബ്ദങ്ങളായി തുടരുന്ന ബാബരി മസ്ജിദ് കേസിലെ സുപ്രിംകോടതി വിധി വരുന്ന പശ്ചാത്തലത്തില്‍ സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നതിന് എല്ലാവരും പ്രതിജ്ഞാബദ്ധമായിരിക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ പരമോന്നത നീതിപീഠം ഇക്കാര്യത്തില്‍ കൈക്കൊള്ളുന്ന തീരുമാനം ഏതുതരത്തിലായാലും വിധിയെ സംയമനത്തോടെ അഭിമുഖീകരിക്കണം. അസഹിഷ്ണുതയും പ്രകോപനവും സൃഷ്ടിക്കാനുള്ള ശ്രമങ്ങളുണ്ടായാല്‍ അതില്‍ വശംവദരാവരുത്. മുസ്‌ലിംകളുടെ ആരാധനാലയമെന്നതിനൊപ്പം രാജ്യത്തിന്റെ മഹത്തായ മതേതര പൈതൃകത്തിന്റെ പ്രതീകം കൂടിയാണ് ബാബരി മസ്ജിദ്.
മസ്ജിദിന്റെയും അതുനിലകൊള്ളുന്ന ഭൂമിയുടെയും ഉടമസ്ഥാവകാശം സംബന്ധിച്ച എല്ലാ ന്യായവാദങ്ങളും ചരിത്രത്തിന്റെയും ശാസ്ത്രത്തിന്റെയും ആധികാരിക രേഖകളുടെയും പിന്‍ബലത്തോടെതന്നെ കോടതി മുമ്പാകെ ഇഴകീറി പരിശോധനക്കു വന്നിട്ടുണ്ട്. സുപ്രീംകോടതിയുടെ അന്തിമതീരുമാനത്തെ ഉത്തമ വിശ്വാസത്തോടെയാണ് രാജ്യം കാത്തിരിക്കുന്നത്. ജനാധിപത്യ വ്യവസ്ഥയില്‍ നീതിപീഠങ്ങളാണ് പൗരന്റെയും ദുര്‍ബലജനതയുടെയും സത്യവും നീതിയും പുലരാന്‍ ആഗ്രഹിക്കുന്നവരുടെയും അവസാനത്തെ പ്രതീക്ഷ.
സത്യത്തിന്റെയും നീതിയുടെയും പക്ഷത്ത് നിലകൊള്ളുന്നതാണ് നമ്മുടെ രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയുടെ ചരിത്രം. കോടതി വിധിയെ മാനിക്കുമെന്ന് എക്കാലവും ഉറക്കെപറഞ്ഞിട്ടുള്ളവരാണ് വിശ്വാസികള്‍. വിധിയുടെ പേരില്‍ നാടിന്റെ സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും ഭംഗം വരാതിരിക്കാന്‍ ജാഗ്രതപുലര്‍ത്തണം. രാജ്യത്തെ ഭൂരിപക്ഷ സമുദായത്തിന്റെ കരുതലും സ്‌നേഹവും ഐക്യദാര്‍ഢ്യവും ഓരോ നിര്‍ണായകഘട്ടങ്ങളിലും ന്യൂനപക്ഷ, പിന്നാക്ക സമൂഹത്തിന് ലഭിച്ചിട്ടുണ്ട്. ആ പരസ്പരസ്‌നേഹവും സാഹോദര്യവും എക്കാലവും തുടരണം. അതാണ് രാജ്യത്തിന്റെ അഭിലാഷമെന്നും തങ്ങള്‍ പറഞ്ഞു.