സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും: തങ്ങള്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ കോഴിക്കോട് കടപ്പുറത്ത് യു.ഡി.എഫ് മലബാര്‍ മേഖലാ മഹാറാലിയോടനുബന്ധിച്ച് നടന്ന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: മതേതര ചേരിയെ ദുര്‍ബലപ്പെടുത്തി സി.എ.എ പ്രക്ഷോഭം ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ വഴിതിരിച്ചുവിടാനുളള ശ്രമങ്ങള്‍ കരുതിയിരിക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. മഹാത്മാ ഗാന്ധിയെയും നെഹ്‌റുവിനെയുമൊക്കെ ചരിത്രത്തില്‍നിന്ന് മായ്ച്ചു കളയാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. ഗാന്ധി വധത്തിന്റെ രക്തക്കറ മായാത്ത കൈകളാണ് അവരുടേത്. അതുകൊണ്ടു തന്നെയാണ് ഡല്‍ഹിയിലെ മഹാത്മാ ഗാന്ധി മ്യൂസിയത്തില്‍നിന്ന് ഗാന്ധിവധവുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ എടുത്തു മാറ്റിയിരിക്കുന്നത്. ഹിന്ദുമുസ്്‌ലിം മൈത്രിക്കു വേണ്ടി നിലകൊണ്ട ഗാന്ധിയുടെ ഓര്‍മകളെ പോലും ഭയപ്പെടുന്നവരായി സംഘ്പരിവാര്‍ മാറിയിരിക്കുന്നു. യു.ഡി.എഫ് മലബാര്‍ മേഖല മഹാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണഘടനയും മതനിരപേക്ഷതയും പ്രതിസന്ധിയിലായ ഈ സമയത്ത് നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ രാജ്യം മുഴുവന്‍ തെരുവിലിറങ്ങിയിരിക്കുകയാണ്. ഈ സമരവീര്യം തകര്‍ക്കാന്‍ പല കോണുകളില്‍നിന്നും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ മുന്നോട്ടു വെച്ച ചുവടുകള്‍ ഒരടി പോലും പിന്നോട്ടുവെക്കില്ല. നമ്മുടെ പൂര്‍വ്വികര്‍ രക്തവും ജീവനും നല്‍കി നേടിയ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഏതറ്റം വരെ പോകാനും നമ്മള്‍ തയ്യാറാണ്.
നിയമപരമായും രാഷ്ട്രീയമായും ഇന്ന് ഈ വിപത്തിനെതിരെ ക്രിയാത്മകമായി പോരാടുന്നത് നമ്മളാണ്. ആ നിയമ പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന വ്യക്തിയാണ് കപില്‍ സിബല്‍. അദ്ദേഹത്തിന്റെ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് പൗരത്വ നിയമവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി കേന്ദ്രത്തോട് വിശദീകരണം ആവശ്യപ്പെട്ടത്. സംഘ്പരിവാറിനെതിരെ യോജിച്ച മുന്നേറ്റത്തിന് നേതൃത്വം നല്‍കാന്‍ ഇന്ത്യാ രാജ്യത്ത് കരുത്തുള്ള കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മതേതര മുന്നണിയായ യു.പി.എയിലാണ് പ്രതീക്ഷ.

പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭമാണ് കോണ്‍ഗ്രസ്സിന്റെയും യു.പി.എ ഘടകകക്ഷികളുടെയും നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. പഞ്ചാബ് നിയമസഭ പ്രമേയം പാസ്സാക്കിയത് അതിന്റെ ഭാഗമായാണ്. മറ്റൊരു ബദലും ഉയര്‍ന്നുവരാത്ത കാലത്തോളം ഫാസിസ്റ്റ് വിരുദ്ധ ചേരി ഇതു തന്നെയാണ്. ഈ ചേരിയെ ദുര്‍ബലപ്പെടുത്തുകയാണ് ഫാസിസ്റ്റുകളുടെ ലക്ഷ്യം. ഓരോ ചുവടും കരുതലോടെ വെച്ച് നമ്മള്‍ മുന്നോട്ടു തന്നെയാണ്. സമരം വിജയിക്കുന്നതു വരെയും പോരാട്ടം തുടരും. അതിനായി എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ ഉണ്ടാവണമെന്നും ഹൈദരലി തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗവുമായ കപില്‍ സിബല്‍ എം.പി മുഖ്യാതിഥിയായി. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്്‌ലിയാര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. മുസ്‌ലിംലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് എം.പി അബ്ദുസ്സമദ് സമദാനി കപില്‍ സിബലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി.
യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്്‌നാന്‍ എം.പി, മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്‌ലിംലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, കെ മുരളീധരന്‍ എം.പി കെ.എന്‍.എം വൈസ് പ്രസിഡന്റ് ഡോ.ഹുസൈന്‍ മടവൂര്‍, മര്‍കസുദ്ദഅ്‌വ പ്രസിഡന്റ് സി.പി ഉമര്‍ സുല്ലമി, ടി.കെ അഷ്‌റഫ് വിസ്ഡം, ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്, എം.ഇ.എസ് പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍, എം.എസ്.എസ് സി.പി കുഞ്ഞുമുഹമ്മദ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.കെ രാഘവന്‍ എം.പി, ഷിബു ബേജിജോണ്‍, ജോണ്‍പൂതക്കുഴി, സി.എന്‍ വിജയകൃഷ്ണന്‍, എം.എല്‍.എമാരായ സണ്ണിജോസഫ്, പി.കെ അബ്ദുറബ്ബ്, കെ.എം ഷാജി, അഡ്വ.എം ഉമ്മര്‍, സി മമ്മുട്ടി, മഞ്ഞളാംകുഴി അലി, അഡ്വ.എന്‍ ഷംസുദ്ദീന്‍, ഷാഫി പറമ്പില്‍, പാറക്കല്‍ അബ്ദുല്ല, മുസ്‌ലിംലീഗ് സംസ്ഥാന ഭാരവാഹികളായ സി.ടി അഹമ്മദലി, പി.കെ.കെ ബാവ, എം.സി മായിന്‍ഹാജി, ടി.പി.എം സാഹിര്‍, കെ കുട്ടിഅഹമ്മദ്കുട്ടി, സി മോയിന്‍കുട്ടി, പി.എം.എ സലാം, അബ്ദുറഹിമാന്‍ രണ്ടത്താണി, സി.പി ചെറിയമുഹമ്മദ്, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ഡി.സി.സി പ്രസിഡന്റുമാരായ ടി സിദ്ദീഖ്, വി.വി പ്രകാശ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ എന്‍ സുബ്രമണ്യന്‍, പി.എം സുരേഷ് ബാബു, കെ പ്രവീണ്‍കുമാര്‍, കെ.എസ്.യു പ്രസിഡന്റ് കെ.എം അഭിജിത്ത്, എം.എസ്.എഫ് പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, വനിതാലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി കുല്‍സു സംസാരിച്ചു. പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ സ്വാഗതവും യു.ഡി.എഫ് കോഴിക്കോട് ജില്ലാ കണ്‍വീനര്‍ എം.എ റസാഖ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.