ഹൈദരാബാദ് പീഡനം; കമ്മീഷ്ണര്‍ സജ്ജനാര്‍ പ്രതികളെ വെടിവെച്ചുകൊല്ലുന്നത് രണ്ടാംതവണ

ഹൈദരാബാദ്: ഹൈദരാബാദ് പീഡനക്കേസിലെ പ്രതികളെ വെടിവെച്ച് കൊന്ന പൊലീസ് കമ്മീഷ്ണറായ വിസി സജ്ജനാര്‍ ഐപിഎസ് ഏറ്റുമുട്ടല്‍ കൊല നടത്തുന്നത് രണ്ടാംതവണ. സൈബരാബാദ് മെട്രോപൊലീറ്റന്‍ കമ്മീഷ്ണറാണ് സജ്ജനാര്‍. പീഡനക്കേസിലെ പ്രതികള്‍ വെടിയേറ്റു വീണത് സജ്ജനാറിന്റെ അധികാരപരിധിയിലാണ്. ഇന്ന് പുലര്‍ച്ചെയാണ് പ്രതികള്‍ കൊല്ലപ്പെട്ടത്.

നേരത്തെയും സജ്ജനാറിന്റെ അധികാരപരിധിയില്‍ ഏറ്റുമുട്ടല്‍ കൊലപാതകം നടന്നിട്ടുണ്ട്. 2008 ഡിസംബറില്‍ ആന്ധ്രയിലെ വാറങ്കലില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ച സംഭവത്തിലെ പ്രതികളായ മൂന്നു യുവാക്കളെ പൊലീസ് വെടിവച്ചു കൊന്നപ്പോള്‍ വാറങ്കല്‍ എസ്.പിയായിരുന്നു സജ്ജനാര്‍. സംഭവത്തില്‍ ആസിഡ് ശരീരത്തില്‍ വീണ ഒരു പെണ്‍കുട്ടി മരിച്ചിരുന്നു. ശ്രീനിവാസ്, സഞ്ജയ്, ഹരികൃഷ്ണ എന്നീ യുവാക്കളാണ് അന്ന് പൊലീസ് വെടിവപ്പില്‍ കൊല്ലപ്പെട്ടത്. ഇത് വലിയ വിവാദമായിരുന്നു. സജ്ജനാര്‍ക്കെതിരെ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. പ്രണയം നിരസിച്ചതു കൊണ്ട് ആസിഡ് ഒഴിച്ചത് തങ്ങളാണെന്നു പ്രതികള്‍ സമ്മതിച്ചിരുന്നു. പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കസ്റ്റഡിയില്‍ എടുക്കാന്‍ മൂവുനൂരില്‍ എത്തിയപ്പോള്‍ പെലീസ് പാര്‍ട്ടിക്കു നേരെ ഇവര്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് വെടിവെക്കുകയായിരുന്നുവെന്നാണ് സജ്ജനാറിന്റെ വിശദീകരണം.

അന്നു വാറങ്കലില്‍ വിവാദത്തിനൊപ്പം സജ്ജമാര്‍ ഹീറോയുമായി മാറിയിരുന്നു. നൂറുകണക്കിനു വിദ്യാര്‍ഥികളാണ് ഇദ്ദേഹത്തെ കാണാനായി ഓഫിസില്‍ എത്തിയിരുന്നത്. വിവിധയിടങ്ങളില്‍ സജ്ജനാറിനെ മാലയിട്ടു വിദ്യാര്‍ഥികള്‍ സ്വീകരിച്ചു. ഹൈദരാബാദില്‍ ഇരുപത്തിയേഴുകാരിയായ ഡോക്ടര്‍ ക്രൂരമായി കൊല്ലപ്പെട്ടതിനു ശേഷം വാറങ്കല്‍ മോഡല്‍ നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരണം നടന്നിരുന്നു. ഡോക്ടറെ കൃത്യമായി ആസൂത്രണം ചെയ്തു പ്രതികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊന്നതാണെന്നു സജ്ജനാര്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ കൊലപാതകം നടക്കുന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ന് ഇവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നെന്നാണ് സൈബരാബാദ് പൊലീസ് പറയുന്നത്.നവംബര്‍ 28ന് ആണ് 26 വയസ്സുള്ള വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഷാദ്‌നഗര്‍ ദേശീയപാതയില്‍ പാലത്തിനടിയില്‍ കാണപ്പെട്ടത്. ഈ സംഭവത്തില്‍ പിന്നീട് അറസ്റ്റിലായ ജോല്ലു ശിവ, ജോല്ലു നവീന്‍, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ ലോറി തൊഴിലാളികളാണ്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചുതന്നെയാണ് പ്രതികള്‍ പോലീസിന്റെ വെടിയേറ്റു മരിച്ചത്.

ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തെളിവെടുക്കുന്നതിനായി പ്രതികളെ എത്തിച്ചപ്പോഴാണ് സംഭവം. പ്രതികളായ നാലുപേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. പ്രതികളുടെ മൃതദേഹം ഷാദ്‌നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വെറ്ററിനറി ഡോക്ടറായ യുവതിയെ ബുധനാഴ്ച രാത്രിയോടെയാണ് നാലംഗ സംഘം ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ഹൈദരാബാദ് ബെംഗളൂരു ദേശീയ പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രിയങ്കയുടെ സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറായിരുന്നു. സ്‌കൂട്ടര്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് എത്തിയ സംഘം യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നു. പ്രതികള്‍ ലോറി തൊഴിലാളികളാണെന്ന് കണ്ടെത്തുകയും ഇവരെ പിന്നീട് അവരവരുടെ വീടുകളില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. രാജ്യത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.