പ്രതികാരം ചെയ്യലല്ല നീതിയെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ

ജോധ്പുര്‍: നീതി ഒരിക്കലും ഉണ്ടാകില്ലെന്നും അല്ലെങ്കില്‍ ഉടനടി നീതിയുണ്ടാകുമെന്നും ഞാന്‍ വിചാരിക്കുന്നില്ലെന്നും, പ്രതികാരം ചെയ്യലല്ല നീതിയെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ. തത്ക്ഷണം ലഭിക്കുന്ന കാര്യമല്ല നീതിയെന്നും നീതി പ്രതികാരമായാല്‍ അതിന്റെ സ്വഭാവം മാറുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പു നല്‍കി. ജോധ്പുരില്‍ രാജസ്ഥാന്‍ ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെലങ്കാനയില്‍ വെറ്റനറിഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി കത്തിച്ചുകൊന്ന കേസിലെ പ്രതികളെ പോലീസ് വെടിവെച്ചു കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.

രാജ്യത്ത് സമീപകാലത്തുണ്ടായ സംഭവങ്ങള്‍ മുമ്പേ ഉയര്‍ന്നിരുന്ന സംവാദത്തിന് പുത്തനുണര്‍വ്വ് നല്‍കിയതായും ബോബ്‌ഡെ പറഞ്ഞു.
ക്രിമിനല്‍ കേസുകള്‍ തീര്‍പ്പാക്കാനെടുക്കന്ന രീതിയിലും നടപടിയിലെ കാലതാമസത്തിലും ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ നിലപാടിലും മനോഭാവത്തിലും മാറ്റേ വരണമെന്നുള്ളതില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.