മഹാരാഷ്ട്രയില്‍ ദിശയറിയാതെ ബിജെപി; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

മഹാരാഷ്ട്രയില്‍ നിലവിലെ സര്‍ക്കാറിന്റെ കാലാവധി ഇന്ന് അര്‍ധ രാത്രിയോടെ അവസാനിക്കാനിരിക്കെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്. ബിജെപി-ശിവസേന സഖ്യം വ്യക്തമായ ഭൂരിപക്ഷം നേടിയ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് കഴിഞ്ഞ് രണ്ടാഴ്ചക്ക് ശേഷമാണ് രാജി. പുതിയ സര്‍ക്കാര്‍ രൂപീകരണത്തെ ചൊല്ലി ഇരു പങ്കാളികളും തമ്മിലുള്ള തര്‍ക്കം അപരിഹാര്യമായി തുടരുന്നത്തിനിടെയാണ് ബിജെപി മുഖ്യമന്ത്രിയുടെ രാജി.
ഗവര്‍ണര്‍ക്ക് രാജി കത്ത് നല്‍കിയതായും അദ്ദേഹം അത് സ്വീകരിച്ചതായും ഫഡ്‌നാവിസ് മാധ്യമങ്ങളെ അറിയിച്ചു. 70 ശതമാനം അംഗബലമുള്ള ബിജെപിയെ സംബന്ധിച്ചിടത്തോളം നിയമസഭാ തെരഞ്ഞെടുപ്പ് പ്രധാനമാണെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നേരിട്ട എല്ലാ വെല്ലുവിളികളെയും ബിജെപി നേരിട്ടിട്ടുണ്ടെന്നും ഫഡ്‌നാവിസ് പറഞ്ഞു.
നിലവിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള വഴിത്തിരിവ് ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ഉദ്ദവ് താക്കറെയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു, പക്ഷേ ഞങ്ങള്‍ ഒരു സമവായത്തിലും എത്തിയിട്ടില്ലെന്ന് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞു.

മഹാരാഷ്ട്രയില്‍ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബി.ജെ.പി നീക്കങ്ങള്‍ക്ക് തടയിട്ട് ശിവസേന പാര്‍ട്ടി തലവന്‍ ഉദ്ദവ് താക്കറേ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പദം സംബന്ധിച്ച് 50-50 അനുപാതമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ബി.ജെ.പിയുമായി അധികാരം പങ്കിടാനില്ലെന്ന ശക്തമായ താക്കീതുമായാണ് ഉദ്ദവ് രംഗത്തെത്തിയത്.

ശിവസേന അംഗങ്ങളെ കുതിരക്കച്ചവടത്തിലൂടെ ബി.ജെ.പി കൂറുമാറ്റിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് തടയിട്ടു കൊണ്ട് തന്റെ വസതിയായ മാതോശ്രീയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെയുള്ള ബാന്ദ്രയിലെ ഹോട്ടലിലേക്ക് മാറ്റിയ ശേഷമായിരുന്നിത്. ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച ശിവസേന മുഖ്യമന്ത്രി പദമെന്ന ആവശ്യത്തില്‍ നിന്നും പിന്നാക്കം പോകുന്ന പ്രശ്‌നമില്ലെന്ന് ഉദ്ദവ് വ്യക്തമാക്കി. ഇന്നലെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശ വാദം ഉന്നയിക്കുമെന്ന് അറിയിച്ചിരുന്ന ബി.ജെ.പി നേതാക്കള്‍ ശിവസേനയുടെ താക്കീത് വന്നതോടെ ഗവര്‍റുമായുള്ള ചര്‍ച്ചയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ചര്‍ച്ച ചെയ്തില്ലെന്ന് വ്യക്തമാക്കി. 288 അംഗ നിയമസഭയില്‍ 105 സീറ്റുകളില്‍ ബി.ജെ.പിയും 56 ഇടത്ത് ശിവസേനയുമാണ് വിജയിച്ചത്. ആറു സ്വതന്ത്രരും ശിവസേനയെ പിന്തുണക്കുന്നുണ്ട്.
ശിവസേനയുടെ പിന്തുണയില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിക്കാവില്ലെന്നതിനാല്‍ സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള അന്തിമ ദിനമായ ഇന്ന് വിട്ടു വീഴ്ചക്ക് തയാറായില്ലെങ്കില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടി വരും. രണ്ടര വര്‍ഷത്തേക്ക് മുഖ്യമന്ത്രി പദമെന്ന ശിവസേനയുടെ ആവശ്യം ഉപമുഖ്യമന്ത്രി പദം ലഭിക്കാനുള്ള സമ്മര്‍ദ്ദ തന്ത്രമായി മാത്രം കണ്ടിരുന്ന ബി.ജെ.പി സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവസാന ദിനമായതോടെ നിയമ വഴികള്‍ കൂടി തേടുകയാണ്.
മുഖ്യമന്ത്രി പദത്തിനേക്കാളും കുറഞ്ഞ മറ്റ് സ്ഥാനങ്ങള്‍ക്ക് വേണ്ടിയാണ് വാശി പിടിച്ചതെങ്കില്‍ എന്തിന് പതിനഞ്ച് ദിവസം പാഴാക്കണമെന്നായിരുന്നു ഉദ്ദവ് താക്കറേയുടെ പ്രതികരണമെന്ന് ശിവസേന യോഗത്തിന് ശേഷം സംസാരിച്ച എം.എല്‍.എ സഞ്ജയ് ശിര്‍സാത് പറഞ്ഞു. മുഖ്യമന്ത്രി പദമെന്ന ആവശ്യം താക്കറേ അമിത് ഷായുടെ മുന്നിലും വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭൂരിപക്ഷമുണ്ടെന്ന ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അവകാശവാദം പരിഗണിച്ച് ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് വഴിയൊരുങ്ങുന്നതിനിടെയാണ് രാജി. അതേസമയം ബിജെപി മുഖ്യമന്ത്രി രാജിവെച്ച സാഹചര്യത്തില്‍ ശിവസേന നേതാവിനെ മുഖ്യമന്ത്രിയാക്കി ബിജെപി ശിവസേന സര്‍ക്കാര്‍ നിലവില്‍ വരുമെന്നാണ് സൂചനകള്‍. ഗവര്‍ണര്‍ ശിവസേനയെ ക്ഷണിക്കുമെന്ന് തന്നെയാണ് സൂചനകള്‍.

അതേസമയം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ മുഖ്യമന്ത്രിയാക്കി ബിജെപി മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരുണ്ടാവാനും സാധ്യതകള്‍ കാണുന്നുണ്ട്. എന്നാല്‍ അത്തരം ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും താന്‍ ഡല്‍ഹിയില്‍ തുടരുമെന്നും ഗഡ്കരി പറഞ്ഞു.

SHARE