വീണ്ടുമൊരു ഐ ലീഗ് ഫുട്ബോള്‍ കാലത്തിന് ഇന്ന് തിരശീല ഉയരും. ഐസോളില്‍ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഐസോള്‍ എഫ്.സി., കൊല്‍ക്കത്ത ക്ലബ്ബ് മോഹന്‍ ബഗാനെ നേരിടും. കോഴിക്കോട്ട് ഗോകുലം കേരള എഫ്.സി. മണിപ്പുര്‍ ക്ലബ്ബ് നെറോക്ക എഫ്.സി.യുമായി ഏറ്റുമുട്ടും. വൈകിട്ട് ഏഴിനാണ് മത്സരം.
ഗോകുലം കേരള എഫ്.സി, ഐസോള്‍ എഫ്.സി, ചെന്നൈ സിറ്റി, ചര്‍ച്ചില്‍ ബ്രദേഴ്സ്, ഇന്ത്യന്‍ ആരോസ്, മോഹന്‍ ബഗാന്, നെറോക്ക എഫ്.സി, പഞ്ചാബ് എഫ്.സി, ഈസ്റ്റ് ബംഗാള്‍, റിയല്‍ കശ്മീര്‍, ട്രാവു എഫ്.സി. എന്നിവയാണ് ലീഗില്‍ കളിക്കുന്നത്.പഴയ മിനര്‍വ ക്ലബ്ബ് പേരുമാറിയതാണ് പഞ്ചാബ് എഫ്.സി. മണിപ്പുര്‍ ക്ലബ്ബാണ് ട്രാവു.
നവംബര്‍ 30 മുതല്‍ ഏപ്രില്‍ അഞ്ച് വരെയാണ് ലീഗ് നടക്കുന്നത്. ഒമ്പത് സ്റ്റേഡിയങ്ങളിലായി 109 മത്സരങ്ങളാണ് അരങ്ങേറുക.
പ്രതീക്ഷകളുമായാണ് ഗോകുലം കേരള എഫ്.സി. കളത്തിലിറങ്ങുന്നത്. മണിപ്പുര്‍ ടീം നെറോക്ക എഫ്.സി.യാണ് ആദ്യമത്സരത്തില്‍ എതിരാളി. ശനിയാഴ്ച രാത്രി ഏഴിന് കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തിലാണ് മത്സരം.
കഴിഞ്ഞ സീസണില്‍ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്ന ഗോകുലം ഇത്തവണത്തെ കിരീടസാധ്യതയുള്ള ടീമുകളിലൊന്നാണ്.ഡ്യൂറാന്റ് കപ്പിലെ പ്രകടനം മുതല്‍ ്ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന ഷെയ്ഖ് കമാല്‍ കപ്പ് അന്താരാഷ്ട്ര ടൂര്‍ണമെന്റിലെ പ്രകടനവും അതിന് ഉദാഹരണമാണ്. അര്ജന്റീനക്കാരന് കോച്ച് ഫെര്‍ണാണ്ടൊ വരേലയുടെ കീഴില്‍ ടീം എല്ലാ മേഖലയിലും മികവിലേക്കുയര്ന്നിട്ടുണ്ട്.
മുന്നേറ്റനിരയില്‍ ട്രിനിഡാഡ് ആന്‍ഡ് ടുബാഗൊ സ്െ്രെടക്കര്‍ മാര്‍കസ് ജോസഫും യുഗാന്‍ഡയുടെ ഹെന്റി കിസീക്കയിലും തന്നെയാണ് ടീമിന്റെ പ്രതീക്ഷ. ട്രിനിഡാഡില്‍നിന്നുള്ള മധ്യനിരക്കാരന് നഥാനിയല്‍ ഗാര്‍സിയ, അഫ്ഗാന് ദേശീയ നിരയിലെ ഹാരൂണ്‍ അമിരി എന്നിവരും മികച്ച ഫോമിലാണ്. മലയാളി താരങ്ങളായ മുഹമ്മദ് ഇര്‍ഷാദ്, എം.എസ്. ജിതിന്, കെ.പി. രാഹുല്‍, മുഹമ്മദ് റാഷിദ്, ഗോള്‍ കീപ്പര്‍ സി.കെ. ഉബൈദ് തുടങ്ങിയവരെയും ടീം സ്വന്തമാക്കിയിട്ടുണ്ട്.