ഇദ്‌ലിബില്‍ റഷ്യയും സിറിയയും ആക്രമണം ശക്തമാക്കുന്നു

 

ദമസ്‌കസ്: ഇദ്്‌ലിബിലെ വിമത പോരാളികളെ ലക്ഷ്യമിട്ട് റഷ്യന്‍ സൈന്യത്തിന്റെ സഹായത്തോടെ വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ സര്‍ക്കാര്‍ സേന ആക്രമണം ശക്തമാക്കി.
ശനിയാഴ്ച കുട്ടികളടക്കം ആറ് സാധാരണക്കാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
ഇദ്‌ലിബില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന തുര്‍ക്കിയുടെ ആവശ്യം റഷ്യ നിരാകരിച്ചതിന് പിന്നാലെയായിരുന്നു വ്യോമാക്രമണം.
വിമതരുടെ അവസാന ശക്തികേന്ദ്രമായ ഇദ്‌ലിബും പിടിച്ചെടുത്ത ആഭ്യന്തര യുദ്ധത്തിന് അന്ത്യം കുറിക്കാനാണ് സിറിയന്‍ ഭരണകൂടത്തിന്റെ പദ്ധതി. ആയിരങ്ങള്‍ കൂട്ടക്കൊല ചെയ്യപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ട് സൈനിക നടപടിയില്‍നിന്ന് പിന്മാറാന്‍ ഐക്യരാഷ്ട്രസഭ സിറിയയോടും റഷ്യയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
തെക്കന്‍ ഇദ്‌ലിബിലെ ഹാസ് ഗ്രാമത്തിലുണ്ടായ ബാരല്‍ ബോംബ് ആക്രമണത്തില്‍ ഒരു ആസ്പത്രി തകര്‍ന്നു. വടക്കന്‍ ഹമാ പ്രവിശ്യയിലെ ഖലാത്ത് അല്‍ മാദിഖ് നഗരത്തില്‍ 150ലേറെ ഷെല്ലുകള്‍ പതിച്ചതായി പ്രതിപക്ഷ വൃത്തങ്ങള്‍ പറയുന്നു.
ഷെല്ലാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും രണ്ട് കുട്ടികളടക്കം അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വിമത കേന്ദ്രങ്ങളിലെ സന്നദ്ധ സംഘടനയായ വൈറ്റ് ഹെല്‍മെറ്റ് അറിയിച്ചു. ഈ മാസം ആദ്യത്തില്‍ ആക്രമണം തുടങ്ങിയ ശേഷം വിമത കേന്ദ്രങ്ങളില്‍ 26 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇദ്്‌ലിബില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയെന്ന ലക്ഷ്യത്തോടെ ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ നടന്ന ഉച്ചകോടി പരാജയപ്പെട്ടിരുന്നു.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശത്തെ തള്ളിയതാണ് ഉച്ചകോടി പരാജയപ്പെടാന്‍ കാരണം.

SHARE