മോദി അസമിലെത്തിയാല്‍ വന്‍ പ്രതിഷേധം; മുന്നറിയിപ്പുമായി വിദ്യാര്‍ത്ഥി സംഘടന

മോദി അസമിലെത്തിയാല്‍ വന്‍ പ്രതിഷേധം; മുന്നറിയിപ്പുമായി വിദ്യാര്‍ത്ഥി സംഘടന

പ്രധാനമന്ത്രി നരേന്ദ്ര മോദി അസമിലെത്തിയാല്‍ വന്‍ പ്രതിഷേധം നടത്തുമെന്ന മുന്നറിയിപ്പുമായി ആള്‍ അസം സ്റ്റുഡന്റ് യൂണിയന്‍(എഎഎസ്‌യു). അസമില്‍ നടക്കുന്ന ഖേലോ ഇന്ത്യ ഗെയിംസ് മുന്നില്‍ കണ്ടാണ് വിദ്യാര്‍ത്ഥികളുടെ മുന്നറിയിപ്പ്. പൗരത്വ നിയമ ഭേദഗതിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അസമിലേക്ക് വന്നിട്ടില്ല. ഖേലോ ഇന്ത്യ ഗെയിംസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. എങ്കില്‍ അദ്ദേഹത്തിനെതിരെ വലിയ രീതിയില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഞങ്ങളുടെ തീരുമാനമെന്ന് വിദ്യാര്‍ത്ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജനുവരി 10 മുതല്‍ 22 വരെയാണണ് ഗുവാഹത്തിയില്‍ ഖേലോ ഇന്ത്യ ഗെയിംസ് നടക്കുന്നത്. അതേസമയം, അസമില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരം തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖേലോ ഇന്ത്യ ഗെയിംസിനെത്തുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

മോദിയും അമിത് ഷായും അസമിനെ നശിപ്പിക്കുകയാണ്. ഞങ്ങള്‍ വെറുതെയിരിക്കില്ല. സിഎഎക്കെതിരെയുള്ള പോരാട്ടം തുടരും. ജനാധിപത്യപരമായ രീതിയില്‍ സമരവും അതോടൊപ്പം സുപ്രീം കോടതിയില്‍ നിയമപരമായ പോരാട്ടവും നടത്തുമെന്ന് അസു പ്രസിഡന്റ് പറഞ്ഞു. നേരത്തെ പ്രതിഷേധം ഭയന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള സന്ദര്‍ശനം ആഭ്യന്തരമന്ത്രിയായ അമിത് ഷാ റദ്ദാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY