തന്നെ മോശം ധനമന്ത്രിയായി ചിത്രീകരിക്കുന്നുവെന്ന് നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: ധനമന്ത്രാലയത്തിലെ ജോലിയില്‍ ആറു മാസം തികയും മുമ്പു തന്നെ, തന്നെ ഏറ്റവും മോശം ധനമന്ത്രിയായി ചിത്രീകരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ധനബില്ലിന്മേല്‍ നടന്ന ചര്‍ച്ചക്ക് രാജ്യസഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി. സാമ്പത്തിക വളര്‍ച്ചാ രംഗത്തെ മുരടിപ്പ് ചൂണ്ടിക്കാട്ടി പ്രതിപക്ഷ എം.പിമാര്‍ ഉന്നയിച്ച രൂക്ഷ വിമര്‍ശനങ്ങളാണ് മന്ത്രിയെ വൈകാരികമായി മറുപടി പറയാന്‍ പ്രേരിപ്പിച്ചത്. തന്നെ കഴിവില്ലാത്തവളെന്ന് വിശേഷിപ്പിക്കുന്നവര്‍ കാലാവധി പൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കാന്‍ തയ്യാറാവണമെന്നും താന്‍ നിര്‍ബലയല്ല നിര്‍മലയാണെന്നും മന്ത്രി കൂട്ടിച്ചേര്‍്ത്തു.

അതേസമയം കോര്‍പ്പറേറ്റുകള്‍ക്ക് വന്‍തോതില്‍ നികുതി ഇളവ് നല്‍കിയ നടപടിയെ ഉള്‍പ്പെടെ പ്രതിപക്ഷ എം.പിമാര്‍ രൂക്ഷമായി വിമര്‍ശിച്ചു. പുറത്തുവരുന്ന എല്ലാ വിവരങ്ങളും രാജ്യത്ത് സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്നുവെന്ന് തെളിയിക്കുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ മാത്രം ഇത് നിഷേധിക്കുകയാണെന്ന് എ.ഐ.എം.ഐ.എം അംഗം അസദുദ്ദീന്‍ ഉവൈസി കുറ്റപ്പെടുത്തി. സാമ്പത്തിക മേഖലക്ക് ഉണര്‍വ് നല്‍കുന്ന നടപടികളെ പിന്തുണക്കുന്നു. എന്നാല്‍ കോര്‍പ്പറേറ്റ് നികുതി ഇളവ് കൊണ്ടു മാത്രം വിപണി ഉണരില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര നടപടി ധനികനെ കൂടുതല്‍ ധനികനാക്കാനേ ഉപകരിക്കൂവെന്നായിരുന്നു തൃണമൂല്‍ അംഗം മഹുവ മൊയ്ത്രിയുടെ വിമര്‍ശനം. തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് അംഗങ്ങള്‍ ആഞ്ഞടിച്ചപ്പോള്‍ മോദി ഭരണത്തില്‍ അദാനിമാരും അംബാനിമാരും മാത്രമാണ് പണമുണ്ടാക്കുന്നതെന്നായിരുന്നു ഡി.എം.കെ അംഗം ദയാനിധി മാരന്റെ കുറ്റപ്പെടുത്തല്‍. ഇതിനിടെ ധനമന്ത്രി യെ കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി നിര്‍ബ്ബല(കരുത്തില്ലാത്തവള്‍) എന്ന് വിശേഷിപ്പിച്ചത് ബഹളത്തിനിടയാക്കി. തന്റെ പാര്‍ട്ടിയിലെ എല്ലാ വനിതകളും കരുത്തരാണെന്നായിരുന്നു ഇതിന് നിര്‍മ്മലാ സീതാരാമന്റെ മറുപടി.

ബാങ്കിങിലും ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ക്കായി ഇന്ത്യാ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ഇന്ന് പറഞ്ഞു. വ്യക്തികള്‍ക്ക് നികുതി ഇളവ് നല്‍കുന്നത് സംബന്ധിച്ച ആലോചനകളിലാണ് സാമ്പത്തിക മന്ത്രാലയമെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.