രാജ്യത്തെ കോവിഡ് കേസുകളിലെ 85 ശതമാനവും എട്ട് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ ഭൂരിഭാഗം കോവിഡ് കേസുകളും അതുമായി ബന്ധപ്പെട്ട മരണവും എട്ട് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനാണ് ഇക്കാര്യമറിയിച്ചത്. കോവിഡ് വ്യാപനം ചര്‍ച്ച ചെയ്യാന്‍ വിളിച്ച് മന്ത്രിതല സമിതിയോഗത്തിലാണ് ഹര്‍ഷവര്‍ധന്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട്, ഗുജറാത്ത്, തെലങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് രാജ്യത്തെ 85.5 ശതമാനം ആക്ടീവായ കോവിഡ് രോഗികളുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരില്‍ 87 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാരാഷ്ട്ര (1.53 ലക്ഷം കോവിഡ് ബാധിതര്‍, 7,106 മരണം), ഡല്‍ഹി (77,240 കോവിഡ് ബാധിതര്‍, 2,492 മരണം), തമിഴ്‌നാട് ( 74,622 കോവിഡ് ബാധിതര്‍, 957 മരണം) എന്നീ സംസ്ഥാനങ്ങളാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായ മൂന്ന് സംസ്ഥാനങ്ങള്‍. ഗുജറാത്തില്‍ 30,000, ഉത്തര്‍പ്രദേശില്‍ 20,000 എന്നിങ്ങനെയാണ് കോവിഡ് ബാധിതരുടെ എണ്ണമെന്നും മന്ത്രി വിശദീകരിച്ചു. രാജ്യത്ത് അഞ്ച് ലക്ഷത്തിലേറെ ആളുകള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.98 ലക്ഷം ആളുകളാണ് ചികിത്സയിലുള്ളത്. 15,685 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. രോഗമുക്തരാകുന്നവരുടെ നിരക്ക് 58 ശതമാനമാണ്. മരണ നിരക്ക് മൂന്ന് ശതമാനത്തിനടുത്തും.

SHARE