പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ നാലാമത്

കൊറോണവൈറസ് രാജ്യത്ത് അതിവേഗം വ്യാപിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ പുതിയ രോഗികളുടെ എണ്ണത്തില്‍ ലോകത്ത് നാലാമതാണ് ഇന്ത്യ. ബ്രസീലിനും യു.എസിനും റഷ്യക്കും പിന്നിലായി അറുപതിനായിരത്തോളം പേര്‍ക്കാണ് ഇന്ത്യയില്‍ ഒരാഴ്ചക്കിടെ കോവിഡ് സ്ഥിരീകരിച്ചത്.

9851 പേരില്‍ വ്യാഴാഴ്ച മാത്രം രാജ്യത്ത് രോഗം കണ്ടെത്തി. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ദിനംപ്രതി വര്‍ധിച്ചുവരുന്ന പുതിയ കേസുകളുടെ നിരക്ക് വെച്ചുനോക്കുമ്പോള്‍ അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ആകെ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഇറ്റലിയെ മറി കടന്നേക്കും.

രോഗബാധിതരുടെ പട്ടികയില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ് ഇന്ത്യ. ആറാം സ്ഥാനത്തുള്ള ഇറ്റലിയില്‍ 2,34,013 പേര്‍ക്കാണ് ഇതുവരെ രോഗം കണ്ടെത്തിയത്. ഇന്ത്യയില്‍ 2,26,770 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിലവില്‍ ദിനംപ്രതി ആയിരത്തില്‍ താഴെ മാത്രമാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഒരാഴ്ചക്കിടെ കോവിഡ് ബാധിച്ചുണ്ടായ മരണത്തില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.

SHARE