ജനാധിപത്യ പട്ടികയില്‍ കൂപ്പുകുത്തുന്ന ഇന്ത്യ

കെ. മൊയ്തീന്‍കോയ

ലോക പ്രശസ്തരായ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിയന്‍ (ഇ.ഐ.യു) ഈ വര്‍ഷം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ജനാധിപത്യ പട്ടികയില്‍ ഇന്ത്യക്ക് അമ്പത്തിയൊന്നാം സ്ഥാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പത്ത് ശതമാനമാണ് കുറഞ്ഞത്. കശ്മീരിലെ മാറ്റം, അറസ്റ്റ്, ഇന്റര്‍നെറ്റ് വിലക്ക്, അസമിലെ പൗരത്വപട്ടികയും പ്രത്യാഘാതവും തുടങ്ങിയവയിലുള്ള സര്‍വേയിലാണ് വിലയിരുത്തല്‍. ദ ഇക്കണോമിസ്റ്റ് ഗ്രൂപ്പിന്റെ ഗവേഷണ വിശകലന വിഭാഗമാണ് സര്‍വേ തയാറാക്കിയ ഇ.ഐ.യു. ഇതേ സന്ദര്‍ഭത്തില്‍തന്നെയാണ് ലോക സാമ്പത്തിക ഫോറം അമ്പതാം വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇന്ത്യയെക്കുറിച്ച് നടത്തിയ മറ്റൊരു വിലയിരുത്തല്‍ ഫലവും പുറത്തുവന്നത്. സ്വിറ്റ്‌സര്‍ലന്റിലെ ദാവോസില്‍ നടന്ന ഫോറം വാര്‍ഷിക റിപ്പൊര്‍ട്ടില്‍ സാമൂഹികപദവി മാറ്റ സൂചികയില്‍ ഇന്ത്യ വളരെ പിന്നാക്കം പോയതായി കാണാം. ആഗോള ആവറേജില്‍ എഴുപത്തിയാറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പൗരത്വ ഭേദഗതി നിയമം അപകടകരവും വിവേചനപരവുമാണെന്നും ജനങ്ങളെ വിഭജിക്കുകയാണെന്നും യൂറോപ്യന്‍ പാര്‍ലമെന്റിലെ 154 എം.പിമാര്‍ സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടത് അവഗണിക്കാന്‍ കഴിയില്ല. ഇന്ത്യ ഒപ്പുവെച്ച അന്താരാഷട്ര ഉടമ്പടിയുടെ ലംഘനം കൂടിയാണ് പൗരത്വ ഭേദഗതിയെന്നാണ് അവരുടെ ആക്ഷേപം.

26 രാജ്യങ്ങളില്‍നിന്നുള്ള എം.പിമാര്‍ അവരുടെ നിലപാട് പ്രമേയമാക്കി അടുത്താഴ്ച ചേരാനിരിക്കുന്ന പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുംതീരുമാനിച്ചിട്ടുണ്ട്. കശ്മീരിന്റെ പ്രത്യേകപദവി എടുത്ത്കളയുകയും സംസ്ഥാനത്തെ ഇല്ലാതാക്കുകയും ചെയ്തതോടെ കഴിഞ്ഞ ആഗസ്ത്് അഞ്ച് മുതല്‍ തടങ്കലില്‍ അടച്ചിരിക്കുന്ന നേതാക്കളെ വിട്ടയക്കണമെന്ന് അമേരിക്കയുടെ പ്രിന്‍സിപ്പല്‍ ഡപ്യൂട്ടി സെക്രട്ടരി ആലീസ വെല്‍സ് ആവശ്യപ്പെട്ടതും ശ്രദ്ധേയമാണ്. ഈ മാസമാദ്യം അമേരിക്ക ഉള്‍പ്പെടെ പതിനഞ്ച് രാജ്യങ്ങളില്‍നിന്നുള്ള തന്ത്രപ്രതിനിധികള്‍ കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനശേഷം അവര്‍ വാഷിംഗ്ടണില്‍ വാര്‍ത്താസമ്മേഇനം നടത്തുകയുമുണ്ടായി.

പൗരത്വഭേദഗതി നിയമത്തില്‍ എല്ലാ വിഭാഗത്തിനും തുല്യതയും സംരക്ഷണവും ഉറപ്പ്‌വരുത്തണമെന്നും അമേരിക്കയുടെ സെക്രട്ടറി ഇന്ത്യയോട് ആവശ്യപ്പെടുന്നു. ഇത്തരം സര്‍വേ ഫലങ്ങളും വിലയിരുത്തലുകളും നിസ്സാരവല്‍ക്കരിക്കേണ്ടതല്ല. ലോക വേദികളില്‍ ഇന്ത്യന്‍ പ്രതിച്ഛായ തകരുന്നത് സമീപകാലം അപൂര്‍വം തന്നെ. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം എന്ന നമ്മുടെ അവകാശവാദത്തിന്മേലുള്ള മാരക പ്രഹരമാണീ വിലയിരുത്തല്‍. ജനാധിപത്യ രാഷ്ട്രങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ പലപ്പോഴും വിവാദങ്ങളായിമാറുന്നു. അമേരിക്കയില്‍പോലും തെരഞ്ഞെടുപ്പ് പ്രക്രിയ കുറ്റമറ്റതല്ല. അതേപോലെ മൗലികാവകാശവും അഭിപ്രായ സ്വാതന്ത്ര്യവും പൗരാവകാശങ്ങളും കാത്ത്‌സൂക്ഷിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരായിരുന്നു. മോദി ഭരണകൂടം അവയൊക്കെ തകര്‍ക്കുന്നു. ലോക വേദികളിലെ വിലയിരുത്തല്‍ നയതന്ത്ര രംഗത്ത് ഇന്ത്യക്ക് തലകുനിച്ച് നില്‍ക്കേണ്ട അവസ്ഥയാണ് ക്ഷണിച്ചുവരുത്തിയത്.

ലോക സാമ്പത്തിക ഫോറം വാര്‍ഷിക സമ്മേളനവേദിയും ദാമോസ് പട്ടണവും ഇന്ത്യക്കെതിരായ വിമര്‍ശനത്തിന് അവസരം നല്‍കിയിട്ടുണ്ട്. കശ്മീര്‍ പ്രശ്‌നത്തില്‍ മൂന്നാം കക്ഷി ഇടപെടലിനെ നമ്മുടെ രാജ്യം ഒരിക്കലും അനുകൂലിച്ചിട്ടില്ല. അതാണ് നമ്മുടെ പ്രഖ്യാപിത നയവും. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായി ചര്‍ച്ച നടത്തിയ ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രം പ് ഒരിക്കല്‍കൂടി സന്നദ്ധത പ്രകടിപ്പിക്കുന്നത് അപലപിക്കപ്പെടേണ്ടതാണ്. കേ ന്ദ്ര സര്‍ക്കാര്‍ ശക്തമായി പ്രതിഷേധിച്ച് കാണുന്നില്ല. കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ അമേരിക്കന്‍ പ്രസിഡന്റിന് എന്താണിത്ര ആവേശം. ഇന്ത്യയുമായി വിശേഷിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ട്രംപിന്റെ ഈ നിലപാട് സംശയത്തോടെ മാത്രമേ വീക്ഷിക്കാന്‍ കഴിയുകയുള്ളൂ. കേന്ദ്ര സര്‍ക്കാര്‍ ശക്തമായ മറുപടി നല്‍കാന്‍ മടിക്കരുത്.

പൗരത്വ ഭേദഗതിയും കശ്മീരിലെ അടിച്ചമര്‍ത്തലും സാമ്പത്തിക ഫോറത്തില്‍ ഇന്ത്യക്കെതിരെ ആയുധമാക്കി ശതകോടീശ്വര വ്യവസായി ജോര്‍ജ്‌സോറോസ് നടത്തിയ പ്രസംഗം ശ്രദ്ധിക്കപ്പെട്ടു.’തുറന്ന സമൂഹ സങ്കല്‍പത്തിന് ഇന്ത്യയില്‍ വന്‍ തിരിച്ചടി നേരിട്ടിരിക്കുന്നു. ജനാധിപത്യത്തിലൂടെ അധികാരത്തില്‍വന്ന നരേന്ദ്രമോദി ഇന്ത്യയെ ഹിന്ദു രാജ്യമായി പരിവര്‍ത്തിപ്പിക്കുകയാണ്. കശ്മീരിനെ അടിച്ചമര്‍ത്തുന്നു. പൗരത്വ ഭേദഗതിയുടെ മറവില്‍ ലക്ഷക്കണക്കിന് മുസ്‌ലിംകളുടെ പൗരത്വം ചോദ്യംചെയ്യുന്നു’ എന്ന വാക്കുകള്‍ ചാട്ടുളിയായി തുളഞ്ഞു കയറുംവിധമായിരുന്നു. പൗരത്വ ഭേദഗതി നിയമവും കശ്മീരിലെ അടിച്ചമര്‍ത്തലും ലോക വ്യാപകമായി വിമര്‍ശിക്കുകയുമാണ്. ‘അസഹിഷ്ണുത നിറഞ്ഞ ഇന്ത്യ’ എന്ന ശീര്‍ഷകത്തിലാണ് ലോകപ്രശസ്ത ബ്രിട്ടീഷ് പ്രസിദ്ധീകരണം ‘ദ ഇക്കണോമിസ്റ്റ്’ ജനുവരി പുറത്തിറങ്ങിയത്. മോദി സര്‍ക്കാറിന്റെ തീവ്രഹിന്ദുത്വ, ന്യൂനപക്ഷ വിരുദ്ധ നയങ്ങളെ വിമര്‍ശിക്കുന്നു. രാജ്യത്തിനകത്തും പുറത്തും ഉയര്‍ന്ന വിമര്‍ശനങ്ങളേയും പ്രക്ഷോഭങ്ങളെയും ഇനിയും അധികകാലം അവഗണിക്കാന്‍ മോദി- ഷാ കൂട്ട്‌കെട്ടിന് സാധിക്കില്ല.

SHARE