ഇന്ത്യയും സഊദിയും പുതിയ ഹജ്ജ് കരാറില്‍ ഒപ്പിട്ടു; കണ്ണൂരിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് ആവശ്യം പരിഗണിക്കാതെ കേന്ദ്ര സര്‍ക്കാര്‍

റിയാദ്: ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ 2020 വര്‍ഷത്തിലേക്കുള്ള പുതിയ ഹജ്ജ് കരാര്‍ ഒപ്പിട്ടു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയാണ് ഇക്കാര്യം ജിദ്ദയില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചത്. രണ്ടു ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ഇത്തവണയും ഇന്ത്യയില്‍നിന്ന് എത്തുകയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ തീടര്‍ത്ഥാടകര്‍ക്കുള്ള നടപടികള്‍ പൂര്‍ണമായും ഡിജിറ്റല്‍വത്കരിച്ചതായി അദ്ദേഹം പറഞ്ഞു.

മുംബൈയിലെ ഹജ്ജ് ഹൗസില്‍ നൂറ് ടെലഫോണ്‍ ലൈനുകളുള്ള വിവര കേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. ഇതിനകം 1,80,000 ഹജ്ജ് അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വളരെ വിജയകരവും സുരക്ഷിതവുമായിരുന്നു ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍. ഇത്തവണയും അങ്ങനെ തന്നെയായിരിക്കും. റോഡ് ടു മക്ക ഇനിഷ്യേറ്റിവ് പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ഹാജിമാരുടെ എമിഗ്രേഷന്‍ നടപടികള്‍ എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍നിന്ന് പൂര്‍ത്തിയാക്കുന്നതിനുള്ള സംവിധാനം തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. അതു സംബന്ധിച്ച് നടപടികള്‍ പുരോഗമിക്കുകയാണ്.

കേരളത്തില്‍ നിലവില്‍ രണ്ട് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റുകള്‍ നിലവിലുണ്ട്. കഴിഞ്ഞവര്‍ഷം 21 എംബാര്‍ക്കേഷന്‍ പോയന്റുകളാണ് ഇന്ത്യയിലുണ്ടായിരുന്നത്. ഇത്തവണ വിജയവാഡയില്‍ പുതിയ എംബാര്‍ക്കേഷന്‍ പോയിന്റുണ്ടാവും. കണ്ണൂരില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പരിഗണനയിലില്ലെന്ന് മന്ത്രി അറിയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍റഹ്മാന്‍ ശൈഖ്, ഹജ്ജ് കോണ്‍സല്‍ വൈ സാബിര്‍, ഹജ്ജ് കമ്മിറ്റി സി.ഇ.ഒ ഡോ. മഖ്‌സുദ് അഹമ്മദ് ഖാന്‍, അഡീഷനല്‍ സെക്രട്ടറി ജാന്‍ ഇ ആലം, ഹജ്ജ് ഡയറക്ടര്‍ നജ്മുദ്ദീന്‍, ജോയിന്റ് സെക്രട്ടറി സത്യേന്ദ്രകുമാര്‍ മിശ്ര, ഹജ്ജ് കമ്മിറ്റി ആക്ടിങ് ചെയര്‍മാന്‍ ജിന നബി തുടങ്ങിയവര്‍ പങ്കെടുത്തു.

SHARE