ഓസ്ട്രേലിയയില്‍ നിന്നും ഇന്ത്യക്കാരുമായി പ്രത്യേക ഏഴ് വിമാനങ്ങള്‍; മെയ് 19 മുതല്‍ ആഭ്യന്തര സര്‍വീസുമായി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: കൊറോണ വൈറസ് അടച്ചുപൂട്ടലിനെ തുടര്‍ന്ന് ഓസ്ട്രേലിയയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാന്‍ ഇന്ത്യ മെയ് 21 മുതല്‍ ഏഴ് പ്രത്യേക വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് കാന്‍ബെറയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ മെയ് 21 മുതല്‍ 28 വരെ ഓസ്ട്രേലിയയില്‍ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യ പ്രത്യേക വിമാന സര്‍വീസുകള്‍ നടത്തുമെന്ന് ബുധനാഴ്ച പുറത്തുവിട്ട വിജ്ഞാപനത്തില്‍ പറയുന്നു. കുറഞ്ഞ ആളുകളെ വെച്ചാണ് വിമാനങ്ങള്‍ സര്‍വീസ് നടത്തുക എന്നതിനാല്‍ അത്യാവശ്യ യാത്രക്കാര്‍ക്കാവും മുന്‍ഗണന നല്‍കുകയെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

ഇതിനകം, 31 രാജ്യങ്ങളിലായി കുടുങ്ങിയ 30,000 ഇന്ത്യക്കാര്‍ വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തില്‍ നാട്ടിലേക്ക് മടങ്ങുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. ഇതിനായി 149 വിമാനങ്ങള്‍ ക്രമീകരിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ നഗരങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി എയര്‍ ഇന്ത്യ പ്രത്യേക ആഭ്യന്തര വിമാന സര്‍വ്വീസ് ആരംഭിക്കുന്നതായും റിപ്പോര്‍ട്ട്. മെയ് 19 മുതല്‍ ജൂണ്‍ രണ്ട് വരെയുള്ള ആദ്യഘട്ട സര്‍വീസിന്റെ ഷെഡ്യൂള്‍ തയ്യാറായി. ഡല്‍ഹിയില്‍ നിന്ന് കൊച്ചി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, അമൃത്സര്‍, ജയ്പുര്‍, ഗയ, വിജയവാഡ, ലഖ്‌നൗ തുടങ്ങി നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യയുടെ വിമാന സര്‍വ്വീസ് ഉണ്ടാകും. കൊച്ചിയില്‍ നിന്ന് ചെന്നൈയിലേക്കും എയര്‍ ഇന്ത്യ സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. മുംബൈയില്‍ നിന്ന് വിശാഖപട്ടണം, കൊച്ചി, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലേക്ക് സര്‍വ്വീസുകള്‍ ഉണ്ടാകും. ഡല്‍ഹിയില്‍ നിന്ന് 173ഉം മുംബൈയില്‍ നിന്ന് 40ഉം ഹൈദരാബാദില്‍നിന്ന് 25ഉം കൊച്ചിയില്‍ നിന്ന് 12ഉം സര്‍വ്വീസുകള്‍ ആണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്.

എന്നാല്‍ ടിക്കറ്റ് ബുക്കിങ് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു. നാലാം ഘട്ട ലോക്ക്ഡൗണില്‍ എയര്‍ ഇന്ത്യക്ക് പുറമെ സ്വകാര്യ വിമാന കമ്പിനികള്‍ക്കും സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

SHARE