ആദ്യ ദിനം ഇന്ത്യക്ക് സ്വന്തം; ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ഇന്ത്യന്‍ ബൗളര്‍മാര്‍

ഇന്ദോര്‍: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് 150 റണ്‍സിന് പുറത്ത്. ഇന്ത്യന്‍ ബൗളര്‍മാരെ ആധിപത്യത്തിന് മുന്നില്‍ ചെറുത്തു നില്‍ക്കാന്‍ ബംഗ്ലാ ബാറ്റ്‌സ്മാന്‍മാര്‍ക്കായില്ല.

മറുപടിയായി ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെടുത്ത് നില്‍ക്കുകയാണ്. ഒന്‍പത് വിക്കറ്റ് കൈവശമുള്ള ഇന്ത്യയ്ക്ക് ബംഗ്ലാദേശ് സ്‌കോറിനേക്കാള്‍ 64 റണ്‍സ് മാത്രമാണ് പിറകില്‍. ആറു റണ്‍സ് മാത്രമെടുത്ത രോഹിത് ശര്‍മയാണ് പുറത്തായത്. 81 പന്തില്‍ നിന്ന് 37 റണ്‍സെടുത്ത മായങ്ക് അഗര്‍വാളും 61 പന്തില്‍ നിന്ന് 43 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍.

ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്നു വിക്കറ്റ് വീഴ്ത്തി, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, ആര്‍. അശ്വിന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും നേടി.
43 റണ്‍സെടുത്ത മുഷ്ഫിഖുര്‍ റഹീമും 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ മോമിനുല്‍ ഹഖും മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്.