ഇന്ത്യ – വിന്‍ഡീസ് മൂന്നാം ഏകദിനം ഇന്ന് ; കരിയറിലെ അവസാന ഏകദിനത്തിനൊരുങ്ങി ക്രിസ് ഗെയില്‍

വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യ ഏകദിന പരമ്പരയിലെ അവസാന ഏകദിനം ഇന്ന് നടക്കും. ടി20ക്ക് പുറമെ ഏകദിന പരമ്പരയും സ്വന്തമാക്കാനാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. അതിലുപരി ക്രിക്കറ്റിലെ അറ്റാക്കിങ് ബാറ്റ്‌സ്മാന്മാരില്‍ ഒരാളായ ക്രിസ് ഗെയ്‌ലിന്റെ അവസാന ഏകദിനം കൂടിയായിരിക്കുമിത്. നേരത്തെ, ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു താരം. എന്നാല്‍ പരമ്പരയില്‍ ഇതുവരെ സ്വതസിദ്ധമായ ഫോമിലേക്കെത്താന്‍ ഗെയ്‌ലിന് സാധിച്ചിട്ടില്ല.

കഴിഞ്ഞ മത്സരം വിജയിച്ച ഇലവനില്‍ നിന്ന് ഇന്ത്യ മാറ്റമൊന്നും വരുത്തില്ലെന്നാണ് പുറത്തുവരുന്ന വിവരം. ശിഖര്‍ ധവാനും ഋഷഭ് പന്തും ഫോമിലെത്താന്‍ ബുദ്ധിമുട്ടുന്നുവെങ്കിലും ഇരുവരേയും നിലനിര്‍ത്തിയേക്കും. എന്നാല്‍ പന്തിന്റെ നാലാം നമ്പര്‍ സ്ഥാനത്ത് നിന്ന് മാറ്റാനും സാധ്യതയുണ്ട്. അവിടെ ശ്രേയസ് അയ്യര്‍ കളിച്ചേക്കും.

മറുവശത്ത് ഗെയ്ല്‍ അവസാന ഏകദിനമാണ് കളിക്കുന്നതെങ്കിലും ടീമില്‍ സ്ഥാനം ഉറപ്പില്ല. രണ്ട് ഏകദിനത്തിലും തിളങ്ങാന്‍ ഗെയ്‌ലിന് കഴിഞ്ഞിരുന്നില്ല. ഗെയ്‌ലിനെ മാറ്റാന്‍ തീരുമാനിച്ചാല്‍ ജോണ്‍ ക്യാംബെല്‍ ടീമിലെത്തും.

SHARE