ഇന്ത്യന്‍ ചാനലായ വിയോണിന് ചൈനയില്‍ വിലക്ക്


ചൈനീസ് ആപ്പുകളെ നിരോധിച്ചതില്‍ മറുപടിയായി ഇന്ത്യന്‍ ചാനലായ വിയോണിനെ ചൈന വിലക്കി. ഉഭയകക്ഷികരാറിന്റെയും പ്രോട്ടോകോളിന്റെയും അടിസ്ഥാനത്തില്‍ അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ചൈന തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യ പ്രതികരിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രിയുടെ ലഡാക്ക് അതിര്‍ത്തി സന്ദര്‍ശനം ഇനി ചൈനയുടെ നടപടികള്‍ നിരീക്ഷിച്ച ശേഷമായിരിക്കും.

ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിയോണ്‍ ചാനലിന്റെ വെബ് സൈറ്റാണ് ചൈന വിലക്കിയത്. എസ്സെല്‍ ഗ്രൂപ്പ് – സീ ടെലിവിഷന്‍ കമ്പനിയുടേതാണ് വിയോണ്‍ ഗ്ലോബല്‍ ഇംഗ്ലീഷ് ന്യൂസ് ചാനല്‍. നേരത്തെ ചാനല്‍, ചൈനയിലെ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത രീതിക്കെതിരെ അധികൃതര്‍ പ്രതിഷേധിച്ചിരുന്നു.

അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും കൊണ്ടുവരാന്‍ ചൈന സത്യസന്ധമായി ശ്രമിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ രാജ്യത്തെ നിയമങ്ങള്‍ പാലിക്കണം. പ്രത്യേകിച്ച് ഡാറ്റ സുരക്ഷയും വ്യക്തികളുടെ സ്വകാര്യതയും കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ശ്രീവാസ്തവ പറഞ്ഞു. ചൈനീസ് കമ്പനികളോടുള്ള വിവേചനപരമായ നടപടികള്‍ ഇന്ത്യ തിരുത്തുമെന്ന് കരുതുന്നതായി ചൈനീസ് വാണിജ്യ മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

ഇന്ത്യന്‍ കമ്പനികള്‍ക്കും സേവനങ്ങള്‍ക്കുമെതിരെ തങ്ങള്‍ വിവേചനപരമായ നടപടിയൊന്നും എടുത്തിട്ടില്ലായെന്ന് ചൈന ചൂണ്ടിക്കാട്ടി. ചൈനീസ് ആപ്പുകള്‍ നിരോധിച്ചതു വഴി ഇന്ത്യ ലോക വ്യാപാര സംഘടന നിയമങ്ങള്‍ ലംഘിച്ചിരിക്കുകയാണെന്ന് വാണിജ്യ മന്ത്രാലയം വക്താവ് ഗവോ ഫെങ്ങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേസമയം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അതിര്‍ത്തി സന്ദര്‍ശനത്തിന്റെ പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഗാല്‍വാനില്‍ നിന്ന് ചൈനീസ് പിന്‍മാറ്റം നിരീക്ഷിച്ച ശേഷം മാത്രമേ സന്ദര്‍ശന തീയതി പ്രഖ്യാപിക്കൂവെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

SHARE