കാറിടിച്ച് കെട്ടിടം തകര്‍ന്ന് വീണു; പത്ത് മരണം

ഇന്‍ഡോര്‍:മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നാലു നില കെട്ടിടം തകര്‍ന്ന് വീണ് പത്തു പേര്‍ മരിച്ചു. സര്‍വാത ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഹോട്ടല്‍ കെട്ടിടമാണ് തകര്‍ന്ന് വീണത്. അഞ്ച്‌പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഒമ്പത് പേരെ രക്ഷിച്ചു.
ഏഴ് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. ശനിയാഴ്ച രാത്രി 9.17നാണ് ദുരന്തമുണ്ടായത്. കെട്ടിടത്തിലേക്ക് കാര്‍ വന്നിടിച്ചതാണ് അപകടകാരണം. അപകടസമയത്ത് 20 പേര്‍ കെട്ടിടത്തിലുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പഴക്കമേറിയ കെട്ടിടത്തില്‍ ഹോട്ടലുകളും ലോഡ്ജുകളുമാണ് പ്രവര്‍ത്തിച്ചിരുന്നത്.

സംഭവത്തെ തുടര്‍ന്ന് വന്‍ ജനക്കൂട്ടം തടിച്ച് കൂടിയത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി.
തുടര്‍ന്ന് പൊലീസെത്തി ജനങ്ങളെ നിയന്ത്രിച്ച ശേഷമാണ് രക്ഷാപ്രവര്‍ത്തനം ഫലപ്രദമായി നടത്താനായത്. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 വീതവും സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ വിശദമായ ജുഡീഷ്യല്‍ അന്വേഷണത്തിനു ജില്ലാ ഭരണകൂടം ഉത്തരവിട്ടു.
പെയിന്റടിച്ചും മറ്റും ഉടമ കാലപ്പഴക്കം മറച്ചുവയ്ക്കുകയായിരുന്നെന്നും ഒരു ചുമര്‍ തകര്‍ന്നുവീണതോടെ മൊത്തത്തില്‍ കെട്ടിടം നിലംപതിക്കുകയായിരുന്നെന്നും ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ കമ്മീഷണര്‍ മനിഷ് സിങ് പറഞ്ഞു. കെട്ടിടത്തോടു ചേര്‍ന്നുകിടക്കുന്ന രണ്ടു കെട്ടിടങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങ ളില്‍ വൈറലായിട്ടുണ്ട്.