പ്രതിഷേധങ്ങള്‍ ഫലം കണ്ടു : ഏകദിനം തിരുവനന്തപുരത്തേക്ക് മാറ്റി, കൊച്ചിയിലെ ടര്‍ഫ് കുത്തിപ്പൊളിക്കില്ല;

ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ഏകദിന മത്സരത്തിനായി കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ ഫിഫ അംഗീകാരമുള്ള ടര്‍ഫ് കുത്തിപ്പൊളിക്കുന്നനെതിരെയുള്ള പ്രതിഷേധം ഫലം കണ്ടു. മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീ്ല്‍ഡ് സ്‌റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനമായി. ഇന്ത്യ-വിന്‍ഡീസ് ഏകദിനം നവംബര്‍ ഒന്നിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുമെന്നായാരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ക്രിക്കറ്റ് മത്സരത്തിനായി അന്താരാഷ്ട്ര നിലവാരമുള്ള ടര്‍ഫ് കുത്തിപ്പൊളിക്കുന്നതിനെതിരെ സമൂഹ മാധ്യമങ്ങളിലും മറ്റും വന്‍ പ്രതിഷേധമായിരുന്നു ഉയര്‍ന്നിരുന്നത്. തുടര്‍ന്ന് കായികമന്ത്രിയും കേരള ക്രിക്കറ്റ് അസോസിയേഷനും നടത്തിയ ചര്‍ച്ചയിലാണ് വേദിമാറ്റാന്‍ തീരുമാനമായത. അന്തിമതീരുമാനം ശനിയാഴ്ച നടക്കുന്ന കെ സി എ ജനറല്‍ബോഡിയിലുണ്ടാകും

കേരള ക്രിക്കറ്റ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയില്‍ കായികമന്ത്രി എ സി മൊയ്ദീന്‍ വേദി മാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ മത്സരം തിരുവന്തപുരത്ത് നടത്തണമെന്ന് കെ സി എ തത്വത്തില്‍ തീരുമാനിയ്ക്കുകയായിരുന്നു. ഫിഫ ലോകകപ്പിനായി സജ്ജീകരിച്ച കലൂര്‍ സ്‌റ്റേഡിയം ക്രിക്കറ്റ് മത്സരത്തിനായി വിട്ടുകൊടുക്കുന്നതിനെതിരെ സച്ചിന്‍ ടെണ്ടുല്‍ക്കറടക്കമുള്ള താരങ്ങള്‍ രംഗത്തെത്തിയിരുന്നു. സച്ചിന്റെതടക്കമുള്ള പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ബിസിസിഐ കളി കാര്യവട്ടത്തേക്ക് മാറ്റാനായി നിശ്ചയിച്ചിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍