പെട്രോള്‍ വില 80ലേക്ക്, അവശ്യസാധനങ്ങള്‍ക്കും പൊള്ളുന്ന വില, വിലക്കയറ്റത്തില്‍ വലഞ്ഞ് രാജ്യം

ന്യൂഡല്‍ഹി: സാധാരണക്കാരന്റെ വയറ്റത്തടിച്ച് രാജ്യത്ത് എണ്ണയുടെയും മറ്റ് അവശ്യവസ്തുക്കളുടെയും വില കുതിക്കുന്നു. കഴിഞ്ഞ പത്ത് ദിവസം കൊണ്ട് പെട്രോള്‍ വിലയില്‍ രണ്ട് രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

മുംബയില്‍ ഇന്ന് പെട്രോളിന് പതിനഞ്ച് പൈസകൂടി ലിറ്ററിന് 80 രൂപ കടന്നു. ഡല്‍ഹിയില്‍ 74.34,?കൊല്‍ക്കത്ത 77.03, ചെന്നൈയില്‍ 77.28 എന്നിങ്ങനെയാണ് ലിറ്ററിന് ഇന്നത്തെ വില. അതേസമയം കൊച്ചിയില്‍ 76.42 രൂപയും, ഡീസലിന് പത്ത് പൈസ കൂടി 70.99 രൂപയുമാണ് ഇന്നത്തെ വില.സൗദിയുടെ പൊതുമേഖലാ എണ്ണക്കമ്പനിയായ അരാംകോയുടെ എണ്ണപ്പാടത്തിനും എണ്ണ സംസ്‌കരണശാലയ്ക്കും നേരെയുണ്ടായ ഡ്രോണാക്രമണത്തിന് തൊട്ടുപിന്നാലെയുണ്ടായ എണ്ണ പ്രതിസന്ധി ഇന്ത്യന്‍ വിപണിയെ ബാധിക്കില്ലെന്ന് അധികൃതര്‍ പറയുമ്പോഴും എണ്ണവിലയില്‍ ഉണ്ടാകുന്ന ഈ വര്‍ദ്ധനവ് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

അതേസമയം ഇന്ധനവിലക്കൊപ്പം തന്നെ രാജ്യത്ത് പച്ചക്കറി വിലയും കുതിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 19 രൂപയായിരുന്നു ഉള്ളിയുടെ വില. സംസ്ഥാനത്ത് ശരാശരി വില കിലോയ്ക്ക് 55 രൂപ. തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് സവാള പ്രധാനമായും കേരളത്തിലെത്തുന്നത്. ഉത്തരേന്ത്യയിലെ അത്ര വിലക്കയറ്റം ഈ സംസ്ഥാനങ്ങളില്‍ ഉണ്ടാകാത്തതുകൊണ്ടാണ് കേരളത്തിലും സ്ഥിതി അത്ര ഭീകരമാകാത്തത്. വിലക്കയറ്റത്തിന് തൊട്ടുമുമ്പ് 33 രൂപയായിരുന്നു സവാള വില.ഉള്ളിക്ക് പിന്നാലെ തക്കാളി വിലയിലും വന്‍ വര്‍ദ്ധനാവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഡല്‍ഹിയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ വിലയില്‍ 70 ശതമാനത്തോളം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. തക്കാളി വിലയില്‍ ഇനിയും വര്‍ദ്ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കനത്ത മഴ മൂലം തക്കാളിച്ചെടികള്‍ നശിച്ചതാണ് വില കൂടാന്‍ കാരണമായതെന്നാണ് കര്‍ഷകര്‍ പറയുന്നത്.

SHARE