വന്‍കിട പദ്ധതികള്‍ നിര്‍ത്തിവയ്ക്കുന്നതിനുപകരം ജീവനക്കാരുടെ ക്ഷാമ ബത്ത പിടിക്കുന്നത് ബുദ്ധി ശൂന്യവും മനുഷ്യത്വ രഹിതവുമായ നീക്കമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിനിടെ വിവിധയിടങ്ങളില്‍ മനുഷ്യവകാശങ്ങള്‍ ഹനിക്കപ്പെടുന്നതായ യു.എന്‍ മുന്നറിയിപ്പിനിടെ ജീവനക്കാരുടെ ക്ഷാമ ബത്തയില്‍ കൈവെച്ച കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനിടെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര ജീവനക്കാരുടെ ക്ഷാമ ബത്തിയിലെ വര്‍ധനവ് മരവിപ്പിച്ച നടപടി ബുദ്ധി ശൂന്യവും മനുഷ്യത്വ രഹിതവുമായ നീക്കമാണിതെന്ന് രാഹുല്‍ തുറന്നടിച്ചു. മധ്യവര്‍ഗ വിഭാഗത്തില്‍പ്പെട്ട ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വരുമാനം കുറയ്ക്കുന്നത് ഏറെ വേദനാജനകമാണ്. പകരം മോദി സര്‍ക്കാര്‍ കോടികളുടെ മുടക്കുമുതലുള്ള വന്‍കിട പദ്ധതികളായ ബുള്ളറ്റ് ട്രെയിന്‍, പാര്‍ലമെന്റിന്റെ പുതിയ മന്ദിരമായ സെന്‍ട്രല്‍ വിസ്ത നിര്‍മാണം എന്നിവ ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു.

കൊറോണയുമായി പോരാടുന്നതിലൂടെ പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുന്ന കേന്ദ്ര ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, ജവാന്‍മാര്‍ എന്നിവരുടെ ഡിഎ വെട്ടിക്കുറയ്ക്കുന്നത് സര്‍ക്കാരിന്റെ വിവേകശൂന്യവും മനുഷ്യത്വരഹിതവുമായ തീരുമാനമാണ്, രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ 30 ശതമാനം ചെലവുകള്‍  വെട്ടിക്കുറച്ചും ബുള്ളറ്റ് ട്രെയിന്‍ പോലെയുള്ള വന്‍ പദ്ധതികള്‍ നിര്‍ത്തിവച്ചുമാണ് കൊറോണയ്‌ക്കെതിരായ പോരാട്ടത്തിന് പണം കണ്ടെത്തേണ്ടതെന്ന് കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങള്‍ സാമ്പത്തിക സഹായം നല്‍കുന്നതിന് പകരം അവരെ കൂടുതല്‍ ദ്രോഹിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇടത്തരക്കാരുടെ വരുമാനം ഇനിയും കുറയാന്‍ ഇട വരുത്തുന്നതാണ് കേന്ദ്ര നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 1.1 കോടിയോളം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡി.എ വര്‍ധന കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ചയാണ് മരവിപ്പിച്ചത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികള്‍ക്കായി 1.2 ലക്ഷം കോടിരൂപ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നീക്കം.

എഫ്സിഐ ഗോഡൗണുകളിലെ ധാന്യം ഉപയോഗിച്ച് എഥനോള്‍ ഉത്പാദിപ്പിക്കാനും അതുപയോഗിച്ച് ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മിക്കാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പാവങ്ങളുടെ അന്നം ഉപയോഗിച്ച് സമ്പന്നരുടെ കൈകള്‍ ശുചീകരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലേക്ക് വരുന്ന സുനാമിയാണ് കൊറേണയെന്ന് ഫെബ്രുവരിയില്‍ തന്നെ രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കിയിരുന്നു. സാമ്പത്തിക മേഖലയില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് മുന്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിങും ആവശ്യപ്പെട്ടിരുന്നു. നിലവിലെ തകര്‍ന്ന രാജ്യത്തിന്റെ ജിഡിപി നില കൊറോണ നിലത്തിരുത്തുമെന്നും സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായ അദ്ദേഹം മുന്നറിയിപ്പു നല്‍കിയിരുന്നു.